ETV Bharat / state

'പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ട്, 33 കെവി സബ് സ്റ്റേഷനിലെ കറണ്ട് കൊണ്ടൊന്നും അത് ഭേദമാകില്ല': എകെ ബാലന്‍

author img

By

Published : Jun 2, 2023, 12:14 PM IST

മുന്‍ മന്ത്രി എ കെ ബാലന്‍  എ കെ ബാലന്‍  ലോക കേരള സഭ  Loka Kerala Sabha issue  Loka Kerala Sabha issue  Loka Kerala Sabha 2023  Minister AK Balan criticizing Opposition  Minister AK Balan  കെപിസിസി  റെഗുലേറ്ററി കമ്മിഷന്‍
എ കെ ബാലന്‍

പ്രവാസികളെ അപമാനിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുന്‍ മന്ത്രി എ കെ ബാലന്‍

എ കെ ബാലന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ലോക കേരള സഭ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്‍. പ്രതിപക്ഷത്തിന് യഥാര്‍ഥത്തില്‍ എന്തോ അസുഖമുണ്ടെന്നും 33 കെവി സബ് സ്റ്റേഷനിലെ കറണ്ട് കൊണ്ട് പ്രതിപക്ഷത്തിന്‍റെ അസുഖം ഭേദപ്പെടുത്താനാവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഒന്നാം മേഖല സമ്മേളനം ദുബായിയില്‍ നടന്നിരുന്നു അതും സ്‌പോണ്‍സര്‍ഷിപ്പില്‍ ആയിരുന്നു. രണ്ടാമത് ലണ്ടനില്‍ നടന്നപ്പോഴും സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു.

ഇപ്പോള്‍ ഇത് വിവാദമാകാന്‍ കാരണം ഒരു കെപിസിസി സെക്രട്ടറി ഇപ്പോള്‍ ജയിലിലാണ്. അമ്പത് കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ഇന്നേവരെ ഇയാളുടെ പേരില്‍ നടപടിയെടുത്തിട്ടില്ല. അത് കേരളീയ സമൂഹത്തിന് മുന്‍പില്‍ സജീവമായ ചര്‍ച്ചയാകുമെന്ന് വന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോള്‍ എല്‍ഡിഎഫിനെ കേന്ദ്രീകരിച്ച് ലോക കേരള സഭയുടെ സമ്മേളനത്തില്‍ കൊണ്ടെത്തിച്ചത് എന്നും എ കെ ബാലന്‍ പറഞ്ഞു.

2014 ല്‍ 66,000 കോടി രൂപയുടെ വൈദ്യുതി നാല് കമ്പനികളില്‍ നിന്നും വാങ്ങിയതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ ഇപ്പോള്‍ അത് റദ്ദ് ചെയ്‌തിരിക്കുകയാണ്. കേരളത്തിന് 5000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായാണ് റെഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ പറഞ്ഞത്. ഇത് വന്നതോടെയാണ് ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
സ്‌പോണ്‍സര്‍ എന്നാല്‍ എന്താണെന്ന് മനസിലാക്കണം. അവരുടെ യാത്ര, താമസം, ഭക്ഷണം അവരുടെ കമ്പനിയുടെ പരസ്യം. ഡിജിറ്റല്‍ വാളുകളില്‍ പശ്ചാത്തല സംഗീതത്തോട് കൂടിയാണ് പരസ്യം. കേരളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം രണ്ട് പേജ് പരസ്യം നല്‍കാന്‍ ഒരു കോടിയില്‍ കൂടുതലാകും. ഇതെല്ലാം കൂടി 82 ലക്ഷമാണ് ഒരു ഭാഗത്ത് നിന്ന് വാങ്ങുന്നത്. ഇതില്‍ എന്താണ് തെറ്റ്. എന്താണ് അപാകത. പണ്ട് ഇവര്‍ ആരും വാങ്ങിയിട്ടില്ലേ എന്നും എ കെ ബാലന്‍ ചോദിച്ചു.

കേരളവുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടി വിദേശത്ത് നടക്കുമ്പോള്‍ കേരള സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നും ഇന്നത്തെ സാഹചര്യത്തില്‍ പണമെടുക്കാനാവില്ല. അപ്പോള്‍ സ്വഭാവികമായും രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോള്‍ എന്തിനാണ് അസൂയ. ഇത് വിവിധ രാജ്യങ്ങളുടെ മലയാളികളുടെ കുടുംബ സംഗമമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ഇതിന്‍റെ ആരംഭം മുതല്‍ ലോകത്തെ മുഴുവന്‍ മലയാളികളും വലിയ രീതിയില്‍ സ്വീകരിച്ചതാണ്. പ്രതിപക്ഷം ഇതിന്‍റെ എല്ലാ സമ്മേളനങ്ങളും ബഹിഷ്‌കരിക്കുകയാണ്.

പ്രവാസികളെ അപമാനിക്കുകയാണ് ഇവര്‍. ഇവിടെ വരുന്ന പ്രവാസികള്‍ക്ക് നമ്മള്‍ എന്തിന് ഭക്ഷണം കൊടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേട്ട് മടുത്ത് യൂസഫലി പറഞ്ഞത് ആ ചെലവ് ഞങ്ങള്‍ വഹിച്ചോളാമെന്നാണ്. അങ്ങനെ വരെ പ്രവാസികള്‍ പറയാന്‍ നിര്‍ബന്ധിതരായി. ഇങ്ങനെ പ്രവാസികളെ അപമാനിക്കേണ്ട സാഹചര്യമില്ല.

ഒരു പുതിയ മാതൃകയാണ് കേരളം ഈ വിഷയത്തില്‍ ഇപ്പോള്‍ മുന്‍പോട്ട് വയ്ക്കുന്നത്. വലിയ രീതിയില്‍ പ്രവാസികള്‍ക്ക് ഇതൊരു ആശ്വാസമാണ്. പ്രവാസി പോര്‍ട്ടല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇതിന്‍റെ ഭാഗമായി നടപ്പിലാക്കി.

പ്രവാസികളുടെ വീടും കുടുംബവും അനാഥമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്‍റ് ഇത് അനുവദിക്കില്ല. ഇങ്ങനൊരു അവസ്ഥ മുന്‍പെങ്ങും ഉണ്ടായിട്ടില്ല. എന്നിട്ടിപ്പോള്‍ 82 ലക്ഷം കൊടുത്താല്‍ മുഖ്യമന്ത്രിയുടെ അടുത്ത് ഇരിക്കാമെന്ന് പറഞ്ഞു നടക്കുന്നു. ഇത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ ഇമേജ് മറ്റൊരു തരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതിന്‍റെ ഗ്രാഫ് വളരെ ഉയരത്തിലാണ്. അത് പ്രതിപക്ഷം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയില്ല എന്നും എ കെ ബാലന്‍ വ്യക്തമാക്കി.

കെ ഫോണ്‍ പോലും ഇവര്‍ ബഹിഷ്‌കരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പൊതുമേഖല സ്ഥാപനമാണ് ഇതെടുത്തിരിക്കുന്നത്. കെല്‍ട്രോണ്‍ ഒരു പൊതുമേഖല സ്ഥാപനമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒരു ടെന്‍ഡറും വയ്ക്കാതെയാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ നല്‍കി വന്നിരുന്നത്. ഞങ്ങള്‍ അന്ന് ആക്ഷേപം പറയാത്തത് അത് ആവശ്യമായത് കൊണ്ടാണ്. ഇപ്പോള്‍ എ ഐ വിവാദം പോയി. ഇങ്ങനെ ഓരോന്ന് കണ്ടുപിടിക്കും അതുമായി സഹകരിക്കാതിരിക്കും. പ്രവാസികള്‍ ഇവരെ പുച്ഛിച്ച് തള്ളുമെന്നതില്‍ സംശയമില്ല എന്നും എ കെ ബാലന്‍ പറഞ്ഞു.

കേരളത്തില്‍ പോലും പല പരിപാടികള്‍ക്കും സ്‌പോണ്‍സര്‍മാരെ ഉള്‍പ്പെടുത്തി പരിപാടി നടത്തിയിട്ടുണ്ട്. ദുരുപയോഗം നടക്കുമോ എന്നതാണ് ഇതില്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇവിടത്തെ കാശ് എടുക്കാനുമാകില്ല. അവിടുത്തെ സാമ്പത്തിക ശ്രോതസുകള്‍ ഉപയോഗിക്കാനും പാടില്ല. ഇതിനെയാണ് പുല്ലുകൂട്ടില്‍ കിടക്കുന്ന പട്ടിയെന്ന് പറയുന്നത്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. ഈ രൂപത്തിലുള്ള പ്രചരണങ്ങള്‍ കേരളത്തിന് അപമാനമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.