ETV Bharat / state

Manipur Violence | മണിപ്പൂരിനോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന ; ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽഡിഎഫിന്‍റെ ജനകീയ കൂട്ടായ്‌മ

author img

By

Published : Jul 27, 2023, 12:26 PM IST

140 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് കൂട്ടായ്‌മ നടക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയാണ് പരിപാടി. കൂട്ടായ്‌മയുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രൊഫൈൽ പിച്ചർ ക്യാമ്പയിനും എൽഡിഎഫ് സംഘടിപ്പിച്ചിരുന്നു

LDF Support Manipur people suffering violence  LDF  Manipur people suffering violence  Manipur Violence  കലാപ കലുഷിത മണിപ്പൂര്‍  മണിപ്പൂര്‍  എൽഡിഎഫിന്‍റെ ജനകീയ കൂട്ടായ്‌മ  എൽഡിഎഫ്  ഒക്രം ഇബോബി സിങ്  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  ഇ പി ജയരാജൻ
LDF Support Manipur people suffering violence

തിരുവനന്തപുരം : കലാപം നടക്കുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫിന്‍റെ ജനകീയ കൂട്ടായ്‌മ. 140 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഐക്യദാർഢ്യ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വിവിധ മണ്ഡലങ്ങളിൽ നേതാക്കള്‍ ഉദ്ഘാടനം ചെയ്‌തു.

ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് പരിപാടി ഉണ്ടാവുക. മണിപ്പൂരിലെ വംശീയ കലാപം നിരവധി പേരുടെ ജീവനെടുത്തിട്ടും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കാണിക്കുന്ന മൗനത്തിനെതിരെ ഒറ്റ മനസായി പ്രതിഷേധിക്കുക, മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ കൂട്ടായ്‌മയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അഭ്യർഥിച്ചിട്ടുണ്ട്.

ഐക്യദാർഢ്യ കൂട്ടായ്‌മയോട് അനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രൊഫൈൽ പിച്ചർ ക്യാമ്പയിനും എൽഡിഎഫ് സംഘടിപ്പിച്ചിരുന്നു. മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതിനായി മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ ഗവർണർ അനസൂയ യുകെയ്‌ക്ക് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. സർക്കാരിനോട് ആവശ്യപ്പെടുമെന്നും സഭയിൽ വിശദമായി ചർച്ച ചെയ്‌ത് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും ഗവര്‍ണര്‍ കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ഇതോടൊപ്പം വംശീയ കലാപത്തിനെതിരെ വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം വിമർശനം ഉയർന്നതിന് പിന്നാലെ മണിപ്പൂരിൽ സമാധാന ശ്രമത്തിന് കേന്ദ്രസർക്കാർ കുക്കി, മെയ്‌തി വിഭാഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ഇന്‍റലിജൻസ് ബ്യൂറോ മുൻ അഡിഷണൽ ഡയറക്‌ടർ ആണ് ഇവരുമായി ചർച്ച നടത്തിയത്.

അതേസമയം മണിപ്പൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിന്മേൽ 10 ദിവസത്തിനുള്ളിൽ സ്‌പീക്കർ തീരുമാനം എടുക്കണം. കോൺഗ്രസ് ലോക്‌സഭ കക്ഷി ഉപ നേതാവ് ഗൗരവ് ഗെഗോയ്‌യും ഭാരത് രാഷ്‌ട്ര സമിതി അംഗം മായേശ്വർ റാവുമാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്.

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ സ്‌തംഭനാവസ്ഥ നിലനിന്ന സാഹചര്യത്തില്‍ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മണിപ്പൂർ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി സിപിഐ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) രാജ്യസഭ എംപി ബിനോയ് വിശ്വം രംഗത്തു വന്നിരുന്നു. കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ ഗൗതം അദാനിയെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്നും ഈ സമ്മേളനത്തിൽ മണിപ്പൂരിലെ എൻ ബിരേൻ സിങ് സർക്കാരിനെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ ഭരണം കയ്യാളുന്ന സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ബിരേൻ സിങ്ങിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എംപി ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ, റൂൾ 267 പ്രകാരം മണിപ്പൂരിൽ നടക്കുന്ന അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ കേന്ദ്രസർക്കാർ ഇതിന് തയ്യാറല്ലയെന്നും ബിനോയ് വിശ്വം എംപി വ്യക്തമാക്കി.

Also Read: Manipur| ബിരേനെ സംരക്ഷിക്കുന്നത് മോദി; മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.