ETV Bharat / state

Puthupally | ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍; പാര്‍ട്ടി വേദികളില്‍ ഇല്ലെന്ന ചോദ്യത്തിനും മറുപടി

author img

By

Published : Jul 22, 2023, 9:26 PM IST

പാര്‍ട്ടി പരിപാടികളിലൊന്നും കാണാനില്ലെന്ന പരാതിയോട് സൂക്ഷിച്ചു നോക്കാത്തത് കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി

Puthupally By Poll  LDF Convener  LDF  EP Jayarajan  ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന്  പാര്‍ട്ടി വേദികളില്‍ ഇല്ലെന്ന ചോദ്യത്തിനും മറുപടി  പാര്‍ട്ടി  എല്‍ഡിഎഫ്  ഇപി ജയരാജന്‍  ജയരാജന്‍  ഇടതുമുന്നണി  മണിപ്പൂര്‍
ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍; പാര്‍ട്ടി വേദികളില്‍ ഇല്ലെന്ന ചോദ്യത്തിനും മറുപടി

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. പുതുപ്പള്ളിയില്‍ മാത്രമല്ല ഏത് തെരഞ്ഞെടുപ്പിനും മുന്നണി സജ്ജമാണ്. എന്നാല്‍ നിലവില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിയതി പ്രഖ്യാപിച്ചാല്‍ മുന്നണിയും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

മണിപ്പൂര്‍ കലാപത്തില്‍ ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിക്കും. നിയമസഭ അടിസ്ഥാനത്തില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. മണിപ്പൂര്‍ കലാപം മനസാക്ഷിയെ ഞ്ഞെട്ടിക്കുന്നതാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സ്‌ത്രീകള്‍ക്ക് മാനവും മര്യാദയുമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അവിടെ നടക്കുന്ന സംഭവങ്ങളില്‍ രാജ്യം തന്നെ അപമാനഭാരത്തില്‍ തലകുനിക്കുകയാണ്. ലോകം മുഴുവന്‍ ഇത് കാണുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാറും അനങ്ങുന്നില്ല. ഇതുവരെ രാജ്യം കാണാത്ത ഭീകര കാഴ്‌ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്നിലുള്ള പരിപാടികള്‍: 27ാം തിയതി രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെയാണ് ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കൂട്ടായ്‌മയില്‍ ഓരോ സ്ഥലത്തും കുറഞ്ഞത് 1,000 പേരെ പങ്കെടുപ്പിക്കും. ഇതിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി നാളെ 14 ജില്ലകളിലും എല്‍ഡിഎഫ് യോഗം ചേരുമെന്നും ജയരാജന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കേരളീയം എന്ന പേരില്‍ മുന്നണി ക്യാമ്പയിന്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നുമുതല്‍ ഒരാഴ്‌ചയിലാണ് കേരളീയം ക്യാമ്പയിന്‍ സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ പ്രമുഖരെ പകെടുപ്പിച്ചാകും സെമിനാറുകള്‍ അടക്കമുള്ള പ്രചാരണ പരിപാടി സംഘടിപ്പിക്കുകയെന്നും തിരുവനന്തപുരത്ത് വിപുലമായ പരിപാടിയോടെയാകും കേരളീയം സമാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക സിവില്‍ കോഡില്‍ പ്രതികരണം: ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇടതുമുന്നണി പ്രമേയം പാസാക്കി. മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്രം ആയുധമാക്കുന്നു എന്നാണ് വിമര്‍ശനം. അനാവശ്യമായി പ്രശ്‌നമുണ്ടാക്കി മതനിരപക്ഷത തകര്‍ക്കുന്നുവെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി രാജ്യത്തെ ഭിന്നിപ്പിക്കരുതെന്നും പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ജെഡിഎസ് ബിജെപിയുമായുളള സഖ്യം സംബന്ധിച്ച് ഇന്നത്തെ മുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. നേരത്തേയും ബിജെപിയുമായി അടുക്കുകയും അകലുകയും ചെയ്‌തിട്ടുളള പാര്‍ട്ടിയാണ് ജെഡിഎസ്. അവര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയ ശേഷം കേരളത്തിലെ കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂക്ഷിച്ചുനോക്കിയാല്‍ കാണാം: പാര്‍ട്ടി പരിപാടികളിലൊന്നും കാണാനില്ലെന്ന പരാതി സൂക്ഷിച്ചു നോക്കാത്തതുകൊണ്ടാണെന്ന് ഇ.പി ജയരാജന്‍. കേരളം മുഴുന്‍ നിറഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. അത് കാണാതെയാണ് വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാകാലത്തും വേട്ടയാടിയിട്ടുണ്ട്. തനിക്ക് ശോഭ സിറ്റിയില്‍ വീടുണ്ടെന്ന് വരെ ഒരു പത്രം വാര്‍ത്ത നല്‍കി. എന്നാല്‍ അതിലൊന്നും ഒരു വിരോധവും ആരോടുമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതിനുള്ള ചികിത്സയും നടക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കാതെയാണ് തിരുവനന്തപുരത്ത് എത്തിയത്. ചികിത്സ പൂര്‍ത്തിയാക്കിയാല്‍ മാധ്യമ വിമര്‍ശനം ഇനിയും വര്‍ധിക്കും. അതിനാലാണ് ചികിത്സ ഒഴിവാക്കിയതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇന്‍ഡിഗോ വിഷയത്തില്‍ പ്രതികരണം: ഇന്‍ഡിഗോ വിമാന കമ്പനി തെറ്റ് ഏറ്റുപറഞ്ഞാല്‍ അവരുമായുള്ള പ്രശ്‌നം അവസാനിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. വിമാന കമ്പനി ചെയ്‌തത് ഗുരുതരമായ തെറ്റാണ്. ഒരു മാനേജ്‌മെന്‍റും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വിമാനത്തിനുള്ളില്‍ ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ആദ്യമാണ്. അത് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കമ്പനി അത് പരിഗണിച്ചില്ല. അക്രമിക്കാന്‍ വന്നവര്‍ക്ക് രണ്ടാഴ്‌ച യാത്രാവിലക്കും പ്രതിരോധിച്ച തനിക്ക് മൂന്ന് ആഴ്‌ചത്തെ യാത്രാവിലക്കും ഏര്‍പ്പെടുത്തി. താനാണ് തെറ്റുകാരന്‍ എന്നാണ് കമ്പനി സ്ഥാപിച്ചതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ തെറ്റ് അവര്‍ ഏറ്റ് പറയണം. മാപ്പ് പറയണം എന്ന് ആവശ്യപ്പെടുന്നില്ല. പല ഉന്നത ഉദ്യോഗസ്ഥരും വിളിച്ചപ്പോഴും ഇതാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന നിലപാട് എടുത്തതെന്നും യാത്രാബുദ്ധിമുട്ട് അല്ല നോക്കുന്നത്, ആദര്‍ശത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.