ETV Bharat / state

Muthalappozhi | മുതലപ്പൊഴിയിലെ 'ഷോ' തിരിച്ചടിച്ചു ; ശിവന്‍കുട്ടിയും ആന്‍റണി രാജുവും വെട്ടില്‍, കടുത്ത പ്രതിഷേധത്തില്‍ ലത്തീന്‍ സഭ

author img

By

Published : Jul 11, 2023, 10:08 PM IST

മന്ത്രി വി.ശിവന്‍കുട്ടിയുടെ വാ വിട്ട വാക്കും ഫാ.യൂജിന്‍ പെരേരയ്‌ക്കെതിരെയുള്ള കേസും സിപിഎമ്മിന് തിരിച്ചടിയാകുന്നു. എം.വിന്‍സെന്‍റ് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര നോട്ടിസില്‍ സര്‍ക്കാര്‍ ഇടപെടുമോ ?

Latin Church  Muthalapozhi conflict  മുതലപ്പൊഴി  ശിവന്‍കുട്ടിയും ആന്‍റണി രാജുവും വെട്ടില്‍  കടുത്ത പ്രതിഷേധത്തില്‍ ലത്തീന്‍ സഭ  ലത്തീന്‍ സഭ  മന്ത്രിമാരുടെ ഷോയില്‍ അമര്‍ഷം  മുതലപ്പൊഴി തീരദേശവാസി  kerala news updates  latest news in kerala
മുതലപ്പൊഴിയിലെ 'ഷോ'

തിരുവനന്തപുരം : കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ നഷ്‌ടമായതിന്‍റെ ദുഃഖത്തിലായ മുതലപ്പൊഴി തീരദേശവാസികളെ ആശ്വസിപ്പിക്കാനെത്തിയ മൂന്ന് മന്ത്രിമാര്‍ പ്രകോപിതരായതില്‍ തെക്കന്‍ കേരളത്തിലെ തീരദേശമാകെ അമര്‍ഷം പുകയുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ വാ വിട്ട വാക്കും അമിതാവേശത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരയ്‌ക്കെതിരായ കേസുമാണ് മന്ത്രിമാര്‍ക്കും സിപിഎമ്മിനും തിരിച്ചടിയായത്. മത്സ്യത്തൊഴിലാളികളായ നാട്ടുകാര്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചതില്‍ പ്രകോപിതനായ മന്ത്രി വി.ശിവന്‍കുട്ടി ഷോ കാണിക്കരുതെന്ന് തന്നോടാവശ്യപ്പെട്ടെന്ന ആരോപണത്തില്‍ യൂജിന്‍ പെരേര ഇന്നും ഉറച്ച് നിന്നു. ഇതോടെ കഴിഞ്ഞ ദിവസം മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ തീര്‍ത്തും വെട്ടിലായി.

കഴിഞ്ഞ ദിവസം യൂജിന്‍ പെരേരയ്ക്കും ലത്തീന്‍ സഭയ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശമുയര്‍ത്തിയ ശിവന്‍കുട്ടിയും ആന്‍റണി രാജുവും ഇന്ന് തീര്‍ത്തും പ്രതിരോധത്തിലായി. മന്ത്രി ശിവന്‍കുട്ടി ഇന്ന് പ്രതികരണത്തിന് പോലും തയ്യാറാകാതെ ഒഴിഞ്ഞുമാറിയപ്പോള്‍ ആന്‍റണി രാജു ലത്തീന്‍ സഭ നേതൃത്വത്തെ വിട്ട് കുറ്റം കോണ്‍ഗ്രസിന് മേല്‍ ചാര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപിതരാകുന്ന തരത്തിലേക്ക് ജനങ്ങളെ ഇളക്കി വിട്ടത് യൂജിന്‍ പെരേരയായിരുന്നുവെന്നാണ് ശിവന്‍കുട്ടിയുടെയും ആന്‍റണി രാജുവിന്‍റെയും ആരോപണം. പിന്നാലെ കലാപാഹ്വാനത്തിന് അദ്ദേഹത്തിനെതിരെ കേസും വന്നു. വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ അവസാനമുണ്ടായ സംഘര്‍ഷത്തില്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ പൊലീസ് 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

മൂന്നുമാസത്തോളം നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖ സമരത്തോടെ വഷളായിരുന്ന ലത്തീന്‍-സര്‍ക്കാര്‍ ബന്ധത്തിന്‍റെ വിള്ളല്‍ അല്‍പ്പാല്‍പ്പമായി മാറി വരുന്നു എന്ന തോന്നലിനിടെയുണ്ടായ ഈ സംഭവങ്ങള്‍ മത്സ്യ ബന്ധന മേഖലകളില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും തിരിച്ചടിയാകുമെന്ന് കണ്ടതോടെ സിപിഎം നേതൃത്വം ഇടപെട്ട് മന്ത്രിമാരെ പിന്തിരിപ്പിച്ചുവെന്നാണ് സൂചന. അതേസമയം വിഷയത്തിന്‍റെ രാഷ്ട്രീയം മനസിലാക്കിയ പ്രതിപക്ഷം സടകുടഞ്ഞെണീറ്റു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കേസെടുത്തത് തീരദേശവാസികളോടും ലത്തീന്‍ സഭയോടുള്ള വെല്ലുവിളിയാണെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതോടെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ തന്ത്രം സിപിഎം തിരിച്ചറിഞ്ഞു. പിന്നാലെ രൂക്ഷമായ ഭാഷയില്‍ ആന്‍റണി രാജുവിനും ശിവന്‍കുട്ടിക്കുമെതിരെ യൂജിന്‍ പെരേര രംഗത്തുവന്നതോടെ മന്ത്രിമാര്‍ പ്രതിരോധത്തിലായി. ലത്തീന്‍ മേഖലകളിലാകെ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തതിന്‍റെ പ്രതിഷേധം പടര്‍ന്നു.

പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരാണെന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തി. ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട സമയത്ത് അവരെ വെല്ലുവിളിക്കുകയാണ് സര്‍ക്കാരിന്‍റെ ഭാഗമായി സംഭവ സ്ഥലത്തെത്തിയവര്‍ നടത്തിയതെന്ന വിമര്‍ശനവുമുണ്ടായി. തുടര്‍ച്ചയായി ലത്തീന്‍ രൂപത നേതൃത്വത്തിനെതിരെ തിരിയുകയാണ് സര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്‌ടിക്കാന്‍ പ്രതിപക്ഷത്തിനുമായി.

സംഭവത്തിന്‍റെ രാഷ്ട്രീയം ഇങ്ങനെയാണെങ്കിലും മുതലപ്പൊഴി മരണപ്പൊഴിയാകുന്നു എന്ന മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ പരാതിക്ക് അടിവരയിടുന്നതായി 4 മത്സ്യത്തൊഴിലാളികള്‍ക്ക് ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്‌ടപ്പെട്ട സംഭവം മാറിയിരിക്കുകയാണ്. ഇതിനകം 60ല്‍ അധികം ആളുകള്‍ക്ക് മുതലപ്പൊഴി ഹാര്‍ബറില്‍ ജീവന്‍ നഷ്‌ടമായി എന്നത് അതീവ ഗൗരവമുള്ള പ്രശ്‌നമായി മാറാന്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഇടയായി എന്നതാണ് യാഥാര്‍ഥ്യം.

also read: Muthalapozhi Protest | 'സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം'; പ്രതിഷേധം വനിത ജില്ല നേതാവിന്‍റെ നേതൃത്വത്തിലെന്നും മന്ത്രി ആന്‍റണി രാജു

ഇതുസംബന്ധിച്ച് എം.വിന്‍സെന്‍റ് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര നോട്ടിസിനുള്ള മറുപടിയില്‍ സംഭവത്തില്‍ ഉടന്‍ ഇടപെടുമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന ആരോപണവും ശക്‌തമായി. ശാസ്ത്രീയമായ പഠനത്തിലൂടെ, തുറമുഖം മത്സ്യത്തൊഴിലാളികളുടെ മരണമുഖമാകുന്നതില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.