ETV Bharat / state

ജനങ്ങളെ അടുപ്പിക്കാന്‍; സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് കെഎസ്‌ആര്‍ടിസി

author img

By

Published : Apr 19, 2023, 3:05 PM IST

അടുത്തിടെ എൻഡ് ടു എൻഡ് സർവീസുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റം വഴി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനവും കെഎസ്‌ആര്‍ടിസി ആരംഭിച്ചിരുന്നു

KSRTC Swift bus ticket booking  KSRTC Swift bus  KSRTC  mobile application  KSRTC launched mobile application  ജനങ്ങളെ അടുപ്പിക്കാന്‍  സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ അപ്പ്  സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിന്  മൊബൈൽ അപ്പ്  കെഎസ്‌ആര്‍ടിസി  എൻഡ് ടു എൻഡ് സർവീസുകളിൽ  ഡിജിറ്റൽ പേയ്‌മെന്‍റ്  മാനേജ്മെന്‍റ്
സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ അപ്പ് അവതരിപ്പിച്ച് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസുകളിൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനായി പുതിയ മൊബൈൽ അപ്ലിക്കേഷൻ അവതരിപ്പിച്ച് മാനേജ്മെന്‍റ്. ENTE KSRTC NEO OPRS എന്ന ആപ്ലിക്കേഷനാണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന് പുറമെ www.onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റും കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിലെത്തും ടിക്കറ്റ്: പുതിയ ആപ്ലിക്കേഷനും വെബ്സൈറ്റും ഉപയോഗിച്ച് മെയ് ഒന്ന് മുതൽ സ്വിഫ്റ്റ്‌ ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ടിക്കറ്റ് ബുക്കിങ് സംവിധാനം പുതിയ തലത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. കെഎസ്ആർടിസി കൗണ്ടറുകളിൽ ബുക്ക് ചെയ്യുന്നതിനുള്ള ലോഗിൻ ഐഡിയും പാസ്‌വേർഡും ബന്ധപ്പെട്ട ഡിപ്പോയുടെ മെയിലിൽ നൽകുമെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ശമ്പളത്തിന് 'മുടക്കം' തന്നെ: അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന്‍റെ രണ്ടാം ഗഡു എപ്പോൾ നൽകുമെന്ന കാര്യത്തിൽ വ്യക്തതയായില്ല. മാർച്ച്‌ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഏപ്രിൽ അഞ്ചിന് തന്നെ നൽകിയിരുന്നു. എന്നാൽ മാർച്ച്‌ മാസത്തെ സർക്കാർ സഹായമായ 50 കോടി രൂപ ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഗഡു അനിശ്ചിതമായി വൈകുന്നത്. ധനസഹായം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് കത്തയച്ചെങ്കിലും പണം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാം ഗഡു വിതരണം വൈകുന്നത്.

ആളുകളെ അടുപ്പിക്കാന്‍: കെഎസ്ആർടിസിയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനായി പുത്തൻ പരിഷ്‌കാരങ്ങൾ നടത്തുകയാണ് മാനേജ്മെന്‍റ്. ഇതിന്‍റെ ഭാഗമായി ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ് കെഎസ്ആർടിസി പ്രഖ്യാപിച്ചു. 140 കിലോമീറ്ററിന് മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്കാണ് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെഎസ്ആർടിസി പുതുതായി സർവീസ് നടത്തുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം നിയമം ലംഘിച്ച് സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതുമൂലം കനത്ത നഷ്‌ടമാണ് കെഎസ്ആർടിസിക്കുണ്ടായത്. മാത്രമല്ല കെഎസ്ആർടിസി ബസുകൾക്ക് മുൻപേ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അംഗീകൃത ടിക്കറ്റ് നിരക്കുകൾ പാലിക്കാതെ അനധികൃതമായാണ് നിരക്കുകൾ ഈടാക്കുന്നതെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ ആകർഷിക്കുന്നതിനും നഷ്‌ടം നികത്തുന്നതിനുമായി നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്നും മാനേജ്മെൻ്റ് അറിയിച്ചു. യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലാണ് പുതിയ നിരക്ക് ഇളവെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ പേയ്‌മെന്‍റും: അടുത്തിടെ ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റം വഴി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനം കെഎസ്‌ആര്‍ടിസി എൻഡ് ടു എൻഡ് സർവീസുകളിൽ ആരംഭിച്ചിരുന്നു. മാർച്ച് മാസം പകുതിയോടെയാണ് സെൻട്രൽ യൂണിറ്റിൽ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം - നെടുമ്പാശ്ശേരി, തിരുവനന്തപുരം - ഹൈക്കോടതി എന്നീ എൻഡ് ടു എൻഡ് ലോ ഫ്ലോർ എസി ബസുകളിലാണ് ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റം വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ആരംഭിച്ചത്. ഇതോടെ ബസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത്‌ പണം നൽകി ടിക്കറ്റെടുക്കാനാവും. ഡിജിറ്റൽ പേയ്‌മെൻ്റ് സിസ്റ്റം വഴി പണം നൽകാനുള്ള സംവിധാനത്തിൻ്റെ ട്രയൽ റൺ വിജയകരമായതിന് പിന്നാലെയാണ് കൂടുതൽ ബസുകളിലേക്ക് ഈ സംവിധാനമെത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.