ETV Bharat / state

ETV Bharat Exclusive : തട്ടിക്കൂട്ട് സീറ്റ് ബെല്‍റ്റ് വാങ്ങി കണ്ണില്‍ പൊടിയിടാന്‍ കെഎസ്‌ആര്‍ടിസി ; ഗുണനിലവാരമില്ലെന്ന് ഡ്രൈവര്‍മാര്‍

author img

By ETV Bharat Kerala Team

Published : Nov 9, 2023, 9:57 PM IST

KSRTC Low Quality Seat Belt : കെഎസ്‌ആര്‍ടിസി 28,13,000 രൂപ മുതൽ മുടക്കിൽ വാങ്ങിയ 4850 സീറ്റ് ബെല്‍റ്റുകൾ ഗുണനിലവാരമില്ലാത്തതെന്ന് ജീവനക്കാർ

Ksrtc seat belt exclusive  Ksrtc seat belt  Ksrtc  Ksrtc low quality Seat belt  etv bharat exclusive  കെഎസ്‌ആര്‍ടിസി  ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്  തട്ടിക്കൂട്ട് സീറ്റ് ബെല്‍റ്റ്  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി സീറ്റ് ബെല്‍റ്റ്  കെഎസ്‌ആര്‍ടിസി സീറ്റ് ബെല്‍റ്റ് ഗുണനിലവാരം  സീറ്റ് ബെല്‍റ്റ്
KSRTC Low Quality Seat Belt Exclusive

തിരുവനന്തപുരം : നവംബര്‍ ഒന്ന് മുതല്‍ ബസുകള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ കെഎസ്‌ആര്‍ടിസി വാങ്ങിയത് തട്ടിക്കൂട്ട് സീറ്റ് ബെല്‍റ്റുകളെന്ന് ആക്ഷേപം (KSRTC Low Quality Seat Belt). 4850 സീറ്റ് ബെല്‍റ്റുകളാണ് കെഎസ്‌ആര്‍ടിസിയുടെ പര്‍ച്ചേസിങ് വിങ്ങ് വാങ്ങിയത്. ഇത് പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്ഷോപ്പിലെ ചീഫ് സ്റ്റോറില്‍ എത്തിച്ചിട്ടുമുണ്ട്.

ഡ്രൈവര്‍ക്ക് ഒരു വിധത്തിലുള്ള സുരക്ഷയും നല്‍കാത്തവയാണ് ഈ സീറ്റ് ബെല്‍റ്റുകള്‍ എന്നാണ് ആക്ഷേപം. അപകടം സംഭവിച്ച് വാഹനം മറിഞ്ഞാല്‍ സീറ്റില്‍ നിന്നും ഡ്രൈവര്‍ തെറിച്ചുപോകാതിരിക്കുന്നതിന് വേണ്ടിയാണ് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ പുതുതായി ഘടിപ്പിച്ച സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചാല്‍ ഈ സുരക്ഷിതത്വം ലഭിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ ശരീരത്തോട് ചേര്‍ന്നിരിക്കേണ്ടതിന് പകരം അയഞ്ഞിരിക്കുന്നതിനാല്‍ അപകടം നടന്നാല്‍ യാതൊരു സുരക്ഷിതത്വവും ലഭിക്കില്ലെന്ന് ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ കെ സെയില്‍സ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ നിന്നുമാണ് സീറ്റ് ബെല്‍റ്റുകള്‍ വാങ്ങിയതെന്നാണ് വര്‍ക്‌സ് മാനേജരും കണ്‍ട്രോളര്‍ ഓഫ് പര്‍ച്ചേഴ്‌സുമായ എ ഡേവിഡ് വ്യക്തമാക്കുന്നത്. ഒന്നിന് 580 രൂപയാണ് വില.

അതേസമയം 4850 സീറ്റ് ബെല്‍റ്റുകള്‍ വാങ്ങിയെങ്കിലും പകുതി ബസുകളില്‍ പോലും ഇതുവരെ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനുള്ള ബസുകളിലാണ് സീറ്റ് ബെല്‍റ്റ് നിലവില്‍ ഘടിപ്പിക്കുന്നതെന്നാണ് വിവരം. ലഭ്യമാകുന്ന വിവരമനുസരിച്ച് 4850 സീറ്റ് ബെല്‍റ്റുകള്‍ക്കായി 28,13,000 രൂപയാണ് മാനേജ്‌മെന്‍റിന് ചെലവായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇത്രയും തുക ചെലവഴിച്ച് മാനേജ്‌മെന്‍റ് വാങ്ങിയതാകട്ടെ ഗുണനിലവാരമില്ലാത്ത സീറ്റ് ബെല്‍റ്റുകളെന്ന ആക്ഷേപം ജീവനക്കാര്‍ക്കിടയില്‍ ശക്തമാണ്.

പുതുതായി വാങ്ങിയ സ്വിഫ്‌റ്റ് ബസുകള്‍ ഒഴികെയുള്ള എല്ലാ കെഎസ്‌ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റുകള്‍ പ്രത്യേകമായി ഘടിപ്പിക്കേണ്ടതുണ്ട്. നേരത്തെ സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രഖ്യാപനം. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച് ഇത് നവംബര്‍ ഒന്നിലേക്ക് നീട്ടുകയായിരുന്നു.

കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍ സീറ്റിലെ യാത്രക്കാരനും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് ഉത്തരവ്. എ ഐ ക്യാമറ വഴി കണ്ടെത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായും പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.