ETV Bharat / state

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കാത്തത് ദുരൂഹം; സ്വര്‍ണക്കടത്ത് ഉള്‍പ്പടെ വിമര്‍ശനമുയര്‍ത്തി കെ.സുധാകരന്‍

author img

By

Published : May 4, 2023, 5:25 PM IST

KPCC President K Sudhakaran  KPCC President K Sudhakaran on Chief Minister  Sudhakaran on Chief Minister UAE Visit  Chief Minister UAE Visit  K Sudhakaran  Central Government  Chief Minister Pinarayi Vijayan  Pinarayi Vijayan  മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്  കേന്ദ്രം അനുമതി നല്‍കാത്തത് ദുരൂഹം  സ്വര്‍ണക്കടത്ത് ഉള്‍പ്പടെ വിമര്‍ശനമുയര്‍ത്തി  കെ സുധാകരന്‍  കെപിസിസി പ്രസിഡന്‍റ്  കെപിസിസി  അബുദാബി നാഷണല്‍ എക്‌സിബിഷന്‍  നിക്ഷേപ സംഗമം  മുഖ്യമന്ത്രി  പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനത്തിന്  കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തത്  സ്വര്‍ണകടത്ത്
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കാത്തത് ദുരൂഹം

ഈ മാസം എട്ട് മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. എന്തുകൊണ്ടാണ് ഇത്തരത്തില്‍ അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തുവരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ നിശബ്‌ദനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കില്‍ അതു കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതിന്‍റെ കാരണം പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

വഴിമുടക്കിയത് സ്വര്‍ണക്കടത്ത് അന്വേഷണമോ: സ്വര്‍ണക്കടത്ത് അടക്കമുള്ള കാര്യങ്ങളാണോ സന്ദര്‍ശനം തടഞ്ഞതിന് പിന്നിലെന്ന് സംശയമുണ്ടാകാം. 2016 ഡിസംബറിലെ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറുന്നുവയ്ക്കുകയും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ യുഎഇ തിരുവനന്തപുരം കോണ്‍സുലേറ്റിലെ സ്വപ്‌ന സുരേഷിന്‍റെ സഹായത്തോടെ എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. ഈ ബാഗ് സ്‌കാന്‍ ചെയ്‌തപ്പോള്‍ അതില്‍ നിറയെ കറന്‍സിയായിരുന്നെന്ന് കണ്ടെത്തിയിരുന്നുവെന്നും കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരുകയാണെന്നും സുധാകരൻ പറഞ്ഞു.

കറന്‍സി കടത്തിയതും സ്വര്‍ണം കൊണ്ടുവന്നതുമായ നിരവധി ആക്ഷേപങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആശീര്‍വാദത്തോടെ നടന്ന കേരളത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ മാസത്തെ കേരള സന്ദര്‍ശനവേളയില്‍ പരാമര്‍ശിക്കുകയും ചെയ്‌തിരുന്നു. ഇതാണോ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം തടയാന്‍ കാരണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും യുഎഇ സര്‍ക്കാര്‍ നിക്ഷേപം സംഗമം നടത്തി അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനിടയ്ക്ക് മുഖ്യമന്ത്രി എങ്ങനെ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നത് വ്യക്തമല്ലെന്നും സുധാകരന്‍ ചോദ്യമുന്നയിച്ചു.

സന്ദര്‍ശനത്തിലും രൂക്ഷ വിമര്‍ശനം: യുഎഇ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില നിക്ഷേപ അജന്‍ഡകളുമായാണെന്ന് സംശയമുയരുന്നുണ്ട്. എഐ കാമറ, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അവരില്‍ പലര്‍ക്കും ഗള്‍ഫുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതിയുമുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കാമെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

അനുമതി കിട്ടാത്ത നിക്ഷേപ സംഗമ യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒന്നേകാല്‍ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞുവെന്നും ഇതിന് ആര് സമാധാനം പറയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ മാസം എട്ട് മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ് നിക്ഷേപ സംഗമം നടക്കുക. ഇതില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി.രാജീവ്, പി.എ മുഹമ്മദ് റിയാസ് എന്നിവരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിച്ചതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ അയക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.