ETV Bharat / state

സര്‍ക്കാരിന് നിര്‍ദേശങ്ങളുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും

author img

By

Published : Apr 24, 2021, 11:20 AM IST

കൊവിഡ് മാനദണ്ഡം സംബന്ധിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശം വിവാദമായിരുന്നു

covid  covid surge in kerala  kgmcta releases instructions  കൊവിഡ് വ്യാപനം; സർക്കാരിന് നിർദേശങ്ങളുമായി കെജിഎംസിടിഎ  കൊവിഡ് വ്യാപനം  തിരുവനന്തപുരം
കൊവിഡ് വ്യാപനം; സർക്കാരിന് നിർദേശങ്ങളുമായി കെജിഎംസിടിഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ പരിഗണിക്കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന. രോഗ വ്യാപനം മൂലം ലോക്ക്ഡൗൺ നടപ്പാക്കുന്നത് ഉചിതമാകുമെന്നാണ് കേരളം ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാറിന് നല്‍കിയ നിര്‍ദേശങ്ങളിലുള്ളത്. സംഘടന നിയോഗിച്ച വിദഗ്‌ധ സമിതി തയാറാക്കിയ 15 നിര്‍ദേശങ്ങളാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളജുകളില്‍ അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കണമെന്ന നിര്‍ദേശവും കെജിഎംസിടിഎ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ തീവ്രത കുറഞ്ഞ കൊവിഡ് കേസുകള്‍ ചികിത്സിക്കാതെ അത്യാസന്നരും ഓക്‌സിജന്‍ / വെന്‍റിലേറ്റർ ആവശ്യമായ രോഗികളെ മാത്രം പ്രവേശിപ്പിക്കുക എന്നുള്ളതാണ് സംഘടനയുടെ നിര്‍ദേശം.

ഒപിയിലേക്കുമുള്ള സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയോ ചെറിയ ആശുപത്രികൾ മുഖേനയോ നല്‍കുക, ഡോക്ടര്‍മാരെ സെക്കണ്ടറി / പ്രൈമറി കെയര്‍ സെന്‍ററുകളിൽ വിന്യസിക്കരുതെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മെഡിക്കല്‍ കോളജില്‍ വാര്‍ റൂം തുടങ്ങുകയും ഐസിയു, ഓക്‌സിജന്‍ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, നേസല്‍ ഓക്‌സിജനും വെന്‍റിലേറ്ററുകളും പുതിയതായി ലഭ്യമാക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 200 ഇല്‍ പരം ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യം വന്നാല്‍ ഐസിയു ഉള്‍പ്പടെ ഉള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും കൊവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങള്‍ സംഭവിക്കുന്ന ജീവനക്കാർക്ക് കൊവിഡ് പ്രത്യേക ഡിസബിലിറ്റി ഇന്‍ഷുറന്‍സ് നടപ്പിലാക്കണം എന്നും നിര്‍ദേശമുണ്ട്.

വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരില്‍ കൊവിഡ് മരണനിരക്ക് വളരെ കൂടുതലാണ് ഇത് കുറക്കാന്‍ ഡയാലിസിസ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍/ പിജി വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ വൈകിക്കരുതെന്നും, കരാര്‍ അടിസ്ഥാനത്തില്‍ അടിയന്തരമായി റസിഡന്‍റ് ഡോക്ടര്‍മാർ , നേഴ്‌സ്, ഗ്രേഡ് 1 ഗ്രേഡ് 2 അറ്റന്‍ഡര്‍ മാർ, ക്ലീനിങ് ജീവനക്കാർ, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍മാർ എന്നിവരെ നിയമിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കുമാണ് കെജിഎംസിടിഎ നിര്‍ദേശങ്ങൾ സമര്‍പ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.