ETV Bharat / state

'യുവതിക്ക് നല്‍കിയത് മികച്ച ചികിത്സ, ഗണേഷ്‌ കുമാറിന്‍റേത് തെറ്റായ ആരോപണം'; പ്രതിഷേധവുമായി കെജിഎംസിടിഎ

author img

By

Published : Mar 20, 2023, 7:50 PM IST

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചുവെന്നായിരുന്നു ഭരണകക്ഷി എംഎല്‍എയായ കെബി ഗണേഷ്‌ കുമാറിന്‍റെ ആരോപണം. സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവത്തിലാണ് കെജിഎംസിടിഎ രംഗത്തെത്തിയത്

kgmcta against kb ganesh kumars allegations  kb ganesh kumars allegations on treatment  ഗണേഷ്‌ കുമാറിന്‍റേത് തെറ്റായ വിമര്‍ശനം  വിശദീകരണവുമായി കെജിഎംസിടിഎ  കെജിഎംസിടിഎ
ഗണേഷ്‌ കുമാര്‍

തിരുവനന്തപുരം: കൊല്ലം സ്വദേശിനിയായ യുവതിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചുവെന്ന കെബി ഗണേഷ്‌ കുമാറിന്‍റെ ആരോപണം തെറ്റെന്ന് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ). എംഎല്‍എ പരാമര്‍ശിച്ച യുവതിക്ക് ലഭ്യമായ സൗകര്യങ്ങള്‍ വച്ച് വിദഗ്‌ധ ചികിത്സ തന്നെയാണ് മെഡിക്കല്‍ കോളജില്‍ നല്‍കിയത്. രോഗിക്ക് അഡ്‌മിറ്റ് ആകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതിന് നില്‍ക്കാതെ പോവുകയാണ് അവര്‍ ചെയ്‌തതെന്നും കെജിഎംസിടിഎ വ്യക്തമാക്കി.

'അണുബാധയ്ക്ക് കാരണം മാരക രോഗാണു': 2022 ഫെബ്രുവരിയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ഗര്‍ഭാശയം നീക്കാനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. ഇത് കഴിഞ്ഞ് ആറുമാസങ്ങള്‍ക്ക് ശേഷമാണ് രോഗി ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഇതിനിടെയില്‍ ഏഴോളം ശസ്ത്രക്രിയകള്‍ അണുബാധ നീക്കം ചെയ്യുന്നതിനായി ഈ രോഗിക്ക് ചെയ്‌തിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയ ശേഷം നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാന്‍, എംആര്‍ഐ, ബയോപ്‌സി തുടങ്ങിയ പരിശോധനകളില്‍ നിന്ന് ആന്‍റിബയോടിക് റെസിസ്റ്റന്‍റായ എംഡിആര്‍ ക്ലെബ്‌സിയെല്ല (MDR klebsiella) എന്ന മാരകമായ രോഗാണുവാണ് അണുബാധയ്ക്ക് കാരണമെന്ന് കണ്ടെത്തി.

രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ആദ്യം പഴുപ്പിനെ നീക്കം ചെയ്യാനും മുറിവ് തുന്നലിട്ട് ശരിയാക്കാനും ശ്രമിച്ചു. പിന്നീട് വീണ്ടും അണുബാധ ഉണ്ടായതുകൊണ്ട് മുറിവ് താത്‌കാലികമായി തുറന്നിട്ട് ഒരാഴ്‌ചയ്ക്ക് ശേഷം വീണ്ടും തുന്നലിട്ട് ശരിയാക്കാന്‍ ശ്രമിക്കുകയുണ്ടായി. അതും പൂര്‍ണമായി വിജയിച്ചില്ല. ഒന്നര മാസങ്ങള്‍ക്കുശേഷം വളരെ ഗുരുതരമായ അണുബാധയുണ്ടായി. അതിനുശേഷമാണ് രോഗിയുടെ മുറിവ് പൂര്‍ണമായി തുറന്നിടുവാനും പതിയെ ഉണങ്ങി വരുന്ന രീതിയിലുള്ള ചികിത്സാരീതികള്‍ സ്വീകരിക്കാനും ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്.

'ഡോക്‌ടറെ അകാരണമായി ശിക്ഷിക്കരുത്': തുന്നല്‍ നടത്താതെ ദിവസവും മുറിവ് കഴുകിവച്ച് കെട്ടുകയും ഉണങ്ങുന്നത് അനുസരിച്ച് തുന്നല്‍ ഇടുകയും ചെയ്യുക എന്ന രീതിയിലാണ് ചികിത്സ നല്‍കിയത്. ഈ ചികിത്സകള്‍ നടന്ന 20 ദിവസത്തോളം രോഗി വിവിധ കാലഘട്ടങ്ങളിലായി മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റുമായിരുന്നു. 11-ാം തവണ ശസ്ത്രക്രിയ നടത്തിയതിനുശേഷം മുറിവ് തുറന്നിടുകയും 12 ദിവസം കിടത്തി മുറിവ് വച്ചുകെട്ടുകയും ചെയ്‌തു. അതിന് ശേഷം വീട്ടിലേക്ക് പോകാനും വീടിനടുത്തുള്ള ആശുപത്രിയില്‍ മുറിവ് പരിചരിക്കാനും നിര്‍ദേശിച്ചു. ഓരോ ആഴ്‌ച കൂടുമ്പോഴും ആശുപത്രിയില്‍ വന്ന് മുറിവ് പരിശോധിക്കാനും തുന്നലിടാന്‍ സമയമാകുമ്പോള്‍ അത് ചെയ്യാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്‌തു.

രോഗിയെ വീട്ടിലേക്ക് വിടാന്‍ കാരണം, ആശുപത്രിയില്‍ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ്. ഉണങ്ങാത്ത മുറിവുകള്‍ ഏതൊരു ശസ്ത്രക്രിയ വിദഗ്‌ധനെയും അലട്ടുന്ന പ്രശ്‌നമാണ്. പ്രസ്‌തുത രോഗിയെ ചികിത്സിച്ച ഡോക്‌ടര്‍ ഉന്നത പരിശീലനം ലഭിച്ചയാളും വര്‍ഷങ്ങളോളം പരിചയമുള്ള ആളുമാണ്. ഈ സാഹചര്യത്തില്‍ തെറ്റായ രീതിയില്‍ ഉള്ള സന്ദേശം ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയില്‍ നിന്നും ഉണ്ടായതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കെജിഎംസിടിഎ വ്യക്തമാക്കി.

ചികിത്സിച്ച ഡോക്‌ടര്‍മാരെയും ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജുകളെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് അത് കാരണമായി. തെറ്റുചെയ്യാത്ത ഡോക്‌ടറെ അകാരണമായി ശിക്ഷിക്കരുത്. ശാസ്ത്രീയമായ ഒരു പഠനവും കൂടാതെ വസ്‌തുതകള്‍ വളച്ചൊടിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ നടത്തുന്നതില്‍ നിന്നും ജനപ്രതിനിധികള്‍ പിന്മാറണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതിയെക്കുറിച്ചും മുറിവിന്‍റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും സംസ്ഥാന ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.