Kerala University Comes Up With A Model Scheme To Detect Fakes വ്യാജന്മാരെ കണ്ടെത്താൻ മാതൃക പദ്ധതിയുമായി കേരള സർവകലാശാല

Kerala University Comes Up With A Model Scheme To Detect Fakes വ്യാജന്മാരെ കണ്ടെത്താൻ മാതൃക പദ്ധതിയുമായി കേരള സർവകലാശാല
Kerala University comes up with a model scheme : വ്യാജ സർട്ടിഫിക്കറ്റുമായി സർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുന്നില്ലെന്ന് പരിശോധിക്കാൻ സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ സാധുതാ പരിശോധന സെൽ എന്ന പേരില്‍ പുതിയ സമിതിയെ രൂപീകരിച്ചിരിക്കുകയാണ് കേരള സർവകലാശാല
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസത്തിനായി വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരെയും എത്തുന്നവരെയും കണ്ടെത്താൻ മാതൃക പദ്ധതിയുമായി കേരള സർവകലാശാല (Kerala University). വ്യാജ സർട്ടിഫിക്കറ്റുമായി സർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുന്നില്ലെന്ന് പരിശോധിക്കാൻ സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ ഒരു സമിതിയെ രൂപീകരിച്ചു കൊണ്ടാണ് കേരള സർവകലാശാല മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള സർവകലാശാലകളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റിന്മേൽ പരിശോധന നടത്തുകയാണ് സമിതി (Committee) ചെയ്യുക.
ബിരുദാനന്തര ബിരുദം ചെയ്യാൻ എത്തുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളാണ് (Certificate) ആദ്യഘട്ടത്തിൽ പരിശോധന നടത്തുക. കൂടാതെ കേരളത്തിനു പുറമേയുള്ള സർവകലാശാലകളിലെ ബിരുദ സർട്ടിഫിക്കറ്റുമായി കേരള യൂണിവേഴ്‌സിറ്റിയിൽ മാസ്‌റ്റേഴ്‌സിന് ചേർന്ന 10 വർഷം മുൻപ് വരെയുള്ള വിദ്യാർഥികളുടെയും ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകളും സമിതി പരിശോധിക്കും. ശേഷം തുടർ നിയമനടപടികൾ ഉണ്ടാകുമെന്ന് രജിസ്ട്രാർ അനിൽകുമാർ ഇ ടി വി ഭാരതിനോട് പറഞ്ഞു.
കേരളത്തിൽ ആദ്യമായി കേരള സർവകലാശാലയിലാണ് ഇത്തരത്തിൽ ഒരു സമിതി രൂപീകരിക്കുന്നത്. സാധുതാ പരിശോധന സെൽ (Validation Cell) എന്ന പേരിലാണ് പുതിയ സമിതി ഉണ്ടാവുക. അസിസ്‌റ്റന്‍റ് രജിസ്ട്രാർ, സെക്ഷൻ ഓഫിസർ, അസിസ്‌റ്റന്‍റ് എന്നീ മൂന്നംഗ പാനലാണ് സമിതിയിൽ ഉണ്ടാവുക. സർട്ടിഫിക്കറ്റുകളിൽ വ്യാജന്മാരെ കണ്ടെത്തിയാൽ തുടർനടപടികൾ എടുക്കാനും സമിതിക്ക് അധികാരം ഉണ്ട്. ഈ അധ്യയന വർഷം മുതൽ തന്നെ സമിതി പ്രവർത്തനം ആരംഭിക്കും.
പുറമേയുള്ള സർവകലാശാലകളിൽ നിന്നും ബിരുദമുള്ള വിദ്യാർഥികളുടെ അഡ്‌മിഷൻ മൂന്നുമാസക്കാലം പ്രൊഫഷണൽ ആയിരിക്കും. കോളേജ് അധികൃതർ വിദ്യാർഥികളുടെ രേഖകൾ സഹിതം സർവകലാശാലയിൽ അപേക്ഷ നൽകണം. ഈ അപേക്ഷയിൻമേൽ സമിതി മൂന്ന് മാസത്തിനകം പരിശോധന നടത്തണം. പരിശോധന പൂർത്തിയായാൽ മാത്രമേ വിദ്യാർഥികളുടെ അഡ്‌മിഷൻ സ്ഥിരപ്പെടുകയുള്ളു. ഓരോ അപേക്ഷയ്ക്കും 2000 രൂപ പ്രത്യേകം ഫീസ് അടക്കണം. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളിലും ഇതിനായി നോഡൽ ഓഫിസർമാരെ നിയമിക്കും.
ഇവയ്ക്ക് പുറമെ മറ്റു സർവകലാശാലയിൽ നിന്നും വന്ന വിദ്യാർഥികൾക്ക് കേരള സർവകലാശാലയിൽ നിന്നും മാസ്‌റ്റേഴ്‌സിന് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മുൻപ് പഠിച്ച സർവകലാശാലയിലെ രജിസ്ട്രാർ അറ്റസ്‌റ്റ് ചെയ്‌ത രേഖ കേരള സർവകലാശാലയിൽ സമർപ്പിക്കണം.
കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ രേഖ ഹാജരാക്കിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നടപടി. നിഖിൽ യൂണിവേഴ്‌സിറ്റിക്ക് സമർപ്പിച്ചത് കലിംഗ യൂണിവേഴ്‌സിറ്റിയിലെ ഡീൻ അറ്റസ്‌റ്റ് ചെയ്‌ത രേഖകൾ ആയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖിലിനെതിരെ ജൂണ്‍ 20ന് പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കായംകുളം എംഎസ്‌എം കോളജിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
