ETV Bharat / state

നിയമസഭ കൂടി, പിരിഞ്ഞു… 10 മിനിട്ടിനുള്ളില്‍! പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

author img

By

Published : Mar 17, 2023, 10:01 AM IST

Updated : Mar 17, 2023, 11:25 AM IST

kerala niyamasabha  kerala niyamasabha news  Kerala niyama Sabha opposition protest  എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍  നിയമസഭ  പ്രതിപക്ഷ പ്രതിഷേധം  വിഡി സതീശന്‍റെ മൈക്ക് ഓഫ്‌ ചെയ്‌തു
ഇന്നും പ്രതിപക്ഷ പ്രതിഷേധം

എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധം കടുപ്പിച്ചത്

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്താൽ മിനിട്ടുകൾക്കുള്ളിൽ പിരിഞ്ഞ് നിയമസഭ. മാര്‍ച്ച് 15ന് സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ പ്രതിപക്ഷ ഉപരോധവും സംഘർഷവും ഉണ്ടായിരുന്നു. ഇതില്‍ ഏകപക്ഷീയമായി കേസടുത്തതിനാലാണ് പ്രതിപക്ഷം ഇന്നും എതിർപ്പറിയിച്ചത്.

സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് സംസാരിക്കാനാരംഭിച്ചു. വാദി പ്രതിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വനിത എംഎൽഎമാരെ വരെ ആക്രമിച്ച ഭരണപക്ഷ എംഎൽഎമാർക്കെതിരെ നിസാര വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരവും കേസടുത്തെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്, പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ്‌ ചെയ്‌ത് സ്‌പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയായിരുന്നു. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതിപക്ഷത്തിന് നേരെ ആക്രോശിക്കുന്നതും കാണാമായിരുന്നു. സമ്മേളനം തുടങ്ങി 10 മിനിട്ടിനുള്ളിൽ തന്നെ സഭ പിരിയുന്നുവെന്ന് സ്‌പീക്കർ പറഞ്ഞു.

സഭ ഇനി വീണ്ടും ചേരുക തിങ്കളാഴ്‌ച: സ്‌പീക്കറുടെ ഡയസിന് മുന്‍പില്‍ പ്രതിപക്ഷം, അവകാശം ഔദാര്യമല്ലെന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം തുടർന്നു. ഇതോടെ സ്‌പീക്കർ സഭാനടപടി പിരിയുന്നുവെന്ന് പ്രഖ്യാപിച്ചു. സഭ തിങ്കളാഴ്‌ച പുനരാരംഭിക്കും. അതേസമയം, നിയമസഭയില്‍ സ്‌പീക്കറുടെ മുറിക്ക് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ കേസിന്‍റെ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന്. വാച്ച് ആന്‍ഡ് വാര്‍ഡുമാരും പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാരും തമ്മില്‍ മാര്‍ച്ച് 15നാണ് സംഘര്‍ഷമുണ്ടായത്. ഈ സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.

ALSO READ| ജനപ്രതിനിധികള്‍ക്ക് ഇതാണ് നീതിയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്ത്? പ്രതിപക്ഷ നേതാവ്

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിക്കേറ്റവരെ ചികിത്സിച്ച ഡോക്‌ടമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ജനപ്രതിനിധികളും വാച്ച് ആന്‍ഡ് വാര്‍ഡും കേസില്‍ ഉള്‍പ്പെട്ടതിനാലാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുന്നത്. കേസില്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പൊലീസിന് നിയമസഭയ്ക്കുള്ളില്‍ പ്രവേശിക്കേണ്ടതുണ്ട്. ഇതിന് നിയമസഭ സെക്രട്ടേറിയറ്റിന്‍റെ അനുമതി ആവശ്യമാണ്.

നടപടിയെ പുച്ഛിച്ചു തള്ളി എംഎല്‍എമാര്‍: നിയമസഭയിലെ സംഘര്‍ഷത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ഈ നടപടിയെ പുച്ഛിച്ചു തള്ളി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എമാരായ അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്‌ണന്‍, പികെ ബഷീര്‍, കെകെ രമ, ഉമ തോമസ് എന്നിവരാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതിനെ വെല്ലുവിളിച്ചത്. തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാത്ത സാഹചര്യത്തിലാണ് നിയമസഭ സമുച്ചയത്തിലെ സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.

നിയമസഭയിലെ മുതിര്‍ന്ന അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോട് ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റുകയും ചെയ്‌തെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ സിപിഎം എംഎല്‍എമാരായ എച്ച് സലാം, സച്ചിന്‍ദേവ്, ഐബി സതീഷ്, ആന്‍സലന്‍ എന്നിവര്‍ തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തുവെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ സംയുക്ത പ്രസ്‌താവനയില്‍ മാധ്യമങ്ങളെ അറിയിച്ചു.

Last Updated :Mar 17, 2023, 11:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.