ETV Bharat / state

സംസ്ഥാനത്ത് കാലവര്‍ഷം വൈകിയേക്കും; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

author img

By

Published : May 16, 2023, 5:54 PM IST

നാലുദിവസം വരെ കാലവര്‍ഷം വൈകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്

kerala monsoon  kerala monsoon instruction  India Meteorological Department  സംസ്ഥാനത്ത് കാലവര്‍ഷം വൈകും  കാലവര്‍ഷം
കാലവര്‍ഷം

ന്യൂഡൽഹി/തിരുവനന്തപുരം : കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവര്‍ഷമെത്താന്‍ നേരിയ താമസമുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി). ഇന്നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഐഎംഡി പുറത്തുവിട്ടത്. സാധാരണയായി ജൂൺ ഒന്നിനാണ് കാലവര്‍ഷം സംസ്ഥാനത്ത് എത്തുന്നതെങ്കിലും ഇക്കുറി അത് നാലാം തിയതിയാണ് വരിക.

കഴിഞ്ഞ വർഷം മെയ് 29നും 2021ല്‍ ജൂൺ മൂന്നിനും 2020ല്‍ ജൂൺ ഒന്നിനുമാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയിരുന്നത്. മെയ് 20വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തിന്‍റെ വരവ്, രാജ്യത്ത് ആദ്യമെത്തുക കേരളത്തിലാണ്. ഇത് വേനല്‍ക്കാലത്തില്‍ നിന്നും മഴക്കാലത്തേക്കുള്ള മാറ്റത്തിന്‍റെ പ്രധാന അടയാളമാണ്.

ALSO READ | എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്

എൽ നിനോ പ്രതിഭാസത്തിനിടെയിലും തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തില്‍ രാജ്യത്ത് മഴ ലഭിക്കുമെന്ന് ഐഎംഡി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷി ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിയുടെ ഒരു നിർണായക ഘടകമാണ്. രാജ്യത്തെ കൃഷിഭൂമിയുടെ 52 ശതമാനവും ഈ കാലാവസ്ഥയേയാണ് ആശ്രയിക്കുന്നത്. ഇത് രാജ്യത്തിന്‍റെ മൊത്തം ഭക്ഷ്യോത്‌പാദനത്തിന്‍റെ 40 ശതമാനം വരും. ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും നിർണായക സംഭാവനയാണ് ഇത് നൽകുന്നത്.

നിലവില്‍ സംസ്ഥാനം കൊടും ചൂടില്‍: സംസ്ഥാനം കൊടും ചൂടിനെയാണ് ഇപ്പോള്‍ നേരിടുന്നത്. ഇന്ന് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് താപനില വര്‍ധിക്കുമെന്ന മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും അനുഭവപ്പെട്ടേക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് യെല്ലോ മുന്നറിയിപ്പുമുണ്ട്. അതീവജാഗ്രത പുലര്‍ത്താനാണ് യെല്ലോ അലര്‍ട്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ജോലി സമയം ക്രമീകരിക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.