ETV Bharat / state

ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാമത്; ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം

author img

By

Published : Jun 7, 2023, 9:27 PM IST

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

kerala win food safety award  Kerala ranked first in the Food Safety Index  Food Safety Index  Standards Authority of India  ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാമത്  ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ്‌സ് അതോറിറ്റി  veena george  വീണ ജോര്‍ജ്
ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയ്ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ സൂചികയിൽ ദേശീയ തലത്തിലാണ് കേരളം അഭിമാന നേട്ടം കൈവരിച്ചത്. ഭക്ഷ്യ സുരക്ഷയില്‍ ചരിത്രത്തിൽ ആദ്യമായാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ വി ആര്‍ വിനോദ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്നും ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 193 ശതമാനം അധികമായ റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നേടിയത്. 28.94 കോടി രൂപയുടെ സർവകാല റെക്കോഡ് വരുമാനമാണ് ഈ കാലയളവിൽ നേടിയത്. 2018-19ൽ 15.41 കോടി രൂപയായിരുന്നു ഇതുവരെ നേടിയ ഉയർന്ന വരുമാനം.

40 ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് എല്ലാ വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലെ സ്ഥാനം നിർണയിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന അഡ്ജൂഡിക്കേഷന്‍ പ്രോസികൂഷന്‍ കേസുകള്‍, എൻ ബി എ എൽ അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ്, മൊബൈല്‍ ലാബിന്‍റെ പ്രവര്‍ത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയ ഫോസ്ടാക് പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനിഷിയേറ്റീവ്‌സ്, സംസ്ഥാന തലത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ വിവിധ ബോധവത്ക്കരണ പരിപാടികള്‍, തുടങ്ങിയവയാണ് അവ.

ഇതിന് പുറമെ സര്‍ക്കാര്‍ പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയത്, 500 ഓളം സ്‌കൂളുകളെ തെരഞ്ഞെടുത്ത് സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ (എസ്.എന്‍.എഫ്@സ്‌കൂള്‍) എന്ന പദ്ധതി നടപ്പിലാക്കിയത്, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നടപ്പിലാക്കിയതും പുരസ്‌കാരത്തിന് അവസരമൊരുക്കി.

മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകള്‍ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകള്‍ നടത്തുകയും ചെയ്‌തത് പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷം 2023 ആചരിക്കുന്നതിന്‍റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകള്‍ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകള്‍ നടത്തുകയും ചെയ്‌തത്.

ALSO READ: 'എസ്എഫ്ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെ പാസാകാം', പരിഹാസവുമായി പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.