ETV Bharat / state

ഒമിക്രോണ്‍ നേരിടാന്‍ ഒരുക്കം; വാര്‍ഡ്‌തല സമിതി പുനരുജ്ജീവിപ്പിക്കുന്നു

author img

By

Published : Dec 7, 2021, 12:21 PM IST

വിദേശത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള നിരീക്ഷണം കര്‍ശനമായി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.

omicron kerala  kerala begun preparations against Omicron  kerala health department takes precautions for omicron  ഒമിക്രോണ്‍ നേരിടാന്‍ ഒരുക്കം തുടങ്ങി കേരളം  ഒമിക്രോണിനെതിരെ ആരോഗ്യ വകുപ്പിന്‍റെ മുന്‍കരുതല്‍ നടപടികള്‍
ഒമിക്രോണ്‍ നേരിടാന്‍ ഒരുക്കം തുടങ്ങി സംസ്ഥാനം; വാര്‍ഡ്‌തല സമിതി പുനരുജ്ജീവിപ്പിക്കുന്നു

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ ഒരുക്കം തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയില്‍ ഇരുപതിലധികം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംസ്ഥാനത്ത് റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധത്തിന് സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുന്നത്.

വാര്‍ഡ്‌തല സമിതി പുനരുജ്ജീവിപ്പിക്കുന്നു

റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള നിരീക്ഷണം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ ഭാഗമായി കൊവിഡ് തീവ്രവ്യാപന കാലത്ത് രൂപീകരിച്ചിരുന്ന വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് വാര്‍ഡ് തല സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള‌ പ്രാദേശിക സമിതികള്‍ വഴി രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനുമാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തിലുള്ളത്. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ നടത്തുന്ന പരിശോധനയില്‍ നെഗറ്റീവായാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കും.

ക്വാറന്‍റീനിലുള്ളവര്‍ വീട്ടില്‍ പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുള്ള മുറിയില്‍ കഴിയണം. ഏഴു ദിവസത്തെ ക്വാറന്‍റീന് ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം പരിശോധന നടത്തണം. വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുമ്പോള്‍ പോസിറ്റീവായാല്‍ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കും.

നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷിക്കണവും വേണം. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്താനാണ് വാര്‍ഡ് തല സമിതികളെ പ്രവര്‍ത്തന സജ്ജമാക്കുന്നതു കൊണ്ട് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

108 ആംബുലന്‍സുകളും സജ്ജം

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പോസിറ്റീവാകുന്നവരെ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കുന്നതിനായി 108 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനവും വാര്‍ഡ്‌തല സമിതികളാകും ഏകോപിപ്പിക്കുക. വിദേശത്തുനിന്ന് വിമാനത്താവളത്തില്‍ എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്കൂടാതെ ചികിത്സ സൗകര്യം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്.

സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും

നിലവില്‍ ജില്ലകളില്‍ കുറച്ച് സിഎഫ്എല്‍ടിസികളാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതൊടെ സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒമിക്രോണിന്‍റെ തീവ്ര്യാപനം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ വേഗത്തില്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനാണ് ശ്രമം.

കൂടാതെ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തീവ്രവ്യാപനമുണ്ടായാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന കണക്കൂട്ടലിലാണ് ഈ നിര്‍ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.