തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ (Kerala finance minister). കൂട്ടിയവര്‍ തന്നെ നികുതി കുറയ്ക്കട്ടെയെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനം ഇന്ധന നികുതി (Oil Tax) കുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും കെ. ബാബു (K.Babu) നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് ധനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചത്.
കൂട്ടിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
ഇന്ധന വില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ട് കൊടുത്തും ഓയില്‍ പൂള്‍ ഇല്ലാതാക്കിയും യുപിഎ സര്‍ക്കാരാണ്. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായാണ് സംസാരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടിയപ്പോള്‍ പിണറായി സര്‍ക്കാര്‍ 6 വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നികുതി കുറയ്ക്കാന്‍ കാളവണ്ടിയുമായി ഡല്‍ഹിക്ക് പോകണമെന്നും ധനമന്ത്രി കോണ്‍ഗ്രസിനെ പരിഹാസിച്ചു.
ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷം
ഇന്ധന നികുതിയിലൂടെ 5000 കോടിയുടെ അധികവരുമാനം സംസ്ഥാനത്തിന് ലഭിച്ചിട്ടും നികുതി കുറയ്ക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. അധിക നികുതി കിട്ടിയിട്ടും നികുതി കുറക്കാന്‍ തയ്യാറാകുന്നില്ലെന്നത് ജനങ്ങളടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു.
സ്വന്തം നിലയില്‍ കേരളം നികുതി കുറയ്‌ക്കില്ലെന്നത് മുട്ടാപ്പോക്കാന്നെന്ന് കെ. ബാബു പ്രതികരിച്ചു. വാഴ നനയുമ്പോള്‍ ചീരയും നനയും എന്ന് പറയുമ്പോലെ കേന്ദ്രം നികുതി കൂട്ടിയാല്‍ സംസ്ഥാനത്തിനും വരുമാനം വര്‍ധിക്കുമെന്നതാണ് സര്‍ക്കാറിന്‍റെ നിലപാടെന്നും ബാബു കുറ്റപ്പെടുത്തി.
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇന്ധന വില വര്‍ധനവിനെതിരെ വരും ദിവസങ്ങളില്‍ നിയമസഭയ്‌ക്ക് പുറത്ത് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.