ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ടിപിആർ 30ന് മുകളിൽ

author img

By

Published : Jan 17, 2022, 12:06 PM IST

തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ആണ്

kerala covid update  kerala omicron news  സംസ്ഥാനത്തെ കൊവിഡ് കണക്ക്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു  കൊവിഡ് വ്യാപനം അതിരൂക്ഷം
കൊവിഡ് വ്യാപനം അതിരൂക്ഷം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വ്യക്തമാക്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പ്. 30ന് മുകളിലാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

30.55 ശതമാനമാണ് സംസ്ഥാനത്തെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന ടിപിആറാണിത്. നൂറ് പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ഗുരുതരമായ അവസ്ഥയാണ് കേരളത്തിലുള്ളത്. ഒരു ലക്ഷത്തിലധികം ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 103864 പേര്‍ കൊവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലാണ്. അതിവേഗ വ്യാപനമാണ് സംസ്ഥാനത്ത് നടക്കുന്നത്.

കഴിഞ്ഞ ആഴ്‌ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 174 ശതമാനം വര്‍ധനവാണ് കൊവിഡ് കേസുകളിലുണ്ടായിരിക്കുന്നത്. 51712 കൊവിഡ് കേസുകള്‍ ഒരാഴ്‌ചയ്ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ആണ്. ചികിത്സയിലുള്ള രോഗകളുടെ എണ്ണവും ഇരുപത്തിയയ്യാരിത്തിന് അടുത്താണ്. ജില്ലയില്‍ നിലവില്‍ 18 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്.

കോളജുകള്‍ കേന്ദ്രീകരിച്ചും സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചും ക്ലസ്റ്ററുകള്‍ നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം ഇനിയും വര്‍ദ്ധിക്കും. തിരുവനന്തപുരം എറണാകുളം,കോഴിക്കോട്,തൃശ്ശൂര്‍ ജില്ലകളിലും വ്യാപനം രൂക്ഷമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

ALSO READ ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി ഇന്ന്‌ സംസാരിക്കും

ഇവരില്‍ 2,13,251 പേര്‍ വീടുകളിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിലവില്‍ 1,03,864 കൊവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ഭീഷണിക്കൊപ്പം തന്നെ ഒമിക്രോണ്‍ സാമൂഹ്യ വ്യാപനമെന്ന ആശങ്കയും സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്.

കോഴിക്കോട് ജില്ലയിലാണ് ഒമിക്രോണ്‍ സാമൂഹ്യ വ്യാപനം സംശയിക്കുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 51 പേരില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യാതൊരു വിദേശ യാത്ര പശ്ചാത്തലവും ഇല്ലാത്തവരിലാണ് ഒമിക്രോണ്‍ സാധ്യത തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതാണ് കടുത്ത ആശങ്കയുയര്‍ത്തുന്നത്.

സംസ്ഥാനത്ത് ഇതുവരെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്. 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമെന്ന നിര്‍ദേശം സര്‍ക്കാറിനു മുന്നിലുണ്ട്. അടുത്ത കൊവിഡ് ഉന്നതതല യോഗം ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കും.

ALSO READ കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.