ETV Bharat / state

നിയമസഭ സമ്മേളനം ജനുവരി 25 ന്, ബജറ്റ് ഫെബ്രുവരി 2ന്: നയപ്രഖ്യാപനത്തിന് ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

author img

By ETV Bharat Kerala Team

Published : Jan 10, 2024, 1:08 PM IST

Kerala budget assembly session സര്‍ക്കാര്‍ അനുനയ നീക്കം നടത്തിയാലും നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ വഴങ്ങുന്നില്ലെങ്കില്‍ അത് നിയമ പ്രശ്‌നങ്ങളിലേക്ക് നീങ്ങും. പ്രതിപക്ഷവുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ സഭ സമ്മേളനം പ്രക്ഷുബ്‌ധമാകാതിരിക്കാന്‍ സ്പീക്കറുടെ നിലപാട് നിർണായകം.

kerala-budget-assembly-session-from-january-25
kerala-budget-assembly-session-from-january-25

തിരുവനന്തപുരം: ഗവര്‍ണറുമായും പ്രതിപക്ഷവുമായും ഏറ്റുമുട്ടലിന്‍റെ പാതയിലൂടെ നീങ്ങുന്നതിനിടെ ഇരുവരുമായും മറ്റൊരു ഏറ്റുമുട്ടലിനുള്ള വേദിയായി നിയമസഭ സമ്മേളനം ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനവും പിന്നാലെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഉള്‍പ്പെടുന്ന നിയമസഭ സമ്മേളനം ജനുവരി 25 ന് ആരംഭിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് (10.01.24) ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഫെബ്രുവരി 2ന് ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേ സമയം നിയമസഭയുടെ വര്‍ഷാദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് നയപ്രഖ്യാപന പ്രസംഗത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യമുണ്ടായെങ്കിലും പൊതു ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ച് ഗവര്‍ണറെ അനുനയിപ്പിച്ച് സര്‍ക്കാര്‍ തടിയൂരുകയായിരുന്നു.

ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗത്തിനു തയ്യാറായില്ലെങ്കില്‍ നയപ്രഖ്യാപനം ഒഴിവാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ സെപ്തംബര്‍ 14 ന് അവസാനിച്ച നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി ഒന്‍പതാം സമ്മേളനമായി ജനുവരി 25 ന് ആരംഭിക്കുന്ന സമ്മേളനം മാറ്റേണ്ടി വരും. പക്ഷേ വിജ്ഞാപനമിറക്കേണ്ടത് ഗവര്‍ണറാണ് എന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇക്കാര്യത്തില്‍ എന്താണ് നിലപാടെന്ന കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഇടുക്കിയിലും ഇന്ന് മലപ്പുറത്തും പൊതു പരിപാടികള്‍ക്കെത്തിയ ഗവര്‍ണറെ സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും വഴിതടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ഗവര്‍ണറെ പ്രകോപിപ്പിച്ചിരിക്കാനാണ് സാധ്യത. പുതിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ ഗവര്‍ണറെ അനുനയിപ്പിക്കും എന്നത് വ്യക്തമല്ല.

സര്‍ക്കാര്‍ അനുനയ നീക്കം നടത്തിയാലും ഗവര്‍ണര്‍ വഴങ്ങുന്നില്ലെങ്കില്‍ അത് നിയമ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും സംയുക്തമായി നടത്തിയ നവകേരള സദസിനെതിരായ കരിങ്കൊടി പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസുമായുള്ള ബന്ധം അങ്ങേയറ്റം വഷളായ പ്രത്യേക സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം എന്നതും പ്രത്യേകതയാണ്. ഈ സാഹചര്യത്തില്‍ സഭ സമ്മേളനം പ്രക്ഷുബ്‌ധമാകാതിരിക്കാന്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സ്വീകരിക്കുന്ന നടപടികളും നിലപാടുകളും നിര്‍ണായകമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.