ETV Bharat / state

Kerala Assembly Session | 'സാധനങ്ങള്‍ക്ക് വില കുതിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി' ; സഭയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

author img

By

Published : Aug 8, 2023, 12:20 PM IST

Updated : Aug 8, 2023, 2:25 PM IST

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം

Kerala Assembly Session  price hike  Kerala Assembly Session on price hike  വിലക്കയറ്റം  നിയമസഭ സമ്മേളനം  പിസി വിഷ്‌ണുനാഥ്  ജി ആര്‍ അനില്‍  വിഡി സതീശന്‍
Kerala Assembly Session

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിൽ ഇടപെടാതെ സർക്കാർ ജനങ്ങളുടെ തലയ്ക്ക് അടിക്കുകയാണെന്ന് പ്രതിപക്ഷം. സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്നും വിപണിയിലെ വിലവർധനവില്‍ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടി നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കവെയാണ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനം പ്രതിപക്ഷം ഉന്നയിച്ചത്.

പിസി വിഷ്‌ണുനാഥ് എംഎല്‍എയാണ് പ്രതിപക്ഷത്തിനായി നോട്ടിസ് സമര്‍പ്പിച്ചത്. 'വിലക്കയറ്റം കുതിക്കുമ്പോൾ സർക്കാർ ജനങ്ങളെ നോക്കി ചിരിക്കുകയാണ്' എന്ന മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൾ ഉദ്ധരിച്ചായിരുന്നു വിഷ്‌ണുനാഥ് നോട്ടിസ് അവതരിപ്പിച്ചത്.

13 അവശ്യ സാധനങ്ങൾക്ക് എട്ട് വർഷമായി വില കൂടിയിട്ടില്ലെന്ന സർക്കാർ വാദത്തെ പ്രതിപക്ഷ എംഎല്‍എ പരിഹസിച്ചു. സപ്ലൈകോ സ്ഥാപനങ്ങളിൽ ഒന്നുമില്ലാത്തതുകൊണ്ട് വില കൂടുന്നില്ല. ഇല്ലാത്ത സാധനങ്ങൾക്ക് വില കുറയും, കൂടുന്നില്ല എന്നൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്.

വെളിച്ചെണ്ണയും പഞ്ചസാരയും മാത്രമാണ് ചില സ്റ്റോറുകളിലുള്ളത്. നഗ്നമായ വ്യാജ പ്രചരണമാണ് നടത്തുന്നത്. ഒരു മലയാളിയുടെ ശരാശരി ജീവിത ചെലവ് മാസം 5000 രൂപയോളം വർധിച്ചിട്ടുണ്ട്.

സപ്ലൈകോയ്ക്ക് പണം നൽകാത്ത ധനവകുപ്പിന്‍റെ നടപടിയാണ് സാധനങ്ങൾ ലഭ്യമല്ലാത്ത സ്ഥിതി ഉണ്ടാക്കുന്നത്. 3400 കോടി രൂപയാണ് ധനവകുപ്പ് സപ്ലൈകോയ്ക്ക്‌ നൽകാനുള്ളത്. സപ്ലൈകോയെ ദയാവധത്തിന് വിട്ട് കൊടുക്കുകയാണ് സർക്കാർ.

ഇത് സാധാരണക്കാരെയാണ് ബാധിക്കുന്നത്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി മലിനമാക്കാതെ ജനങ്ങൾക്ക് ജീവിക്കാൻ അവസരം ഉണ്ടാക്കണമെന്നും പിസി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു. ഓണം എത്തിയിട്ടും ഓണക്കിറ്റ് ആർക്കൊക്കെയാണെന്ന് ഇതുവരെയും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. വില കുതിച്ച് ജനം പ്രതിസന്ധിയിലേക്ക് പോകുമ്പോഴും സർക്കാർ നോക്കുകുത്തിയായിരിക്കുകയാണെന്നും വിഷ്‌ണുനാഥ് ആരോപിച്ചു.

ആരോപണങ്ങള്‍ തള്ളി ഭക്ഷ്യമന്ത്രി : സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ തള്ളിയ ഭക്ഷ്യമന്ത്രി മന്ത്രി ജി ആർ അനിൽ, പൊതുവിതരണ മേഖലയിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതായി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു വിതരണ സംവിധാനമാണ് കേരളത്തില്‍. ഇതിലും മികച്ച ഒരു മാതൃക രാജ്യത്തെവിടെയുമില്ല.

രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റം ഉണ്ടെന്നതാണ് വാസ്‌തവം. കോൺഗ്രസ് ഭരിക്കുന്ന കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലും വിലക്കയറ്റമുണ്ട്. കിറ്റിനെ എതിർത്തവർ ഇപ്പോൾ കിറ്റിനെ കുറിച്ച് പറയുകയാണ്. ഓണക്കാലത്ത് മാത്രമല്ല ഏത് അത്യാവശ്യഘട്ടത്തിലും അവശ്യമുള്ളവ നൽകി ജനങ്ങളെ സംരക്ഷിക്കുന്ന സർക്കാറാണ് നിലവിലുള്ളത്. ജനത്തിന് ആശ്വാസം നൽകുന്ന നടപടി സർക്കാർ സ്വീകരിക്കും. ഇക്കാര്യത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയേയും ദയാവധത്തിന് വിടുന്നു : കെഎസ്ആർടിസിയെപ്പോലെ സപ്ലൈകോയേയും സർക്കാർ ദയാവധത്തിന് വിട്ടുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ തലയ്ക്ക് അടിക്കുന്ന നടപടിയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. എന്നാൽ മുഖ്യമന്ത്രി ഒന്നും ആരോടും പറയുന്നില്ല.

സപ്ലൈകോ വേണ്ട എന്ന നിലപാടുണ്ടോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ധന വകുപ്പും സപ്ലൈകോയും തമ്മിലുള്ള തർക്കം മൂലം അവർക്ക് പണം അനുവദിക്കുന്നില്ല. ഇതിലും മുഖ്യമന്ത്രി ഇടപെടുന്നില്ല.

ഇത്തരത്തിൽ പൊതുമാർക്കറ്റിലെ വിലവർധനവിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. ഒരു നടപടിയും സ്വീകരിക്കാതെ മൂകസാക്ഷിയായി സർക്കാർ ഇരിക്കുന്നതാണ് വിലക്കയറ്റിന്‍റെ പ്രധാന കാരണം. പൊള്ളുന്ന യാഥാർഥ്യം പറയുമ്പോൾ മന്ത്രിമാർ അടക്കം എഴുന്നേറ്റ് നിന്നിട്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍, പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Last Updated : Aug 8, 2023, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.