ETV Bharat / state

K Sudhakaran | 'സിപിഎമ്മിലെ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം' ; ചെമ്പടയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്ന് കെ സുധാകരന്‍

author img

By

Published : Jun 29, 2023, 9:35 PM IST

ചെമ്പട കായംകുളം ഫേസ്‌ബുക്ക് പേജിന്‍റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ

K Sudhakaran  hempada Kayamkulam facebook page  Kayamkulam facebook page disclosure  fake certificate  കെ സുധാകരൻ  ചെമ്പട കായംകുളം  ചെമ്പട കായംകുളത്തിന്‍റെ വെളിപ്പെടുത്തൽ  വ്യാജ സർട്ടിഫിക്കറ്റ്
K Sudhakaran

തിരുവനന്തപുരം : അറസ്റ്റിലായ എസ്‌ എഫ്‌ ഐ നേതാക്കള്‍ അബിന്‍ സി രാജും നിഖില്‍ തോമസും ഉന്നതരായ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നൽകിയെങ്കിലും ആ വഴിക്കുള്ള അന്വേഷണം നിലച്ചത് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടല്‍ മൂലമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അന്വേഷണം തുടര്‍ന്നാല്‍ സിപിഎമ്മിലെ പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. നിഖിലിന്‍റെ ഫോണ്‍ പൊലീസ് മനഃപ്പൂര്‍വം ഒളിപ്പിച്ചത്, ഇതിലുള്ള രഹസ്യങ്ങളുടെ കലവറ തുറക്കുമെന്ന് ഭയന്നാണ്.

സിപിഎമ്മിന്‍റെ സോഷ്യല്‍ മീഡിയ പേജുകളായ ചെമ്പട കായംകുളം, കായംകുളം വിപ്ലവം എന്നിവ ചേരിതിരിഞ്ഞുനടത്തുന്ന പോരാട്ടത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ കെ.എച്ച് ബാബുജാന്‍റെ സഹായത്തോടെ കായംകുളത്തെ മറ്റൊരു സിപിഎം നേതാവിന് കേരള ലോ അക്കാദമിയില്‍ എല്‍എല്‍എമ്മിന് അഡ്‌മിഷന്‍ ലഭിച്ചതിനെ ചെമ്പട കായംകുളം ചോദ്യം ചെയ്‌തു. മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും എസ്‌ എഫ്‌ ഐ പ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതിയുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ അഡ്‌മിഷന്‍ നേടിയത്.

പണം വാങ്ങി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ : ബികോമിന്‍റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംഎസ്‌എം കോളജില്‍ നിഖില്‍ തോമസിന് അഡ്‌മിഷന്‍ നേടിക്കൊടുത്തതും ബാബുജാനാണ്. നിഖിലിന് മാത്രമല്ല, നിരവധി പേര്‍ക്ക് അബിന്‍ സി രാജ് കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് പണം വാങ്ങി നല്‍കിയതായി കായംകുളത്തിന്‍റെ വിപ്ലവം എന്ന ഫെയ്‌സ്‌ബുക്ക് കൂട്ടായ്‌മയും ആരോപിക്കുന്നു. ഇത്തരം ആരോപണം നേരിടുന്ന നേതാക്കളെല്ലാം സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്.

പേടിച്ചുനിൽക്കുന്ന പൊലീസ് ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണ്. സിപിഎമ്മിന്‍റെ സമൂഹമാധ്യമ കൂട്ടായ്‌മയിലൂടെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിക്കണം. അതിന് പൊലീസ് തയ്യാറല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി കോടതിയെ സമീപിക്കും.

also read : ശക്തിധരന്‍റെ വെളിപ്പെടുത്തൽ വളരെ ഗുരുതരം, എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

കേരള പൊലീസിൽ വിശ്വാസം നഷ്‌ടപ്പെട്ടു : മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ കൈതോലപ്പായിലെ പിണറായി വിജയന്‍റെ കോടികളുടെ പണം കടത്തിനെ കുറിച്ച് വെളിപ്പെടുത്തുകയും ബെന്നി ബെഹന്നാന്‍ എംപി ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്‌തെങ്കിലും പൊലീസ് മൗനം തുടരുകയാണ്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള രണ്ടുപേര്‍ 1500 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതും പൊലീസിന് അന്വേഷണ വിഷയമല്ല. പ്രതിപക്ഷ നേതാവിനും തനിക്കുമെതിരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളില്‍ മിന്നല്‍ വേഗതയിലാണ് പൊലീസ് നടപടിയെടുക്കുന്നത്. കേരള പൊലീസില്‍ വിശ്വാസം നഷ്‌ടപ്പെട്ട ജനങ്ങള്‍ക്ക് ഇനി കോടതി മാത്രമാണ് ആശ്രയമെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.