ETV Bharat / state

കെ റെയിലില്‍ പുതിയ തന്ത്രമിറക്കാന്‍ സര്‍ക്കാര്‍ ; പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്‌ധരുമായി സംവാദം ഉടന്‍

author img

By

Published : Apr 22, 2022, 12:37 PM IST

പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്‌ധരെയും അനുകൂലിക്കുന്ന വിദഗ്‌ധരെയും ഒരുമിച്ചിരുത്തി സംവാദം

k rail debate with experts  കെ റെയിലില്‍ പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്‌ധരുമായി സംവാദം  കെ റെയില്‍ പദ്ധതിയില്‍ പുതിയ തന്ത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം  kerala govt. take initiative on k rail experts debate
കെ റെയിലില്‍ പുതിയ തന്ത്രമിറക്കാന്‍ സര്‍ക്കാര്‍; പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്‌ധരുമായി സംവാദം

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ, പദ്ധതിയെ എതിര്‍ത്ത് രംഗത്തുവന്ന വിദഗ്‌ധരുമായി സംവാദത്തിന് മുന്‍കൈയെടുത്ത് സര്‍ക്കാര്‍. സാങ്കേതിക വിദഗ്‌ധനും മുന്‍ റെയില്‍വേ ചീഫ് എന്‍ജിനീയറുമായ അലോക് കുമാര്‍ വര്‍മ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഇടത് സഹയാത്രികനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റും സില്‍വര്‍ലൈനിന്‍റെ മറ്റൊരു വിമര്‍ശകനുമായ ഡോ. ആര്‍.വി.ജി മേനോന്‍, ഐ.ടി വിദഗ്‌ധനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് സി മാത്യു എന്നിവരുമായാണ് സംവാദം.

സംവാദം ഈ മാസം അവസാനം : പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്‌ധരാണ് ഇവരുമായി സംവാദം നടത്തുക. പദ്ധതിയുടെ പ്രാഥമിക സാധ്യതാറിപ്പോര്‍ട്ട് ആദ്യമായി തയ്യാറാക്കുകയും ഇപ്പോള്‍ പദ്ധതിക്കെതിരെ ശക്തമായി നിലയുറപ്പിക്കുകയും ചെയ്‌തിരിക്കുന്നയാളാണ് അലോക് കുമാര്‍ വര്‍മ. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പദ്ധതിയുടെ നടത്തിപ്പുകാരായ കെ റെയിലാണ് സംവാദത്തിന് നേതൃത്വം നല്‍കുക.

പദ്ധതിയെ അനുകൂലിക്കുന്ന സംഘത്തിലെ വിദഗ്‌ധരായി ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി സുധീര്‍, റെയില്‍വേ എന്‍ജിനീയറിങ് വിദഗ്‌ധനായ സുബോധ് ജയിന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുക്കും. ഈ മാസം 27 നോ 28 നോ ആയിരിക്കും സംവാദം.

ഇതില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിക്കാനാണ് തീരുമാനം. വിദഗ്‌ധരുമായോ പദ്ധതി ബാധിക്കുന്നവരുമായോ ചര്‍ച്ച നടത്തുന്നതിനുപകരം പൗര പ്രമുഖരെ വിളിച്ച് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം. കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ മുന്നണിയില്‍ അലോക് കുമാര്‍ വര്‍മയെ പോലെയുള്ള ഒരു വിദഗ്‌ധന്‍ നിലയുറപ്പിച്ചതും സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

'എം.ഡി പറയുന്നത് പച്ചക്കള്ളം' : ഇതെല്ലാം മറികടക്കാനുള്ള തന്ത്രമാണ് ഈ സംവാദത്തിലൂടെ സര്‍ക്കാര്‍ ഒരുക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി പഠനം നടത്താന്‍ കെ റെയില്‍ നിയോഗിച്ച പാരീസ് ആസ്ഥാനമായ സിസ്ട്ര കമ്പനിക്കുവേണ്ടി ആദ്യമായി പ്രാഥമിക സാധ്യതാപഠനം നടത്തിയത് റെയില്‍വേ ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കൂടിയായ അലോക് കുമാര്‍ വര്‍മയായിരുന്നു. റെയില്‍വേ ബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഗേജിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പദ്ധതി നടപ്പാക്കാന്‍ പാകത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണ് കെ റെയില്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതെന്ന് അലോക് കുമാര്‍ വര്‍മ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, പഠനവുമായി മുന്നോട്ടുപോയപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പദ്ധതി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലായി. ഇതോടെ, സ്റ്റാന്‍ഡോര്‍ഡ് ഗേജിന് റെയില്‍വേ ബോര്‍ഡ് നല്‍കിയ അനുമതി കത്ത് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ കെ റെയില്‍ തയ്യാറായില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജ് പ്രായോഗികമല്ലെന്നും ബ്രോഡ് ഗേജിലായിരിക്കണം പദ്ധതിയെന്നും കെ റെയിലിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെന്ന് അലോക് വര്‍മ വെളിപ്പെടുത്തിയിരുന്നു.

ALSO READ | K Rail | ആശങ്ക ഉണ്ടാക്കരുത്, ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മന്ത്രി കെ. രാജൻ

അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടില്ലെന്ന് കെ റെയില്‍ എം.ഡി പറഞ്ഞതിനെയും അലോക് വര്‍മ ചോദ്യം ചെയ്‌തിരുന്നു. കെ റെയില്‍ എം.ഡി പറയുന്നത് പച്ചക്കള്ളമാണെന്നും താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴ്‌ പേജുള്ള അഭിപ്രായം കെ റെയില്‍ എം.ഡി രേഖപ്പെടുത്തിയെന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ അലോക് വര്‍മ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.