ETV Bharat / state

ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചു; ഡോക്‌ടർമാർ ഉൾപ്പെടെയുള്ള വിദഗ്‌ധ സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി

author img

By

Published : Mar 14, 2023, 7:00 PM IST

വിഷപ്പുക കൊണ്ട് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് മന്ത്രി വീണ ജോർജ്

വീണ ജോർജ്  ബ്രഹ്മപുരം തീപ്പിടിത്തം  ബ്രഹ്മപുരം  ബ്രഹ്മപുരത്ത് പ്രത്യേക സമിതി  ബ്രഹ്മപുരത്തെ പുക കെടുത്തി  Veena George  ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചു  ആരോഗ്യ സർവേ  Health survey started in Brahmapuram  Brahmapuram  കെ ബി ഗണേഷ് കുമാർ  K B Ganesh Kumar
ബ്രഹ്മപുരത്ത് ആരോഗ്യ സർവേ

ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചതായി വീണ ജോർജ്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മൂലമുണ്ടായ വിഷപ്പുക കൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നിലവിലുള്ള പ്രശ്‌നങ്ങൾ കൂടാതെ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് സമിതി വിശദമായി പഠിക്കും. ഇതിനായി വിദഗ്‌ധരായ ഡോക്‌ടർമാരെ അടക്കം ഉൾപ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അന്തരീക്ഷത്തിലെ ഡയോക്‌സിൻ സാന്നിധ്യം അടക്കം സമിതി പരിശോധിക്കും. ഇതിനനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ കഴിഞ്ഞ ദിവസം ഒരാൾ ശ്വാസംമുട്ട് കാരണം മരിച്ച സംഭവത്തിൽ വിശദമായ ഡെത്ത് ഓഡിറ്റ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. മരണ കാരണം അടക്കം കണ്ടെത്തിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കും.

ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ കണ്ടെത്തും: തീപ്പിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവേ ആരംഭിച്ചിട്ടുണ്ട്. ഇന്ന് 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇന്നലെ വരെ 1249 പേർ വിവിധ ശാരീരിക ബുദ്ധിമുട്ട് മൂലം ചികിത്സ തേടിയതായും മന്ത്രി പറഞ്ഞു. 19 പേർക്ക് മാത്രമാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഇതിൽ ആരുടെയും നില ഗുരുതരമല്ല.

കണ്ണ് പുകയൽ, ശ്വാസംമുട്ടൽ, തൊലിപ്പുറത്ത്‌ ചൊറിച്ചിൽ, തൊണ്ട വേദന എന്നിവയാണ് പലർക്കും അനുഭവപ്പെടുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള മുഴുവൻ പേരെയും കണ്ടെത്താനാണ് ശ്രമം. അതിനായാണ് സമഗ്രവും സൂക്ഷ്‌മവുമായ ഇടപെടൽ ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ചികിത്സ നിഷേധിച്ച സംഭവത്തിൽ അന്വേഷണം: അതേസമയം കഴിഞ്ഞ ദിവസം വയർ കീറി പഴുപ്പ് വന്ന സ്ത്രീക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചു എന്ന കെബി ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ജൂനിയർ മെഡിക്കൽ ഓഫീസർ ഡോക്‌ടർ അജയകുമാറിന് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്. സംഭവത്തെ ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

ആർക്കും ചികിത്സ നിഷേധിക്കുന്ന നിലപാട് ഒരു ആശുപത്രിയിലും സ്വീകരിക്കാൻ പാടില്ല. അത്തരം സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒടുവിൽ തീയ്‌ക്കും പുകയ്‌ക്കും ശമനം: അതേസമയം 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീയും പുകയും പൂർണമായി അണച്ചതായി ജില്ല കലക്‌ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. സ്‌മോള്‍ഡറിങ് ഫയര്‍ ആയതുകൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ ജാഗ്രത തുടരും.

സെക്‌ടര്‍ വെസ്റ്റിലെയും സെക്‌ടര്‍ ഒന്നിലെയും പുകയണയ്ക്കലാണ് ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീപ്പിടിത്തമുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്‌ക്കാനാകും.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീയണയ്‌ക്കൽ പ്രക്രിയയുടെ അവസാന ഘട്ടത്തില്‍ 98 അഗ്‌നിശമന സേനാംഗങ്ങളും, 22 എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 57 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 24 കൊച്ചി കോര്‍പറേഷന്‍ ജീവനക്കാരും 16 ഹോം ഗാര്‍ഡുകളും 4 പൊലീസുകാരും ആണ് രംഗത്തുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.