ETV Bharat / state

ചൂടുകാലത്തെ വെല്ലുവിളികള്‍ ; ജില്ല ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

author img

By

Published : Feb 25, 2023, 6:32 PM IST

ചൂടുകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സാസംവിധാനം ഒരുക്കണം, ശുദ്ധജലം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ ഉണ്ട്

Health department issues guidelines  ചൂട് കാലത്തെ ആരോഗ്യ വെല്ലുവിളികള്‍  ചൂടുകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍  ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്  summer advisory by health department Kerala  summer intensifies in Kerala  ചൂട് കാലത്ത് ആരോഗ്യ പരിപാലനം  സൂര്യാതാപത്തില്‍ നിന്ന് രക്ഷ നേടാന്‍
ചൂട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. ജില്ലാഭരണകൂടങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ശുദ്ധ ജലമുറപ്പാക്കല്‍ മുതല്‍ ചികിത്സാസംവിധാനം ഒരുക്കല്‍ വരെയുള്ള കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം.

ജലനഷ്‌ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുതെന്നും ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അമിതമായ ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്‌ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയംവരെയും ഉണ്ടാകുകയും ചെയ്യുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം. അതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ :

  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
  • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം
  • യാത്രാവേളയില്‍ വെള്ളം കരുതുന്നത് നല്ലത്.
  • കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ മറ്റുപല രോഗങ്ങളുമുണ്ടാകും.
  • വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.
  • നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • കട്ടി കുറഞ്ഞതോ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
  • 11 മണി മുതല്‍ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
  • വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
  • ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനാലകളും തുറന്നിടുക.
  • ക്ഷീണം അനുഭവപ്പെടുകയോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
  • ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
  • വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
  • ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
  • പഴങ്ങളും സാലഡുകളും കഴിക്കുക.
  • ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
  • ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്‌താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.