ETV Bharat / state

'കേരള സ്റ്റോറി' ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല'; നല്ല ചിത്രമെന്ന് പ്രത്യേക ഷോ കണ്ടശേഷം ജി സുരേഷ് കുമാർ

author img

By

Published : May 5, 2023, 7:51 PM IST

കേരളത്തിലെ ഹിന്ദു, ക്രിസ്‌ത്യന്‍ മതങ്ങളിലെ 32,000 പേരെ മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജമായി ആരോപണമുന്നയിക്കുന്ന ചിത്രമാണ് 'ദി കേരള സ്റ്റോറി'. ചിത്രത്തിന്‍റെ പ്രത്യേക ഷോ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് നടന്നത്

g suresh kumar statement  g suresh kumar statement on the kerala story movie  g suresh kumar kerala story movie
ജി സുരേഷ് കുമാർ മാധ്യമങ്ങളോട്

ജി സുരേഷ് കുമാർ മാധ്യമങ്ങളോട്

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' സിനിമയിൽ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും നല്ല ചിത്രമാണ് അതെന്നും നിർമാതാവ് ജി സുരേഷ് കുമാർ. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയുന്ന സിനിമയാണിത്. 32,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടുവെന്നാണ് സിനിമ എഴുതിക്കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടേയെന്നും സുരേഷ് കുമാർ പറഞ്ഞു.

ALSO READ | 'ആ സംസ്ഥാനത്തിന്‍റെ ഭീകര ഗൂഢാലോചനകള്‍ വെളിപ്പെടുത്തുന്നത്'; കേരള സ്‌റ്റോറി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വലിച്ചിഴച്ച് പ്രധാനമന്ത്രി

കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിജെപി - സംഘപരിവാർ പ്രവർത്തകർക്കായി കേരള സ്റ്റോറിയുടെ പ്രത്യേക ഷോ നടത്തി. നടിയും ഭാര്യയുമായ മേനക, മൂത്ത മകള്‍ എന്നിവര്‍ക്കൊപ്പമാണ് നിർമാതാവ് ജി സുരേഷ് കുമാര്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം എരീസ് പ്ലെക്‌സിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഷോ. സംസ്ഥാനത്താകെ 20 ഇടങ്ങളിലാണ് ഇന്ന് കേരള സ്റ്റോറിയുടെ പ്രത്യേക ഷോ നടന്നത്.

പരിശോധന നടത്തി ഡോഗ് സ്‌ക്വാഡ്: തിരുവനന്തപുരത്ത് ലുലു മാളിലെ പിവിആറിൽ ആദ്യം ഷോ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് പിന്നീട് മാറ്റി. സംസ്ഥാനത്താകെ ആദ്യം 30 ഇടങ്ങളിലായിരുന്നു ഷോ ഒരുക്കിയിരുന്നത്. എന്നാൽ, പ്രതിഷേധം കണക്കിലെടുത്താണ് പലയിടത്തും ഷോ മാറ്റിയത്. പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഷോ നടത്തിയത്. പ്രത്യേക ഷോയോട് അനുബന്ധിച്ച് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും വിവിധ തിയേറ്ററുകള്‍ക്ക് മുന്‍പിലുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി തിയേറ്ററിൽ പരിശോധന നടത്തിയ ശേഷമായിരുന്നു പ്രദർശനം ആരംഭിച്ചത്. പ്രദർശനം തുടങ്ങിയതോടെ പൊലീസ് ഗേറ്റ് അടച്ചു.

ALSO READ | 'ഇസ്‌ലാം മതത്തിനെതിരെ ഒന്നും പറയുന്നില്ല'; കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

കേരള സ്റ്റോറിയെ പിന്തുണച്ച് നരേന്ദ്ര മോദി: തെരഞ്ഞെടുപ്പ് വേദിയില്‍ 'കേരള സ്‌റ്റോറി' പരാമര്‍ശിച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള സ്‌റ്റോറി നിലവിലെ ചര്‍ച്ചാവിഷയമാണ്. കേരളത്തിലെ ഭീകര ഗൂഢാലോചനകൾ വെളിപ്പെടുത്തുന്നതാണ് ചിത്രം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.

തീവ്രവാദത്തെക്കുറിച്ച് നിര്‍മിച്ച ചിത്രം കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. എന്നിട്ട് തീവ്രവാദ പ്രവണതകള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കവചമൊരുക്കിയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പണത്തിന്‍റെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറാന്‍ കോണ്‍ഗ്രസ് തെറ്റായ കഥകള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

വിമര്‍ശനവുമായി പ്രത്യേക പ്രദര്‍ശനം കണ്ടവര്‍: 'ദി കേരള സ്റ്റോറി'യെന്ന സിനിമ കേരളത്തെ അപമാനിക്കുകയാണെന്ന് ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ. ചിത്രം കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് പുറത്തുള്ളവർക്ക് നൽകുന്നതെന്നും കേരളത്തിലെ സ്ത്രീകളെ സിനിമ തെറ്റായി ചിത്രീകരിക്കുകയാണെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.