ETV Bharat / state

'കൈതോലപ്പായയില്‍ കരിമണല്‍ കര്‍ത്തയുടെ പണവും'; കോടികൾ കൊണ്ടുപോയത് ആരൊക്കെ? വീണ്ടും തുറന്നെഴുതി ജി ശക്തിധരന്‍

author img

By

Published : Aug 18, 2023, 12:16 PM IST

Updated : Aug 18, 2023, 1:19 PM IST

കൈതോലപ്പായ വിഷയത്തിൽ വിവാദ പോസ്റ്റുമായി വീണ്ടും ജി ശക്തിധരൻ. പിണറായി വിജയനെതിരെയും പി രാജീവിനെതിരെയുമാണ് ജി ശക്തിധരന്‍റെ ആരോപണം.

g sakthidharan facebook post  g sakthidharan kaitholappaya controversy  g sakthidharan  kaitholappaya controversy  g sakthidharan facebook  sakthidharan facebook post about pinarayi vijayan  kaitholappaya sakthidharan  ജി ശക്തിധരന്‍  ജി ശക്തിധരന്‍ ഫേസ്‌ബുക്ക് പോസ്റ്റ്  ജി ശക്തിധരന്‍ ഫേസ്‌ബുക്ക് കൈതോലപ്പായ  കൈതൊലപ്പായ വിവാദം  കൈതോലപ്പായ ജി ശക്തിധരന്‍  ജി ശക്തിധരന്‍ ഫേസ്‌ബുക്ക്  ജി ശക്തിധരന്‍ കൈതോലപ്പായ കുറിപ്പ്  പിണറായി വിജയൻ പി രാജീവ്  പിണറായി വിജയൻ പി രാജീവ് കൈതോലപ്പായ  പി രാജീവ് കൈതോലപ്പായ  പി രാജീവ് കൈതോലപ്പായ വിവാദം ജി ശക്തിധരൻ  ശക്തിധരന്‍
ജി ശക്തിധരന്‍

തിരുവനന്തപുരം : കൈതോലപ്പായയില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന പണത്തില്‍ കരിമണല്‍ കര്‍ത്തയുടെ പണവുമുണ്ടെന്ന് ജി ശക്തിധരന്‍. കൊണ്ടുവന്ന രണ്ട് കോടി 35 ലക്ഷം രൂപയില്‍ ഏറ്റവും വലിയ പൊതി കര്‍ത്തയുടേതാണെന്നാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലാണ് കര്‍ത്തയില്‍ നിന്നും പണം ഏറ്റുവാങ്ങിയത്. രണ്ട് ദിവസം എറണാകുളത്തെ ദേശാഭിമാനിയില്‍ താമസിച്ചാണ് പിണറായി വിജയന്‍ ഇത്രയും തുക സമാഹരിച്ചത്. ഇത് നടക്കുന്നതിനിടയില്‍ ഒരു വമ്പന്‍ പാര്‍ട്ടി എത്താനുണ്ടെന്ന് ഇടക്കിടെ പി രാജീവ് പറഞ്ഞുകൊണ്ടിരുന്നു.

മോഹിപ്പിച്ചെങ്കിലും അയാള്‍ വന്നപ്പോള്‍ കിട്ടിയത് അഞ്ചുലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരല്‍ മീന്‍ കൊണ്ടു വന്നവനായിരുന്നു പി രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാര്‍ഥിക്ക് വോട്ടു പിടിക്കാന്‍ ബലാത്സംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകള്‍ ഇല്ലാത്തതാണെന്നും ശക്തിധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

എന്തും ചെയ്യും രാജീവ്. കാഥികന്‍റെ ശബ്‌ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയ്ക്കുമെന്നും ശക്തിധരന്‍ വ്യക്തമാക്കി. രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാല്‍ മതി എന്ന് ചട്ടം കെട്ടിയ ശേഷമാണ് പിണറായി തിരുവനന്തപുരത്തേക്ക് തിരിച്ചതെന്നും ശക്തിധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടു വന്നത് പിണറായി വിജയനാണെന്നും അന്ന് വാഹനത്തിലുണ്ടായിരുന്നത് ഇന്നത്തെ മന്ത്രി പി രാജീവാണെന്നും ശക്തിധരന്‍ തുറന്നെഴുതിയത്. ശക്തിധരന്‍റെ ആരോപണങ്ങളില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് പേര് വെളിപ്പെടുത്തിയുള്ള ശക്തിധരന്‍റെ പോസ്റ്റ് പുറത്തു വന്നത്.

ചാനല്‍ ചര്‍ച്ചയില്‍ ശക്തിധരനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സമിതിയംഗം അനില്‍കുമാറിനെയും പോസ്റ്റില്‍ ശക്തിധരന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കു നേരെ സിപിഎമ്മിലെ ഒരു പറ്റം നേതാക്കള്‍ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധം വ്യക്തിഹത്യ നത്തുകയാണ്. അതിനുള്ള മറുപടിയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ആരെക്കുറിച്ചും ചാനലില്‍ വന്നിരുന്ന് എന്തും പറയാമെന്ന അഹന്ത തലയ്ക്കു പിടിച്ച ഇതുപോലുള്ള അവതാരങ്ങള്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയേ അടങ്ങൂ എന്ന വാശിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊക്കെ മുഖ്യമന്ത്രിക്കും മരുമകനും സേവകര്‍ക്കും സന്തോഷമാകും എന്ന വിശ്വാസത്തിലാണ് ഈ കാളികൂളി സംഘം ഇങ്ങിനെ അഴിഞ്ഞാടുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും അനില്‍കുമാര്‍ പാഠം പഠിക്കുന്നില്ല. പാര്‍ട്ടിക്ക് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ശക്തിധരന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : 'നമുക്ക് ഒരു പാ മതി. വക്കീലേ! യൂണിവേഴ്സ്റ്റി കോളജിലെ പ്രഗത്ഭ മലയാളം പ്രൊഫസര്‍ ബിരുദാനന്തര മലയാളം ക്ലാസില്‍ നര്‍മ്മം ചാലിച്ചു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുള്ള പ്രയോഗമാണിത്. പെണ്‍കുട്ടികള്‍ അടക്കമുള്ള ക്ലാസ്സില്‍ സാര്‍ ഇങ്ങിനെ പറയുമ്പോള്‍ അതിലെ നര്‍മ്മം ഊഹിക്കാമല്ലോ!

ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കു നേരെ സിപിഎമ്മിലെ ഒരു പറ്റം പുത്തന്‍കൂറ്റു നേതാക്കള്‍ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധം ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തിഹത്യ നത്തുകയാണല്ലോ. അതിനുള്ള മറുപടിയായിരുന്നു ഇന്നലത്തെ എന്‍റെ പോസ്റ്റ്.. 'കൈതോലപ്പായയുടെ ദുര്‍ഗന്ധം കാരണം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം അഡ്വ അനില്‍കുമാര്‍ വിലപിച്ചതും ഞാന്‍ കേട്ടു.

അതേക്കുറിച്ചു ഒരക്ഷരം ഇപ്പോള്‍ പറയാന്‍ ഞാന്‍ തയ്യാറാകുന്നില്ലെന്നും ഞാന്‍ പൊളിഞ്ഞു നില്‍ക്കുകയാണെന്നും ആക്ഷേപിച്ചു ചാനല്‍ ചര്‍ച്ചയില്‍ എന്നെക്കുറിച്ചു വ്യക്തമായി ലക്ഷ്യം വെച്ചു മിനിയാന്ന് രാത്രി ഏഷ്യാനെറ്റിലും അതിനു മുമ്പ് മറ്റുചില ചാനലുകളിലും അഡ്വ അനില്‍കുമാര്‍ നിന്ദ്യമായ ഭാഷയില്‍ സംസാരിക്കുന്നതു കണ്ടു. അതില്‍ അര്‍ത്ഥ സത്യങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കുന്നു.

ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലും നിയമസഭ സമ്മേളനം ആസന്നമായ സാഹചര്യത്തിലും ഒറ്റവെടിക്കപ്പുറം പോകേണ്ടതില്ലെന്ന എന്‍റെ വ്യക്തിനിഷ്‌ഠ തീരുമാനവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഞാനിക്കാര്യം കന്‍റോണ്‍മെന്‍റ് എ സി യോട് നേരില്‍ തന്നെ പറഞ്ഞിരുന്നു. പുതുപ്പള്ളി തെരെഞ്ഞെടുപ്പ് സമ്പന്ധിച്ച് ഞാനിട്ട പോസ്റ്റിലും ഈ വികാരം അടങ്ങിയിരുന്നു, ഉമ്മന്‍ചാണ്ടിയുടെ തഴമ്പ് മകനുണ്ടോ എന്നായിരുന്നു അതിലെ എന്‍റെ ചോദ്യം?

പക്ഷെ ആരെക്കുറിച്ചും ചാനലില്‍ വന്നിരുന്നു എന്തും പറയാമെന്ന അഹന്ത തലയ്ക്കു പിടിച്ച ഇതുപോലുള്ള അവതാരങ്ങള്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയേ അടങ്ങൂ എന്ന വാശിയിലാണ്. ഇതൊക്കെ മുഖ്യമന്ത്രിക്കും മരുമകനും സേവകര്‍ക്കും സന്തോഷമാകട്ടെ എന്ന വിശ്വാസത്തിലാണ് ഈ കാളികൂളി സംഘം ഇങ്ങിനെ അഴിഞ്ഞാടുന്നത്. എം വി ഗോവിന്ദന്‍ സഖാവ് ഇദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പാഠം പഠിക്കുന്നില്ല. പാര്‍ട്ടിക്ക് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഞാന്‍ ഇന്നലെ എഴുതിയതിന്‍റെ പകര്‍പ്പവകാശം അഡ്വ അനില്‍കുമാറിന് തന്നെ നല്‍കുകയാണ്.

അതുകൊണ്ടുമാത്രമാണ് ഞാന്‍ ആ അധ്യായം വീണ്ടും തുറക്കുന്നത്. അവതാരകനോ സഹപാനലിസ്റ്റോ ആരും പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് ഇദ്ദേഹം പാര്‍ട്ടിയെ ഇവിടെ വെട്ടില്‍ വീഴ്ത്തിയത്. എനിക്ക് അദ്ദേഹം കൗമാരം വിട്ട് യൗവനത്തിലേക്ക് കടന്ന ഘട്ടം മുതല്‍ അറിയാം. അദ്ദേഹത്തിന്‍റെ പിതാവ് മേനോന്‍ സാറിനെയും അറിയാം. കോട്ടയം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂട്ടായി അന്നത്തെ മന്ത്രി ടി കെ ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

അന്നും ടികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അഭ്യുദയകാംക്ഷികള്‍ കൊണ്ടുവരുന്ന പണം ഏറ്റുവാങ്ങിയത് ഞാനായിരുന്നു. കയ്യില്‍ ബാഗ് എടുത്തിട്ടുണ്ടല്ലോ എന്ന് ടികെ ചോദിച്ചപ്പോള്‍ എനിക്കതിന്‍റെ പൊരുള്‍ മനസ്സിലായിരുന്നില്ല. ഏതാനും മിനുട്ടുകള്‍ കൊണ്ട് പണം ബാഗില്‍ വെക്കാനാകാതെ സിബ്ബ് ഇടാന്‍ കഴിയാത്ത അവസ്ഥവന്നു. ഞാനും ടികെയുടെ ഔദ്യോഗിക ഡ്രൈവര്‍ അപ്പച്ചനും കൂടി രണ്ടു വലിയ ചുട്ടി തോര്‍ത്ത് വാങ്ങി കരുതിവെച്ചു. ഏറെ വൈകാതെ ആ തോര്‍ത്തിലും ഉള്‍ക്കൊള്ളാനാകാതെ പണം നിറഞ്ഞു കവിഞ്ഞു.

രാത്രിയായതോടെ കാര്‍ വഴിയില്‍ ഒതുക്കി ജൗളിക്കടയില്‍ നിന്ന് ഇരട്ടമുണ്ട് വാങ്ങി അതുവരെ കിട്ടിയ എത്രയോ ലക്ഷങ്ങള്‍ ഡിക്കിയില്‍ കുത്തിക്കയറ്റി. ഏറെയും അബ്‌കാരികളുടെ പൊതികള്‍ ആയിരുന്നു. അതെല്ലാം ടികെ എക്‌സൈസ് മന്ത്രിയായിരുന്നല്ലോ. രാത്രി ടി കെ മുറിയില്‍ കിടക്കാന്‍ കയറിയപ്പോള്‍ ഞാന്‍ ഈ പണവുമായി പുലിവാല്‍ പിടിച്ചു. പക്ഷെ പണം ഇറക്കിവെച്ച മുറിയുടെ താക്കോല്‍ ഞാന്‍ കൊണ്ടുപോകുന്നതുവരെ അപ്പച്ചന് സമാധാനമില്ലായിരുന്നു.

ഞാനാകട്ടെ ടികെയുടെ മുടി അമിതമായി വളര്‍ന്നതുകൊണ്ട് രാവിലെ ആറ് മണിക്ക് തന്നെ അത് മുറിക്കാന്‍ തെരഞ്ഞു നടന്നു ആളെക്കണ്ടെത്തിയിരുന്നു. അപ്പോഴും അപ്പച്ചന്‍റെ കണ്ണ് ഈ പണം ഭദ്രമായി സൂക്ഷിക്കുന്നുണ്ടോ എന്നതിലായിരുന്നു. അത് റാഞ്ചാന്‍ കണ്ണുകള്‍ നോട്ടമിട്ട് പരിസരത്തുണ്ടായിരുന്നു എന്നത് അപ്പച്ചനാണ് എന്നെ പഠിപ്പിച്ചത്. കൊച്ചി ദേശാഭിമാനിയില്‍ നോട്ടുകെട്ടുകള്‍ എണ്ണി ബന്‍ഡിലാകുമ്പോളും ആ പഴയ അനുഭവമാണ് ഓര്‍മ്മയിലെത്തിയത്.

മുറിക്കുള്ളില്‍ പണം ഏറ്റുവാങ്ങിയത് അന്നത്തെ ഏറ്റവും വലിയ കെട്ട് കരിമണല്‍ കര്‍ത്തയുടെ ആയിരുന്നു. അത് അദ്ദേഹത്തില്‍ നിന്ന് ഏറ്റുവാങ്ങിയത് എന്‍റെ ആത്മ സുഹൃത്ത് ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലും. കര്‍ത്തയുമായി വര്‍ഷങ്ങളുടെ പരിചയക്കാരന്‍. 'ഒരുവമ്പന്‍ പാര്‍ട്ടി 'എത്താനുണ്ടെന്ന് ഇടക്കിടെ പി രാജീവ് പറഞ്ഞുകൊണ്ടിരുന്നു മോഹിപ്പിച്ചെങ്കിലും അയാള്‍ വന്നപ്പോള്‍ കിട്ടിയത് അഞ്ചുലക്ഷത്തില്‍ താഴെ മാത്രമായിരുന്നു.

തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരല്‍ മീന്‍ കൊണ്ടുവന്നവനായിരുന്നു പി രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാര്‍ഥിക്കു വോട്ടു പിടിക്കാന്‍ ബലാല്‍സംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകള്‍ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്.. കാഥികന്‍റെ ശബ്‌ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയയ്ക്കും രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാല്‍ മതി എന്നായിരുന്നു പിണറായി സഖാവ് ചട്ടം കെട്ടിയത്.

കൗതുകകരം അന്ന് രാത്രി ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ന്യുസ് എഡിറ്റര്‍ ഇതെല്ലം നിരീക്ഷിക്കുകയായിരുന്നു എന്നതാണ്. അതെന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എന്‍റെ എഫ് ബി പോസ്റ്റ് കണ്ട് അദ്ദേഹം അന്നുണ്ടായ സംഭവങ്ങള്‍ പലതും റീപ്ലെ ചെയ്‌തു. കേട്ടപ്പപ്പോള്‍ അതെല്ലാം ശരിയായിരുന്നു എന്നതും എനിക്ക് മനസിലായി. മുകളിലെ നിലയില്‍ പിണറായി സഖാവ് ഏതുമുറിയില്‍ ആണ് ഇരിക്കുന്നതെന്ന വിവരം അതിഥികള്‍ മനസ്സിലാക്കിയതും കയറിച്ചെന്നപ്പോള്‍ കണ്ട ഇവരോടായിരുന്നത്രെ. അതേക്കുറിച്ചു കൂടുതല്‍ വിവരിക്കുന്നില്ല.'- ജി ശക്തിധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Last Updated :Aug 18, 2023, 1:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.