ETV Bharat / state

EP Jayarajan On Cabinet Reshuffling : മന്ത്രിസഭ പുനഃസംഘടന ചര്‍ച്ച ചെയ്‌തിട്ടില്ല, മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ല : ഇപി ജയരാജന്‍

author img

By ETV Bharat Kerala Team

Published : Sep 20, 2023, 10:08 PM IST

Cabinet Reshuffling Discussion: മുഴുവന്‍ ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ലെന്ന് ഇ.പി ജയരാജന്‍

EP Jayarajan About Cabinet Reshuffling  Cabinet Reshuffling  EP Jayarajan  മന്ത്രിസഭ പുനഃസംഘടന ചര്‍ച്ച ചെയ്‌തിട്ടില്ല  മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ല  ഇപി ജയരാജന്‍  മന്ത്രിസഭ പുനഃസംഘടന  എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇപി ജയരാജന്‍
EP Jayarajan About Cabinet Reshuffling

എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇപി ജയരാജന്‍

തിരുവനന്തപുരം : മന്ത്രിസഭ പുനഃസംഘടനാ വിഷയം ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇപി ജയരാജന്‍ (EP Jayarajan On Cabinet Reshuffling). മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികള്‍ പലരും കത്ത് നല്‍കിയിട്ടുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും കത്ത് നല്‍കുകയും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.

മന്ത്രിസഭ പുനഃസംഘടന ഇപ്പോൾ മുന്നണിയിൽ ചർച്ചാവിഷയമല്ല. വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ട്ടികള്‍ കത്ത് നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് ചര്‍ച്ചകളിലെ മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് നടക്കാറില്ലെന്നും ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കാനാകില്ല. 21 മന്ത്രിമാരെ തന്നെ നിലനിര്‍ത്തും. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നത്. മുഴുവന്‍ ഘടക കക്ഷികൾക്കും മന്ത്രി സ്ഥാനം കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് നടപ്പിലാക്കുന്ന ജനോപകാര പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. നവംബർ 1 മുതൽ 7 വരെ കേരളീയം പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാൻ എൽഡിഎഫ് രംഗത്തിറങ്ങും. ഇതിന് പുറമെ നവംബർ 18 മുതൽ ഡിസംബർ 24 വരെ സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ 140 അസംബ്ലി മണ്ഡലങ്ങളിലും ബഹുജന കൂട്ടായ്‌മയായ ജനകീയ സദസ് നടത്തും.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ഇതില്‍ പങ്കെടുക്കും. ഇതിനായി ബൂത്ത്‌, ബ്ലോക്ക്‌, മണ്ഡലം, ജില്ല അടിസ്ഥാനത്തിൽ സംഘാടക സമിതികൾ രൂപീകരിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. എൽഡിഎഫിന്‍റെ എല്ലാ ജില്ലാ കമ്മിറ്റികളും ഇതിന് മുന്നോടിയായി ചേരും.

എല്ലാവിഭാഗം ജനങ്ങളെയും ജനകീയ സദസിന്‍റെ ഭാഗമാക്കും. കല, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പരിപാടിയുടെ ഭാഗമാക്കും. പരിപാടി വലിയ പ്രചാരണ ശൃംഖലയാക്കും. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയാകും ജനകീയ സദസ് നടത്തുക. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത കേരളം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. എല്ലാ മത വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള പരിപാടിയായിരിക്കും ഇതെന്നും ഇപി പറഞ്ഞു. ജനങ്ങളുടെ പിന്തുണ ഇതിന് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവകേരളം ഒന്നോ രണ്ടോ കൊല്ലം കൊണ്ട് നിർമിക്കാനാവില്ല. അതി ദരിദ്രരില്ലാത്ത കേരളം എന്നത് ഒരു ലക്ഷ്യമാണ്. ഓരോ മണ്ഡലത്തിലെയും ആവശ്യങ്ങൾ അറിയാൻ ജനകീയ സദസുകൾ സഹായിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് എല്ലാ മുന്നണികളെയും ബാധിക്കുന്ന വിഷയമാണ്. എൽഡിഎഫിന്‍റെ ബൂത്ത്‌ കമ്മിറ്റികൾ സർക്കാർ പരിപാടി വിജയിപ്പിക്കാൻ രംഗത്തിറങ്ങുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു.

യുഡിഎഫിനെ കുറിച്ചും പ്രതികരണം (Response About UDF): യുഡിഎഫിന് അകത്ത് നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് ഇപി ജയരാജന്‍. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മില്‍ അടി നടക്കാത്തത് ഭാഗ്യമെന്നേ തനിക്ക് പറയാനുള്ളൂ. ഇത്തരം അവസരങ്ങളിലൂടെ ഓരോ പാര്‍ട്ടിയെ കുറിച്ചും ജനങ്ങള്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. കോൺഗ്രസ്‌ നശിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന് അകത്തുള്ള പ്രശ്‌നങ്ങള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മൈക്കിന്‍റെ പേരിലാണ് ഇപ്പോള്‍ പിടിവലിയെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.