ETV Bharat / state

9-ാം ക്ലാസ് വരെ പരീക്ഷ ഏപ്രിൽ 10നകം; പാഠഭാഗങ്ങൾ മാർച്ച് 31നുള്ളിൽ തീർക്കും

author img

By

Published : Feb 15, 2022, 7:35 PM IST

ഈ അധ്യയന വർഷത്തിൽ മാർച്ച് വരെ പ്രവൃത്തി ദിനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

education minister v sivankutty school opening  v sivankutty annual exam  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  വാർഷിക പരീക്ഷ  ശനിയാഴ്‌ച സ്കൂളുകളിൽ പ്രവൃത്തി ദിനം
9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രിൽ 10നകം; പാഠഭാഗങ്ങൾ മാർച്ച് 31നുള്ളിൽ തീർക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ ഏപ്രിൽ 10നകം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മാർച്ച് 31നുള്ളിൽ പാഠഭാഗങ്ങൾ തീർക്കും. ഈ അധ്യയന വർഷത്തിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അധ്യാപക സംഘടനകൾ തീരുമാനത്തിന് പിന്തുണ നൽകിയതായും വി.ശിവൻകുട്ടി.

മാർച്ച് വരെ മാത്രമാകും ശനിയാഴ്‌ചയും പ്രവൃത്തിദിനമാകുന്നത്. കൊവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് തീരുമാനം.

ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തിക്കുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. ജില്ല കലക്‌ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ല ഭരണകൂടം വിലയിരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് സർക്കാരിന് നിർബന്ധ ബുദ്ധിയില്ല. ആവശ്യാനുസരണം ഓൺലൈൻ ക്ലാസുകൾ നടത്തിയാൽ മതി. അതിനായി അധ്യാപകരെ നിർബന്ധിക്കില്ല.

എന്നാൽ അസുഖം മൂലം ക്ലാസിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് അധ്യാപകർ പിന്തുണ നൽകണമെന്നും മന്ത്രി നിർദേശിച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക മൂല്യനിർണയത്തിന്‍റെ സമീപനം നിശ്ചയിക്കുന്നതിന് എസ്‌സിഇആർടിയെ ചുമതലപ്പെടുത്തി. മൂല്യനിർണം ഏപ്രിൽ മാസത്തിൽ തന്നെ നടത്തുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കും.

സ്‌കൂൾ തലത്തിലെ പിടിഎ, ക്ലാസ് പിടിഎ എന്നിവ വിളിച്ചു ചേർത്ത് സ്‌കൂൾ പൂർണമായും തുറക്കുന്നതിന്‍റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തണം. പാഠഭാഗങ്ങൾ പരമാവധി തീർക്കാനായി കർമപദ്ധതി തയാറാക്കണമെന്നും മന്ത്രി അറിയിച്ചു.

Also Read: 'ഗവർണറും മുഖ്യമന്ത്രിയും പീലാത്തോസാകാന്‍ ഒത്തുകളിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.