ETV Bharat / state

ഡോ വന്ദന ദാസിന്‍റെ കൊലപാതകം: സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

author img

By

Published : Jun 4, 2023, 8:49 PM IST

സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും മെഡിക്കൽ ബോർഡ് വ്യക്‌തമാക്കി.

വന്ദന ദാസിന്‍റെ കൊലപാതകം  Dr Vandana Das  Dr Vandana Das Murder Case  സന്ദീപ്  സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധന ഫലം  ഡോ വന്ദന ദാസ് കൊലപാതകം ഫോറൻസിക് റിപ്പോർട്ട്  SANDEEPS FORENSIC REPORT  DOCTOR VANDANA MURDER ACCUSED SANDEEP  ഫോറൻസിക് റിപ്പോർട്ട്
ഡോ വന്ദന ദാസിന്‍റെ കൊലപാതകം സന്ദീപ് ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധന ഫലം. സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രതി ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. പ്രതി സന്ദീപിന്‍റെ രക്തം, മൂത്രം എന്നിവ പരിശോധിച്ചതില്‍ മദ്യത്തിന്‍റെയോ മറ്റ് ലഹരി വസ്‌തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.

സംഭവം നടക്കുന്ന ദിവസം സന്ദീപ് ലഹരിയുടെ സ്വാധീനത്തില്‍ കൊലപാതകം നടത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ തന്നെ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു.

തുടര്‍ന്ന് പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം സന്ദീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് പത്ത് ദിവസം സന്ദീപിനെ നിരീക്ഷിച്ച ശേഷമാണ് ഇപ്പോള്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിരീക്ഷണത്തിലാണ് സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നത്.

നാടിനെ നടുക്കിയ കൊലപാതകം : മെയ് 10 നായിരുന്നു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്‌ടറായ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുന്നത്. ചികിത്സയ്ക്കിടെ കത്രിക ആയുധമാക്കിയായിരുന്നു പ്രതി സന്ദീപ് ഡോ വന്ദന ദാസിനെ കൊലപ്പെടുത്തിയത്. പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചതിനിടെ പുലർച്ചെ നാല് മണിയോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്.

തുടര്‍ന്ന് വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും 20 ലധികം തവണ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകളുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പണിമുടക്കി പ്രതിഷേധിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാൻ നിയമം : കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓര്‍ഡിനന്‍സിന് അംഗീകാരം നൽകിയിരുന്നു. ആരോഗ്യ മേഖലയിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നൽകിയത്.

2012 ലെ കേരള ആരോഗ്യ രക്ഷാ സേന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും സംരക്ഷിക്കല്‍ നിയമം ഭേദഗതി ചെയ്‌താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആശുപത്രികളില്‍ കാണിക്കുന്ന അതിക്രമത്തിന് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വര്‍ധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ കൂടാതെ മിനിസ്റ്റീരിയല്‍ ജീവനക്കാരെയും സുരക്ഷ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയില്‍ കൊണ്ടുവന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.