ETV Bharat / state

വെല്ലുവിളികളെ തോല്‍പിച്ച വനിത; വീല്‍ചെയറില്‍ മീന്‍ വിറ്റ് സുമ എന്ന വീട്ടമ്മ

author img

By

Published : Feb 11, 2023, 8:56 PM IST

sumas story  suma trivandrum  differently abled fish merchant  differently abled fish merchant suma  sum fish merchant in trivandrum  latest news in trivandrum  latest news today  വെല്ലുവിളികളെ തോല്‍പിച്ച വനിത  വീല്‍ചെയറില്‍ മീന്‍ വിറ്റ് സുമ  സുമ  സുമ എന്ന വീട്ടമ്മ  ഇരു കാലുകളും വലതു കൈയ്യും തളർന്നു  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വെല്ലുവിളികളെ തോല്‍പിച്ച വനിത; വീല്‍ചെയറില്‍ മീന്‍ വിറ്റ് സുമ എന്ന വീട്ടമ്മ

ഒന്നാം വയസിൽ പോളിയോ ബാധിച്ചതോടെ സുമയുടെ ഇരു കാലുകളും വലതു കൈയ്യും തളർന്നു പോയതാണ് സുമയുടെ ജീവിതത്തിന് തിരിച്ചടിയായത്

വെല്ലുവിളികളെ തോല്‍പിച്ച വനിത; വീല്‍ചെയറില്‍ മീന്‍ വിറ്റ് സുമ എന്ന വീട്ടമ്മ

തിരുവനന്തപുരം: ജീവിതത്തില്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ചെറിയ കുറവുകളെ പോലും പഴിചാരുന്നവര്‍ തിരുവനന്തപുരം കാട്ടാക്കട റോഡിൽ കുണ്ടമൺ കടവ് പാലത്തിന് സമീപം എത്തണം. ഇവിടെ ജീവിതത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് പൊരുതുന്ന സുമ എന്ന് പേരുള്ള ഒരു പെണ്‍കരുത്തുണ്ട്. ഒന്നാം വയസിൽ പോളിയോ ബാധിച്ചതോടെ സുമയുടെ ഇരു കാലുകളും വലതു കൈയ്യും തളർന്നു പോയി.

എന്നാൽ, സുമയുടെ മാതാവ് മത്സ്യ വില്‍പന നടത്തി മകളെ പഠിപ്പിച്ചു. പ്ലസ്‌ടു കഴിഞ്ഞ് അനിമേഷൻ അടക്കം ഡിപ്ലോമ കോഴ്‌സുകൾ പഠിപ്പിച്ചു. മകൾക്ക് ഒരു തൊഴിൽ ചെയ്‌ത് വരുമാനം കണ്ടെത്താനായിരുന്നു ആ മാതാവിന്‍റെ ശ്രമം.

വെല്ലുവിളികളില്‍ പതറാതെ മുന്നോട്ട്: എന്നാൽ, സുമയുടെ കുറവുകൾ വെല്ലുവിളിയായി. ഭിന്നശേഷി സൗഹൃദം എന്നത് കടലാസിൽ മാത്രമായ കേരളത്തിൽ സുമയ്ക്ക് ഒരു തൊഴിൽ ലഭിച്ചില്ല. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്‌റ്റര്‍ ചെയ്‌ത ജോലിക്കായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയിൽ വിവാഹവും മകന്‍റെ ജനനവും നടന്നു. വാടക വീട്ടിലെ താമസം അടക്കമുള്ള ചിലവുകൾ ഭർത്താവിന്‍റെ തുച്ഛമായ വരുമാനം കൊണ്ട് മാത്രം അടയ്‌ക്കാന്‍ കഴിയാതെ വന്നതോടെ എന്തെങ്കിലും തൊഴിൽ ചെയ്‌ത് ജീവിക്കാനായി പിന്നീടുള്ള ശ്രമം. തന്‍റെ കുറവുകൾ വീണ്ടും വെല്ലുവിളിയായപ്പോൾ അമ്മ ചെയ്‌തിരുന്ന മത്സ്യക്കച്ചവടം തന്നെ സുമ അതിജീവനത്തിനായി തിരഞ്ഞെടുത്തു.

പുലർച്ചെ അഞ്ചുമണിയോടെ ഇതിനായുള്ള അധ്വാനം തുടങ്ങും. ഭർത്താവിനൊപ്പം കടപ്പുറത്തെത്തി മീൻ വാങ്ങി റോഡരികിൽ കച്ചവടം ചെയ്യുകയായിരുന്നു സുമ. ഏഴരയുടെ വില്‍പനയ്ക്കായി മത്സ്യവുമായി സുമ തയ്യാറാകും.

കച്ചവടത്തിനായി ഒരു ചെറിയ കടയെന്ന സ്വപ്‌നം: പല സ്ഥലങ്ങളിലും ഇത്തരത്തിൽ കച്ചവടത്തിന് ശ്രമിച്ചെങ്കിലും വെല്ലുവിളികൾ വീണ്ടുമെത്തി. ഇങ്ങനെ കച്ചവട സ്ഥലങ്ങൾ പലതവണ മാറി. അവസാനം തിരുവനന്തപുരം കാട്ടാക്കട റോഡിൽ കുണ്ടമൺ കടവ് പാലത്തിന് സമീപമായി വീൽചെയറിൽ ഇരുന്ന് മത്സ്യ കച്ചവടം തുടങ്ങി. എന്നാൽ, ഇവിടെ കച്ചവടം ചെയ്‌തിരുന്ന മറ്റു സ്ഥാപനങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ മൂലം ഈ ഭാഗത്തെ തെരുവ് കച്ചവടം മുഴുവൻ പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു.

ഇതോടെ, വിൽപനയ്ക്ക് ഒരു ഇടം പോലുമില്ലാതെയായി സുമയ്ക്ക്. ഭിന്നശേഷിക്കാരി ആയതുകൊണ്ട് തന്നെ എവിടെയും ഇരുന്ന് കച്ചവടം ചെയ്യാൻ സുമക്ക് കഴിയില്ല. മത്സ്യ കച്ചവടം നടത്തുന്നതിന് ഒരു ചെറിയ കട എന്നതാണ് സുമ ഇപ്പോൾ കാണുന്ന ഏറ്റവും വലിയ സ്വപ്‌നം.

തെരുവിലെ മത്സ്യ കച്ചവടവും സുമയെ സംബന്ധിച്ചിടത്തോളം ശാരീരികമായി ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. വീൽചെയറിൽ ഇരുന്നുള്ള കച്ചവടത്തിനിടെ വെയിൽ കടുക്കുമ്പോൾ തളർന്നുപോകുന്ന അവസ്ഥയിലെത്തും. ഈ കനത്ത ചൂടിലും അല്‍പം വെള്ളം പോലും കുടിക്കാൻ സുമയ്ക്ക് ഭയമാണ്.

കാരണം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. തന്‍റെ ശാരീരിക അവസ്ഥ മൂലം എല്ലാ ടോയിലറ്റും ഉപയോഗിക്കാൻ കഴിയില്ല. അതിനാലാണ് ചെറിയ ഒരു കട എന്ന ആഗ്രഹം സുമ മുന്നോട്ടുവയ്ക്കുന്നത്.

മകനെ അംഗനവാടിയിൽ അയച്ച ശേഷമാണ് സുമ കച്ചവടം നടത്തുന്നത്. ചില ദിവസങ്ങളിൽ ശാരീരിക അവശത കഠിനമാകുമ്പോൾ കച്ചവടം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാറാണ് സുമ ചെയ്യുന്നത്. ഇത് കനത്ത നഷ്‌ടവും സുമയ്ക്കുണ്ടാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.