ETV Bharat / state

ചർച്ചയാകാൻ സമ്മേളനങ്ങളും ജി സുധാകരനും, സിപിഎം സംസ്ഥാന സമിതി യോഗത്തിന് തുടക്കം

author img

By

Published : Aug 16, 2021, 9:16 AM IST

സെപ്തംബര്‍ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരിയില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായത്.

CPM state committee meeting begins
ചർച്ചയാകാൻ സമ്മേളനങ്ങളും ജി സുധാകരനും, സിപിഎം സംസ്ഥാന സമിതി യോഗത്തിന് തുടക്കം

തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പാണ് സംസ്ഥാന സമിതി യോഗത്തിന്‍റെ പ്രധാന അജണ്ട. കേന്ദ്ര നേതൃത്വം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ മുതല്‍ സംസ്ഥാന സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചുള്ള ആലോചനകള്‍ സംസ്ഥാന നേതൃത്വം തുടങ്ങിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പാർട്ടി സമ്മേളനങ്ങൾ നടത്താനുള്ള രൂപരേഖ തയാറാക്കിയിരുന്നു.

സമ്മേളനത്തിന് ഒരുങ്ങാൻ ചർച്ച

സെപ്തംബര്‍ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരിയില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സെക്രട്ടേറിയറ്റില്‍ ധാരണയായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ പകുതിയോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. 2022 ജനുവരിയില്‍ ജില്ല സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രവരിയില്‍ സംസ്ഥാന സമ്മേളനം നടത്തും. ഇത്തവണ സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടത്താമെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തുടങ്ങുന്ന സംസ്ഥാന സമിതി ഇത് സംബന്ധിച്ച് അന്തിമ തീരുമാനമടുക്കും.

കൊവിഡ് കാലമായതിനാല്‍ പരമാവധി ആള്‍ക്കുട്ടം കുറച്ച് സമ്മേളനങ്ങള്‍ നടത്താനാണ് സിപിഎം തീരുമാനം. സമ്മേളനം എങ്ങനെ നടത്തണമെന്ന മാര്‍ഗ്ഗരേഖയ്ക്കും സംസ്ഥാന സമിതി രൂപം നല്‍കും. പാര്‍ട്ടി ഭാരവാഹിത്വത്തിനുള്ള പ്രായ പരിധി 75 വയസാക്കണമെന്ന കേന്ദ്രകമ്മിറ്റി തീരുമാനവും സംസ്ഥാന സമിതിയുടെ പരിഗണനയില്‍ വരും. പ്രായപരിധി നടപ്പിലാക്കണമെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. പ്രായപരിധി നടപ്പിലാക്കിയാല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് നാല് പേരും സംസ്ഥാന സമിതിയില്‍ നിന്ന് 11 പേരും ഒഴിയും.

ജി സുധാകരന് എതിരായ പരാതി

ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കങ്ങളാണ് സംസ്ഥാന സമിതിയുടെ പരിശോധനയ്ക്ക് വരുന്ന മറ്റൊരു പ്രധാന വിഷയം. അമ്പലപ്പുഴയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജി. സുധാകരനെതിരെയുള്ള പരാതി പരിശോധിക്കുന്ന രണ്ടംഗ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വന്നേക്കാം. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് ചേര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിക്കുകയാണെങ്കില്‍ തുടര്‍ന്ന് സംസ്ഥാന സമിതിയിലും വിഷയം ചര്‍ച്ചയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.