ETV Bharat / state

വിടാതെ 'കെ.എം മാണി'; മുഖം രക്ഷിക്കാൻ സിപിഎമ്മും കേരള കോണ്‍ഗ്രസും

author img

By

Published : Jul 6, 2021, 2:20 PM IST

നിയമസഭ കൈയാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം കെ.എം മാണിയുടെ രൂപത്തില്‍ സി.പി.എമ്മിനെയും കേരള കോണ്‍ഗ്രസിനെയും തിരിഞ്ഞു കൊത്തുന്നു. അവസരം മുതലെടുക്കാൻ കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ വിവാദം കൊഴുക്കുകയാണ്

CPM  KERALA CONGRESS M  jose k mani  km mani  mani  km mani issue  alleged corruption  cpm meeting  a vijayaraghavan  congress  സിപിഎം  കേരള കോണ്‍ഗ്രസ് എം  യോഗം  സിപിഎം യോഗം  അഴിമതി ആരോപണം  മാണി  കെഎം മാണി  ജോസ് കെ മാണി  എ വിജയരാഘവൻ  കോൺഗ്രസ്
കെ.എം. മാണിക്കെതിരായ അഴിമതി ആരോപണം: സിപിഎം, കേരള കോണ്‍ഗ്രസ് എം യോഗം ചേർന്നു

തിരുവനന്തപുരം: കെ.എം. മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വെട്ടിലായി സിപിഎമ്മും ജോസ് കെ. മാണിയും. വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള നടപടികള്‍ ആരായാൻ ഇരുപാര്‍ട്ടികളും ഉന്നതതല യോഗം വിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്തും യോഗം ചേര്‍ന്നാണ് ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നത്.

വെട്ടിലായി ജോസ് കെ. മാണി

കെ.എം. മാണിക്ക് പരിശുദ്ധന്‍റെ പരിവേഷം ചാര്‍ത്തുകയും ജോസ് കെ. മാണിക്ക് എകെജി സെന്‍ററിലേക്ക് ചുവപ്പു പരവതാനി വിരിക്കുകയും ചെയ്‌ത ശേഷം രാജ്യത്തെ പരമോന്നത കോടതിയില്‍ കെ.എം. മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ അറിയിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ജോസ് കെ. മാണിക്കേറ്റ കനത്ത പ്രഹരമായി.

ഇതിനെതിരെ പരസ്യമായി പ്രതികരിക്കാനാകാത്ത പ്രതിസന്ധിയാണ് ജോസ് കെ. മാണിക്കുണ്ടായിരിക്കുന്നത്. വിഷയത്തിന്‍റെ രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കോണ്‍ഗ്രസാകട്ടെ ഒരേ സമയം സിപിഎമ്മിനെയും ജോസ് കെ. മാണിയെയും പത്മവ്യൂഹത്തിലകപ്പെടുത്താനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്.

ജോസ് കെ മാണിയുടെ നിലപാടെന്ത്

അതേസമയം മാണി അഴിമതിക്കാരനല്ലെന്ന നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴും ഉള്ളതെന്ന് ആവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിലെ പരാമര്‍ശത്തില്‍ ജോസ് കെ. മാണി പ്രതികരിക്കണമെന്നാവശ്യപ്പെട്ടു. കെ. മുരളീധരനും വി.ഡി. സതീശനും ഇതേ ആവശ്യമുന്നയിച്ചു.

ആരാണ് അഴിമതി വീരൻ

എന്നാല്‍ മാണി അഴിമതിക്കാരനെന്ന് അഭിഭാഷകന്‍ പറഞ്ഞതായ വാര്‍ത്തകള്‍ ഇടതു വിരുദ്ധ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് വിശദീകരിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്‌ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ രംഗത്തു വന്നു. കെ.എം. മാണിക്കെതിരെയല്ല, മറിച്ച് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെയാണ് എല്‍ഡിഎഫ് രംഗത്തു വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ ഈ വാദവും പ്രതിപക്ഷം തള്ളി. അങ്ങനെയെങ്കില്‍ അന്ന് നിയമസഭയിലേക്കു വന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയോ മറ്റ് മന്ത്രിമാരെയോ തടയാതെ കെ.എം. മാണിയെ മാത്രം തടഞ്ഞതെന്തിനായിരുന്നുവെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. കെ.എം. മാണിയെയും കുടുംബത്തെയും അപമാനിച്ച ഈ പ്രസ്താവന പിന്‍വലിക്കണമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ പ്രചാരണ തന്ത്രങ്ങൾ

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടു മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എം. മാണിയെ അഴിമതി സ്ഥാനത്ത് നിര്‍ത്തിയായിരുന്നു അന്നത്തെ എല്‍ഡിഎഫിന്‍റെ പ്രചാരണം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടു മുന്‍പ് കെ.എം. മാണിക്ക് മികച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കി മകന്‍ ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ എല്‍ഡിഎഫ് ഘടക കക്ഷിയാക്കുകയായിരുന്നു.

എന്നിട്ടും പതിമൂന്നാം കേരള നിയമസഭയില്‍ കെ.എം. മാണിയുടെ അവസാനത്തെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ഇപ്പോഴത്തെ ഭരണപക്ഷം നടത്തിയ കൈയാങ്കളി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഊരാക്കുടുക്കായി എല്‍ഡിഎഫിനെ പിന്തുടരുന്നു. ഏറ്റവും ഒടുവില്‍ സ്വന്തം ഘടക കക്ഷിയുടെ സ്ഥാപക നേതാവിനെ തന്നെ അഴിമതിക്കാരനെന്ന് പറയേണ്ട ദുര്‍ഗതി കൂടി ഈ കേസില്‍ നിന്ന് തലയൂരാന്‍ സിപിഎമ്മിന് പ്രയോഗിക്കേണ്ടി വന്നിരിക്കുകയാണ്.

കേസ് വീണ്ടും 15ന്

നിയമസഭ കൈയാങ്കളി കേസില്‍ നിന്ന് രക്ഷപ്പെടുകയും വേണം എന്നാല്‍ ജോസ് കെ. മാണിയെ ഒപ്പം നിര്‍ത്തുകയും വേണം എന്ന പ്രതിസന്ധിയില്‍ സിപിഎം നില്‍ക്കുമ്പോള്‍ പരസ്യ നിലപാടെടുക്കാന്‍ കഴിയാതെ മണ്ണിൽ തലപൂഴ്‌ത്തേണ്ട അവസ്ഥയിലാണ് ജോസ് കെ. മാണി. യുഡിഎഫിനാകട്ടെ ഒരേസമയം സിപിഎമ്മിനെയും ജോസ് കെ. മാണിയെയും പ്രഹരിക്കാന്‍ വീണുകിട്ടിയ ആയുധവും. കേസ് വീണ്ടും 15ന് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

READ MORE: മാണി പരാമര്‍ശം; പിടി തരാതെ ജോസ് കെ മാണി, മാധ്യമങ്ങളോട് കയര്‍ത്ത് റോഷി അഗസ്റ്റിൻ

READ MORE: പഴി മാധ്യമങ്ങള്‍ക്ക്, സുപ്രീംകോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എ വിജയരാഘവൻ

READ MORE: കെ.എം. മാണി പരാമര്‍ശം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.