ETV Bharat / state

കോടിയേരി ബാലകൃഷ്‌ണൻ അന്തരിച്ചു, വിട വാങ്ങിയത് എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ സിപിഎമ്മിന്‍റെ അമരക്കാരൻ

author img

By

Published : Oct 1, 2022, 8:46 PM IST

Updated : Oct 1, 2022, 11:08 PM IST

അർബുദ ബാധിതനായി ചികിത്സിയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം

Kodiyeri Balakrishnan passes away  കോടിയേരി ബാലകൃഷ്‌ണൻ അന്തരിച്ചു  സിപിഎമ്മിന്‍റെ അമരക്കാരൻ  സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  കോടിയേരിയുടെ ആരോഗ്യനില  മുഖ്യമന്ത്രി പിണറായി വിജയൻ  Kodiyeri Balakrishnan death  Former kerala State Secretary of CPM  CPM kerala State Secretary Kodiyeri Balakrishnan  Kodiyeri passed away  മിസ  MISA
കോടിയേരി ബാലകൃഷ്‌ണൻ അന്തരിച്ചു, വിട വാങ്ങിയത് എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ സിപിഎമ്മിന്‍റെ അമരക്കാരൻ

തിരുവനന്തപുരം/ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെ ആശുപത്രിയിൽ നേരിട്ടെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഭാര്യ വിനോദിനിയും മക്കളും മരുമക്കളും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്ന് 2022 ഓഗസ്റ്റ് 28നാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

വിട വാങ്ങിയത് ജനപ്രിയ നേതാവ്: സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടുന്ന ഭരണകക്ഷിയായി എല്‍ഡിഎഫ് മാറിയപ്പോള്‍ സിപിഎം പാര്‍ട്ടി സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. സ്‌കൂൾ പഠനകാലത്ത് രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏറെ സജീവമായിരുന്ന അദ്ദേഹം വിദ്യാർഥി നേതാവായി പ്രവർത്തിച്ചുകൊണ്ട് ശ്രദ്ധയാർജിച്ചു. 1970ൽ തന്‍റെ 17-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി.

1973ൽ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും ചുമതലയേറ്റു. 1979 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു.

1980 മുതൽ 1982 വരെ ഡിവൈഎഫ്ഐ ജില്ല പ്രസിഡന്‍റായിരുന്നു. പിണറായി വിജയന് പിന്നാലെ 2015 ഫെബ്രുവരി 23ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർച്ചയായി മൂന്ന് തവണയാണ് ഈ സ്ഥാനത്തേക്കെത്തുന്നത്.

പകരം വയ്‌ക്കാനാകാത്ത അമരക്കാരൻ: 2011 മുതൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി, 2008 ഏപ്രിൽ മൂന്നിന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകൾ വഹിച്ചു. എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു.

എസ്എഫ്‌ഐയുടെ തന്നെ സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലത്താണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി ജയിൽശിക്ഷയും അനുഭവിച്ചു. എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയായും കോടിയേരി പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ തലശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്‌ണൻ ജനിച്ചത്. സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എംവി രാജഗോപാലിന്‍റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്‍റർ ജീവനക്കാരിയും ആയ എസ്.ആർ വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ: ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

Last Updated : Oct 1, 2022, 11:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.