ETV Bharat / state

ലക്ഷ്യം 20 സീറ്റ്, ഇടതുപക്ഷ എംപിമാര്‍ ലോക്‌സഭയിലെത്തണം; ബിനോയ് വിശ്വം

author img

By ETV Bharat Kerala Team

Published : Dec 28, 2023, 8:28 PM IST

CPI State Secretary Binoy Viswam: ബിജെപി - ആര്‍എസ്‌എസ് സര്‍ക്കാരിനെ താഴെയിറക്കണം. പ്രലോഭനങ്ങളില്‍ വഴങ്ങാത്ത എംപിമാര്‍ വരണം എന്നും ബിനോയ് വിശ്വം

Binoy Viswam  Lok Sabha election 2024  ബിനോയ് വിശ്വം  അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്
cpi-state-secretary-binoy-viswam-on-lok-sabha-election-2024

ബിനോയ് വിശ്വം പ്രതികരിക്കുന്നു

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും ജയിക്കുകയാണ് ലക്ഷ്യമെന്നും ഇടതുപക്ഷ എംപിമാർ പാർലമെന്‍റിൽ എത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം (CPI State secretary Binoy Viswam on Lok Sabha election 2024). സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ ഏകകണ്‌ഠേനയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

രാഷ്ട്രീയപരമായി നോക്കുമ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആപത്തായ ആർഎസ്എസ്- ബിജെപി സർക്കാരിനെ താഴെയിറക്കിയേ തീരൂ. പകരം ഉണ്ടായി വരുന്ന സർക്കാർ മിക്കവാറും ഇന്ത്യ സഖ്യത്തിന്‍റേതായിരിക്കും. ആ സർക്കാരിനെ ശക്തിപ്പെടുത്താനായി ഉറപ്പാക്കേണ്ടത് നിർണായക വേളകളിൽ പതറാത്ത, ബിജെപിയുടെ സമ്മർദങ്ങളിലോ പ്രലോഭനങ്ങളിലോ വീഴാത്ത എംപിമാർ ജയിച്ച് മുന്നോട്ടു പോണം എന്നുള്ളതാണ്. ആ ഗാരണ്ടി ഉള്ളത് ഇടതുപക്ഷ എംപിമാരെ സംബന്ധിച്ച് മാത്രമായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്കുള്ള ബിജെപി ക്ഷണത്തിൽ കോൺഗ്രസ് നിലപാടിനെ ബിനോയ് വിശ്വം പരിഹസിച്ചു. ചിലർ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കോൺഗ്രസ് ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ബിജെപി ആകുന്നു എന്നാണ് പരിഹാസം. അമ്പലം പണിയുന്നതിനോട് ആർക്കും എതിർപ്പില്ല. പക്ഷേ പള്ളി പൊളിച്ച സ്ഥലത്താണ് അമ്പലം പണിയുന്നത്. ഇന്ത്യൻ മതേതര മൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ ഒരു സ്ഥലമാണത്.

ബാബറി മസ്‌ജിദ് പള്ളി പൊളിച്ച് മാറ്റിയ അതേ സ്ഥലത്ത് പണിത ഒരു അമ്പലത്തിന്‍റെ ഉദ്ഘാടനമാണ് പന്ത്രണ്ടാം തീയതി നടക്കുന്നത്. അതിനുവേണ്ടിയാണ് ബിജെപി ക്ഷണിക്കുന്നത്. ചടങ്ങിൽ ബിജെപി എല്ലാവരെയും ക്ഷണിച്ചത് രാഷ്ട്രീയ കൗശലമാണ്. അത്തരം ക്ഷണങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി തള്ളിക്കളയുകയാണ്. അങ്ങനെ പറയേണ്ട പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. കോൺഗ്രസ് പാർട്ടിക്ക് അത് പറയാൻ കഴിയുന്നില്ല. എന്തേ ഈ മാറ്റം ഉണ്ടായി?

കേരളത്തിലെ നേതാക്കൾ പറയുന്നു അത് തങ്ങൾ പറയേണ്ട കാര്യമല്ല, ദേശീയ കാര്യമാണെന്ന്. തങ്ങൾ വരുന്നില്ല എന്ന് പറയാൻ എന്താണ് ഇത്ര താമസം. കോൺഗ്രസ് അതിന്‍റെ യഥാർഥമായ കർത്തവ്യങ്ങൾ മറന്നുപോകുന്നു. അത് മറന്നു കൊണ്ടാണ് രാത്രിയിൽ കിടക്കുമ്പോൾ കോൺഗ്രസ് ആകുന്നതും നേരം വെളുക്കുമ്പോൾ ബിജെപി ആകുന്ന അവസ്ഥ ഉണ്ടാകുന്നത്. ഇന്ത്യ സഖ്യം ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങൾക്ക് ആത്യന്തികമായ വിജയം ഉണ്ടാകണമെങ്കിൽ കേരളത്തിൽ നിന്ന് പോകേണ്ട 20 പേരും ഇടതുപക്ഷക്കാരാകണം എന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ബിനോയ് വിശ്വം രൂക്ഷവിമർശനം ഉന്നയിച്ചു. ബിജെപിയെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ഗവർണർ. ഗവർണർ പദവി അനാവശ്യമാണ്. സംസ്ഥാന സർക്കാരിനെതിരെ എന്തും പ്രവർത്തിക്കാൻ ഗവർണർക്ക് അധികാരമില്ല. രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫിസാക്കുന്നു. ഇപ്പോഴത്തെ ഗവർണർ വാഴ്‌ച ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്നുണ്ട്. അതേസമയം പത്തനംതിട്ട ജില്ല സെക്രട്ടറിയായ എ പി ജയനെതിരായ നടപടിയിലും അദ്ദേഹം പ്രതികരിച്ചു. ജയനെ എന്നെന്നേക്കുമായി തള്ളി കളയുന്നതല്ല. തിരുത്തി മുന്നോട്ട് വരണം. പത്തനംതിട്ടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തി കൊണ്ടുപോകും. വയനാട് ലോക്‌സഭ സീറ്റ് സിപിഐയുടേതാണ്. അവിടെ സിപിഐ മത്സരിക്കുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.