ETV Bharat / state

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് തുടക്കം

author img

By

Published : Jan 19, 2022, 10:34 AM IST

Updated : Jan 19, 2022, 2:34 PM IST

covid vaccination for schools students started  സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു  covid vaccination schools students
സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് തുടക്കം

2007ലോ അതിനുമുമ്പോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. കൊവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. 967 സ്കൂളുകളിലാണ് വാക്‌സിനേഷൻ നടക്കുന്നത്.

രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. അതിനാല്‍ തന്നെ പകുതിയില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനുള്ളു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു.

2007ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിന്‍ എടുക്കാവുന്നതാണ്. വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്.

സര്‍വ്വം സജ്ജം

സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിങ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.

ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ വാക്‌സിനേഷന്‍ ഡെസ്‌കില്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്ത കുട്ടിയാണെന്ന് ഉറപ്പ് വരുത്തും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലായെന്ന് ചോദിച്ച് ഉറപ്പ് വരുത്തും. അതിന് ശേഷം വാക്‌സിനേഷന്‍ റൂമിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

also read: india covid updates: രാജ്യത്ത് 2,82,970 പേര്‍ക്ക് കൂടി കൊവിഡ്; 441 മരണം

ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വാക്‌സിനെടുത്ത ശേഷം ഒബ്‌സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് കുട്ടികളെ നിരീക്ഷിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ പരിഹരിക്കുന്നതിന് എഇഎഫ്‌ഐ മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത എഇഎഫ്‌ഐ മാനേജ്‌മെന്‍റ് സെന്‍ററിലെത്തിക്കുന്നതാണ്.

ഇതിനായി സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സമയം.

കൊവിഡ് ക്ലസ്റ്ററുകളായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ പിന്നീട് നടത്തുമെന്നും, ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Last Updated :Jan 19, 2022, 2:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.