ETV Bharat / state

KSU march | 'ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം': കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, അറസ്‌റ്റ്

author img

By

Published : Jun 21, 2023, 3:21 PM IST

Updated : Jun 21, 2023, 3:54 PM IST

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി.

KSU march  KSU march to the Secretariat  Conflict in KSU march  കെ എസ്‌ യു  ഉന്നത വിദ്യാഭ്യാസ മേഖല  സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച്  കെ എസ്‌ യു മാർച്ച്  അലോഷ്യസ് സേവ്യർ  വ്യാജ സർട്ടിഫിക്കറ്റ്  fake certificate
കെഎസ്‌യു മാർച്ച്

മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചക്ക് ഒരു മണിയോടെ സെക്രട്ടേറിയറ്റിലെ സമര ഗേറ്റിലേക്ക് നടത്തിയ മാർച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉദ്‌ഘാടനം ചെയ്‌തു. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് പൊലീസിന് നേരെ പ്രവർത്തകർ കൊടിക്കമ്പുകൾ വലിച്ചെറിഞ്ഞു. പൊലീസും പ്രവർത്തകരുമായി കയ്യാങ്കളിയും സംഘർഷവും ഉണ്ടായി. ഇതോടെ മ്യൂസിയം പൊലീസ് എത്തി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു.

അറസ്റ്റിന് ശേഷം പ്രവർത്തകർ കൂട്ടത്തോടെ പൊലീസ് എ ആർ ക്യാമ്പിലേക്ക് മാർച്ച്‌ ചെയ്‌തിരുന്നു. ഇതിന് ശേഷവും സെക്രട്ടേറിയറ്റിനു മുൻപിൽ നിന്ന ചില വനിത പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് ഇവരെ തടയാൻ ശ്രമിച്ചത് പിന്നീട് കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങി. എന്നാൽ തള്ളിക്കയറാൻ ശ്രമിച്ച വനിത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല.

സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചു ? അതെ സമയം കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അൻസിൽ ജലീലിൻ്റെ പേരിലുള്ള സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന് ദേശാഭിമാനി വ്യക്തമാക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ എസ് യുവിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻസിലിന്‍റെ പേരിലുള്ളത് വ്യാജ സർട്ടിഫിക്കറ്റാണ്.

ഇക്കാര്യം കെഎസ്‌യുവും അൻസിൽ ജലീലും വ്യക്തമാക്കിയിട്ടുണ്ടെന്നും അലോഷ്യസ് സേവ്യര്‍ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദേശാഭിമാനിയുടെ വാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. വാർത്ത വന്നതിന് പിന്നാലെ ഇക്കാര്യം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് അന്‍സില്‍ ജലീല്‍ പരാതി നൽകിയിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ ഗൂഢാലോചന : ബിഎ ഹിന്ദിയിലാണ് അൻസിൽ ജലിൽ ബിരുദം നേടിയത്. എന്നാൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ബികോം ബിരുദത്തിന്‍റെ കാര്യമാണ് പറയുന്നത്. അൻസിൽ പഠിച്ച സമയത്തെ വൈസ് ചാന്‍സലറുടെ ഒപ്പായിരുന്നില്ല വ്യാജ സർട്ടിഫിക്കറ്റിലുള്ളത്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.

50 ലക്ഷം രൂപ നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് ദേശാഭിമാനിക്ക് അൻസിൽ ജലീൽ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എസ്‌എഫ്‌ഐ നേതാക്കൾ വ്യാജ രേഖ നിർമിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കെഎസ്‌യു നേതാവിനെതിരെ ഇത്തരത്തിലൊരു വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. കെഎസ്‌യു നേതാക്കളും വ്യാജ രേഖ ചമയ്‌ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അതുകൊണ്ടു തന്നെ ഈ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരണമെന്നും സേവ്യര്‍ പറഞ്ഞു.

കേരളത്തിൽ എവിടെയെങ്കിലും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അൻസിൽ ജോലി വാങ്ങിയിട്ടുണ്ടോ, എവിടെ നിന്നാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന്‍റെ നിജസ്ഥിതി പരിശോധിക്കണമെന്നും കെട്ടുകഥകളും വ്യാജ വാർത്തകളും പരത്തരുതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Last Updated : Jun 21, 2023, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.