തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ വ്യാപകമായ പരാതിക്കിടയാക്കിയ ഉപഗ്രഹ സര്‍വേയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ മൂന്നിന് ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഡ്രോണ്‍ അല്ലെങ്കില്‍ ഉപഗ്രഹ സര്‍വേ എന്നീ രണ്ട് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സര്‍വേ നടത്താമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം സുപ്രീംകോടതി ഉത്തരവിന്‍റെ ഖണ്ഡിക 44ല്‍ വ്യക്തമാക്കുന്നുണ്ട്.
നിലവിലുള്ള നിര്‍മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ അല്ലെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്ന് മാസത്തിനുള്ളില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില ഭൂപ്രദേശങ്ങളില്‍ മരങ്ങളും കെട്ടിടങ്ങളും കാരണം ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണമായെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലായതോടെയാണ് ഫീല്‍ഡ് പരിശോധന കൂടി നടത്തി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമമല്ല അതൊരു സൂചകം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഉപഗ്രഹ സര്‍വേയോ ഡ്രോണ്‍ സര്‍വേയോ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് നടത്തിയാല്‍ ആ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. സുപ്രീംകോടതി വിധി സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ സമിതിക്കാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനുള്ള ചുമതല. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരമുള്ള ഭൂപടത്തില്‍ വരാവുന്ന അപാകതകള്‍ പരിഹരിക്കുന്നതിനാണ് ഫീല്‍ഡ് വെരിഫിക്കേഷന്‍ തീരുമാനിച്ചത്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ കേരളം ഫയല്‍ ചെയ്യുന്ന പുനപരിശോധന ഹര്‍ജിയില്‍ തെളിവായി ഹാജരാക്കുകയാണ് ചെയ്യുക.
എത്ര കെട്ടിടങ്ങള്‍, ഏതൊക്കെ കെട്ടിടങ്ങള്‍, അവ ഏതൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കുന്നത് അത്തരം കെട്ടിടങ്ങള്‍ അവിടെ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനും ആ കെട്ടിടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ്. ഇതിലൂടെ മാത്രമെ കോടതി നിര്‍ദേശിച്ചിട്ടുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമമാണെന്ന രീതിയില്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.