മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്‍റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ; ശമ്പളയിനത്തില്‍ പ്രതിവര്‍ഷം 80 ലക്ഷം രൂപ ചെലവ്

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്‍റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ; ശമ്പളയിനത്തില്‍ പ്രതിവര്‍ഷം 80 ലക്ഷം രൂപ ചെലവ്
CM Pinarayi Vijayan's Social Media Team's Salary: മുഖ്യമന്ത്രിയുടെ വൈബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കൈകാര്യം ചെയ്യുന്നതിനായി 12 അംഗ സാമൂഹിക മാധ്യമ വിഭാഗമാണുള്ളത്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗത്തിന്‍റെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാരിന്‍റെയും സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും പ്രചാരണത്തിന് വര്‍ഷം 105 കോടി രൂപയിലധികം ചെലവിട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്(പിആര്‍ഡി) വിഭാഗം പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന് അധിക ബാധ്യതയുമായി മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗം സമാന്തരമായി പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ സംസ്ഥാനത്തെത്തിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സിപിഎം രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന വേളയില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗത്തിന്‍റെ കാലാവധി നീട്ടിയതെന്നതും ശ്രദ്ധേയമാണ്.
'ടീം' എത്തുന്നത് ഇങ്ങനെ : 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് നവമാധ്യമ വിഭാഗം രൂപീകരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഈ ടീമിന്‍റെ കാലാവധി ആറുമാസവും ഒരു വര്‍ഷവും കൂടുമ്പോള്‍ ദീര്‍ഘിപ്പിച്ച് 2023ല്‍ എത്തുകയായിരുന്നു. 2022 നവംബര്‍ 15ന് അവസാനിച്ച ടീമിന്‍റെ കാലാവധി 2023 നവംബര്‍ 15 ലേക്ക് നീട്ടിയിരുന്നു. നവംബര്‍ 15ന് അവസാനിച്ച കാലാവധിയാണ് നിലവില്‍ നവംബര്‍ 16 മുതല്‍ 2024 നവംബറിലേക്ക് നീട്ടിയിരിക്കുന്നത്.
Also Read: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഉഴിച്ചിലിനും ധനസഹായം ; തുക അനുവദിച്ചത് ചട്ടം ലംഘിച്ച്
എന്താണ് ഇവരുടെ ജോലി : മുഖ്യമന്ത്രിയുടെ വൈബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കൈകാര്യം ചെയ്യുന്നതിനുള്ള മാനവ വിഭവശേഷി വിഭാഗം എന്നാണ് ഇവരെ ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 12 അംഗ സാമൂഹിക മാധ്യമ വിഭാഗമാണ് മുഖ്യമന്ത്രിക്കുള്ളത്. ടീം ലീഡര്‍ (75000 രൂപ), കണ്ടന്‍റ് മാനേജര്‍(70000 രൂപ), സീനിയര്‍ വെബ് അഡ്‌മിനിസ്‌ട്രേറ്റര്‍ (65000 രൂപ), സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ (65000 രൂപ), കണ്ടന്‍റ് സ്ട്രാറ്റജിസ്‌റ്റ് (65000 രൂപ), ഡെലിവറി മാനേജര്‍ (56000 രൂപ), റിസര്‍ച്ച് ഫെല്ലോ (53000 രൂപ), കണ്ടന്‍റ് അഗ്രഗേറ്റര്‍ (53000 രൂപ), കണ്ടന്‍റ് ഡെവലപ്പര്‍ (53000 രൂപ), ഡാറ്റ റിപ്പോസിറ്ററി മാനേജരുടെ രണ്ട് തസ്‌തികകള്‍ (45000 രൂപ വീതം), കമ്പ്യൂട്ടര്‍ അസിസ്‌റ്റന്‍റ് (22,290 രൂപ) എന്നിങ്ങനെയാണ് ഇവരുടെ വേതനം.
ചെലവോ അധിക ചെലവോ ? : ആകെ 12 അംഗ സാമൂഹിക മാധ്യമ വിഭാഗത്തിന് പ്രതിമാസം 6,67,290 രൂപയും പ്രതിവര്‍ഷം 8,007,480 രൂപയുമാണ് ചെലവഴിക്കുന്നത്. ഇതുവരെ ഏകദേശം 5.60 കോടി രൂപയോളം മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന് നല്‍കിയതായാണ് വിവരം. ഇവരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ പിആര്‍ഡിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ടെങ്കിലും അതില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ വൈകാതെ ഇവരുടെ ശമ്പളവും വര്‍ധിപ്പിക്കുമെന്നാണ് സൂചന.
