ETV Bharat / state

'വികസനം ദൗത്യമായേറ്റെടുക്കും, അനാവശ്യ എതിര്‍പ്പുകള്‍ അംഗീകരിക്കില്ല' ; കെ-റെയിലിൽ ഉറച്ച് മുഖ്യമന്ത്രി

author img

By

Published : Jan 4, 2022, 2:14 PM IST

വികസന കാര്യത്തിൽ പലർക്കും മോശം സമീപനമാണ്, ഞങ്ങളുടെ കാലത്ത് ഒന്നും നടക്കരുതെന്ന ചിന്തയാണെന്നും മുഖ്യമന്ത്രി

CM Pinarayi Vijayan on k ail project  കെ-റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ  സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ നിലപാട്  silver line project
'കാലത്തിനനുസരിച്ചുള്ള വികസനം വന്നില്ലെങ്കിൽ നാട് പിന്നിലേക്ക് പോകും'; കെ-റെയിലിൽ ഉറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കെ-റെയിൽ പോലെ കാലത്തിനനുസരിച്ചുള്ള വികസനം വന്നില്ലെങ്കിൽ നാട് പിന്നിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ അനാവശ്യമായ എതിർപ്പുണ്ടായാൽ അതിനെ അംഗീകരിക്കേണ്ടതില്ലെന്നതാണ് സർക്കാർ നിലപാട്. നാടിൻ്റെ വികസനം ദൗത്യമായി ഏറ്റെടുക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്ഷണിക്കപ്പെട്ടവർക്കായി തിരുവനന്തപുരത്ത് നടന്ന വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി കെ-റെയിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. വികസന കാര്യത്തിൽ കേരളത്തിൽ പലർക്കും മോശം സമീപനമാണ്. ഞങ്ങളുടെ കാലത്ത് ഒന്നും നടക്കരുതെന്ന ചിന്തയാണ്. ദേശീയ പാത വികസനത്തിലും ഗെയ്ൽ പദ്ധതിയിലും എതിർപ്പുണ്ടായിരുന്നു. എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇടത് സർക്കാർ പദ്ധതി പൂർത്തിയാക്കി. കെ-റെയിലും ഇത്തരത്തിൽ നടപ്പിലാക്കും.

ALSO READ: K Rail | ഭൂമി ഏറ്റെടുക്കുക നാലിരട്ടിക്ക്, വീട് പോകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.6 ലക്ഷം

പദ്ധതിയുടെ അലൈൻമെൻ്റ് നടത്തിയാലേ പാരിസ്ഥിതികാഘാത പഠനം നടത്താൻ കഴിയൂ. ഇതിനെ മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുകയാണ്. പരിസ്ഥിതി ലോല മേഖലയിലൂടെ പദ്ധതി കടന്നുപോകുന്നില്ല. പദ്ധതി പ്രളയമുണ്ടാക്കുമെന്ന പ്രചാരണം തെറ്റാണ്. സിൽവർ ലൈൻ പൂർത്തിയാക്കുക പരിസ്ഥിതി സൗഹൃദ മാതൃകയിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ 500 മീറ്ററിലും മേൽപ്പാലമോ തുരങ്കപാതയോ ഉണ്ടാകും. അതിനാൽ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്ന പ്രചരണവും തെറ്റാണ്. നിലവിലെ റെയിൽ സംവിധാനം വികസിപ്പിച്ച് ട്രെയിൻ വേഗത വർധിപ്പിക്കാമെന്നതും അടിസ്ഥാനമില്ലാത്ത കാര്യമാണ്. വേഗത വർധിക്കാൻ ഇപ്പോഴുള്ള പാത നിരവധി വളവുകൾ നിവർത്തണം. ഇത് പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.