ETV Bharat / state

Brucellosis Result Negative തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച രണ്ട് പേരുടെയും ഫലം നെഗറ്റീവ്

author img

By ETV Bharat Kerala Team

Published : Oct 10, 2023, 2:21 PM IST

Updated : Oct 10, 2023, 4:11 PM IST

What Is Brucellosis : ജന്തു ജന്യ രോഗമായ ബ്രൂസെല്ലോസിസ് മൃഗങ്ങളിൽ നിന്നും എങ്ങനെ മനുഷ്യരിലേയ്‌ക്ക് പകരാം..

Brucellosis  Brucellosis Result Negative  Brucellosis Confirmed  Malta fever Thiruvananthapuram  ബ്രൂസെല്ലോസിസ്  ബ്രൂസെല്ലോസിസ് ഫലം നെഗറ്റീവ്  മാള്‍ട്ട പനി  വട്ടപ്പാറ ബ്രൂസെല്ലോസിസ്  എന്താണ് ബ്രൂസെല്ലോസിസ്  ബ്രൂസെല്ലോസിസ് ലക്ഷണങ്ങൾ
Brucellosis Result Negative

തിരുവനന്തപുരം : വെമ്പായം ഗ്രാമപഞ്ചായത്തിലെ വേറ്റിനാട് നെടുവേലിയില്‍ ക്ഷീരകര്‍ഷകരായ പിതാവിനും മകനും ബ്രൂസെല്ലോസിസ് (Brucellosis) സ്ഥിരീകരിച്ച സംഭവത്തില്‍ ഇരുവരുടെയും ഫലം നെഗറ്റീവായി. വട്ടപ്പാറ സ്വദേശി ജോസ് (65)ന്‍റെ ഫലമാണ് ഇന്ന് നെഗറ്റീവായത്. മകൻ ജോബിയുടെ (25) പരിശോധനാഫലം ഇന്നലെ നെഗറ്റീവായിരുന്നു.

ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും മെഡിക്കല്‍ നിരീക്ഷണത്തിലായിരുന്നു. മാള്‍ട്ട പനി (Malta fever) എന്നറിയപ്പെടുന്ന ബ്രൂസെല്ലോസിസ് ജന്തു ജന്യ രോഗമാണ്. ശരീരത്തില്‍ ചെള്ള് കടിച്ചതിനെ തുടര്‍ന്നുണ്ടായ പാടുകള്‍ എന്ന് സംശയിച്ച് ജോബിയായിരുന്നു ആദ്യം ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം 30 ന് ബ്രൂസെല്ലോസിസ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെയെല്ലാം രക്തം പരിശോധിച്ചപ്പോഴാണ് പിതാവായ ജോസിനും രോഗം സ്ഥിരീകരിച്ചത്. ജോസിന്‍റെ ഫലം ഇന്ന് നെഗറ്റീവായെങ്കിലും മറവിരോഗിയായ ജോസ് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ബ്രൂസെല്ലോസിസും മറവി രോഗവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അറിയാനാണ് നിരീക്ഷണം തുടരുന്നത്. ഇരുവരും ക്ഷീരകര്‍ഷകരായതിനാല്‍ വീട്ടിലെ നാല് പശുക്കളുടെയും രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ പശുക്കളിൽ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധനക്ക് ശേഷം രണ്ട് ദിവസത്തിനകമാവും ഫലം ലഭിക്കുക.

Also Read : Wild Boar Death African Swine Fever മരുതോങ്കരയിൽ കാട്ടുപന്നി ചത്ത സംഭവം; ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചെന്ന് പരിശോധന ഫലം

എന്താണ് ബ്രൂസെല്ലോസിസ് (What Is Brucellosis) : ബ്രൂസെല്ല എന്ന ബാക്‌ടീരിയ മുഖേന മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. പശു, ആട്, പന്നി എന്നിവയില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. മാള്‍ട്ട രോഗമെന്നും ഇതറിയപ്പെടുന്നു. രോഗ ബാധിതരായ മൃഗങ്ങള്‍ക്ക് ചികിത്സയില്ല.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, മൂത്രം എന്നിവയിൽ നിന്നും മനുഷ്യരുടെ മുറിവിലൂടെ ബാക്‌ടീരിയ ശരീരത്തിലെത്താം. രോഗം ബാധിച്ച കന്നുകാലികളുടെ പാല്‍, പാലുത്‌പന്നങ്ങള്‍, മാംസം എന്നിവ തിളപ്പിക്കാതെയോ വേവിക്കാതെയോ ഉപയോഗിച്ചാലും രോഗം പകരാനുള്ള സാധ്യതയുണ്ട്.

ബ്രൂസെല്ലോസിസിന്‍റെ ലക്ഷണങ്ങൾ : മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നതായി എവിടെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ബ്രൂസെല്ലോസിസിന് മരുന്ന് കഴിച്ച് ഭേദപ്പെടുത്താനാകും. പനി, ശരീരവേദന, വിശപ്പില്ലായ്‌മ, ശരീരഭാരം കുറയുക, ബലഹീനത എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങളില്‍ ബ്രൂസെല്ലോസിസ് രോഗം വന്നാല്‍ ചികിത്സയില്ലെങ്കിലും നാല് മുതല്‍ എട്ട് മാസം വരെ പ്രായമുള്ള കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നൽകി ജീവിത കാലം മുഴുവന്‍ രോഗപ്രതിരോധ ശേഷി നൽകാനാകും.

Also Read : Health Department Instructions : ദുരിതാശ്വാസ ക്യാമ്പുകളിൽ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം ; നിർദേശവുമായി ആരോഗ്യ വകുപ്പ്

Last Updated : Oct 10, 2023, 4:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.