ETV Bharat / state

കെഎസ്ആർടിസിയില്‍ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക്; മുടങ്ങിയത് 10 ശതമാനത്തിൽ താഴെ സർവീസുകൾ മാത്രം

author img

By

Published : May 8, 2023, 5:43 PM IST

bms strike  ksrtc  bms strike on ksrtc  salary crisis in ksrtc  ksrtc service on strike day  ksrtc damge on strike day  ksrtc depo  latest news in trivandrum  latest news today  കെഎസ്ആർടിസി  ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക്  ബിഎംഎസ്  പണിമുടക്ക്  ശമ്പള പ്രതിസന്ധി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കെഎസ്ആർടിസിയില്‍ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക്; മുടങ്ങിയത് 10 ശതമാനത്തിൽ താഴെ സർവീസുകൾ മാത്രം

സാധാരണ തിങ്കളാഴ്‌ച ദിവസങ്ങളിൽ നടത്തുന്ന സർവീസുകളെ അപേക്ഷിച്ച് 10 ശതമാനത്തിൽ താഴെ മാത്രമാണ് പണിമുടക്ക് ദിനത്തില്‍ സർവീസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായത്

തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നൽകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തിയ പണിമുടക്കിൽ മുടങ്ങിയത് 10 ശതമാനത്തിൽ താഴെ സർവീസുകൾ മാത്രമെന്ന് അധികൃതർ. സാധാരണ തിങ്കളാഴ്‌ച ദിവസങ്ങളിൽ നടത്തുന്ന സർവീസുകളെ അപേക്ഷിച്ച് 10 ശതമാനത്തിൽ താഴെ മാത്രമാണ് സർവീസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായത്. പണിമുടക്ക് നടക്കുന്ന ഇന്ന് സൗത്ത് സോണിൽ 1593 സർവീസുകളും സെൻട്രൽ സോണിൽ 1270, നോർത്ത് സോണിൽ 1090 സർവീസുകളും ഉൾപെടെ ഇന്ന് ആകെ 3953 സർവീസുകൾ ഓപ്പറേറ്റ് ചെയ്‌തതായും അധികൃതർ അറിയിച്ചു.

ഞായറാഴ്‌ച രാത്രി 12 മണി മുതൽ 24 മണിക്കൂർ നേരമാണ് ബിഎംഎസ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. എന്നാൽ, പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളാണ് മാനേജ്മെന്‍റ് കൈക്കൊണ്ടത്. പണിമുടക്ക് നടത്തുന്ന ജീവനക്കാർക്കെതിരെ മാനേജ്മെന്‍റ് മൂന്ന് ദിവസത്തെ ഡയസ്നോൺ ആണ് പ്രഖ്യാപിച്ചത്.

പണിമുടക്കിന്‍റെ പേരില്‍ ബസുകള്‍ക്ക് കേടുപാടു വരുത്തിയാല്‍ കര്‍ശന നടപടി: മാത്രമല്ല പണിമുടക്കിന്‍റെ പേരിൽ ബസുകൾക്ക് കേടുപാടുകൾ വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഷ്‌ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും മാനേജ്മെന്‍റ് താക്കീത് നൽകിയിരുന്നു. പണിമുടക്ക് വിരലിലെണ്ണാവുന്ന ഡിപ്പോകളിലെ സർവീസുകളെയാണ് കാര്യമായി ബാധിച്ചത്.

ചെങ്ങന്നൂർ ഡിപ്പോയിൽ ഒരു സർവീസും നടത്താനായില്ലെന്നാണ് വിവരം. പല ഡിപ്പോകളിൽ നിന്നും സാധാരണ സർവീസുകൾക്ക് പുറമെ അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്‌തു. അതേസമയം, പണിമുടക്കിന്‍റെ പേരിൽ ഇതുവരെ അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ആശ്വാസം.

കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചിന് മുൻപ് മുഴുവൻ ശമ്പളവും നൽകുക, ഗഡുക്കളായി ശമ്പളം നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി അനുകൂല സംഘടനയായ ഭാരതീയ മസ്‌ദൂർ സംഘ് (ബിഎംഎസ്) പണിമുടക്ക് നടത്തുന്നത്. പണിമുടക്കിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മാനേജ്മെന്‍റ് മുൻ‌കൂർ നടപടികളും സ്വീകരിച്ചിരുന്നു. എല്ലാ ഡിപ്പോകളിലും പൊലീസിനെ വിന്യസിക്കാൻ സർക്കാർ ഡിജിപി അനിൽകാന്തിന് കർശന നിർദേശം നൽകിയിരുന്നു.

സര്‍വീസ് മുടക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെയും കര്‍ശന നടപടി: പൊതുജനങ്ങളുടെ യാത്രക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകാത്ത തരത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് ക്രമീകരണങ്ങൾ ഒരുക്കിയത്. പണിമുടക്ക് ദിവസമായ ഇന്ന് ബദൽ ജീവനക്കാരെ അടക്കം ഉപയോഗിച്ചാണ് സർവീസുകൾ നടത്തിയത്. സർവീസ് മുടക്കുന്ന ഓഫിസർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ് ഇന്നലെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസിയില്‍ ബിഎംഎസ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌ത പണിമുടക്ക് ഭൂരിഭാഗം സര്‍വീസുകളെയും കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍. നിലവില്‍ ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മാത്രമാണ് ചെറിയ തോതില്‍ പ്രതിസന്ധി നിലനില്‍ക്കുന്നത്. 58 സര്‍വീസുകള്‍ ഉള്ളതിനാല്‍ 40 എണ്ണം മാത്രമാണ് ഇതുവരെ സര്‍വീസ് ആരംഭിച്ചത്.

ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ഒരു സര്‍വീസും നടത്താനായില്ലെന്നാണ് വിവരം. ഇതൊഴിച്ചാല്‍ മറ്റ് ഡിപ്പോകളില്‍ കാര്യമായ പ്രതിസന്ധികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, തിരുവനന്തപുരം സെന്‍ട്രലില്‍ ഇതുവരെയും ഒരു സര്‍വീസും മുടങ്ങിയിട്ടില്ല. വികാസ് ഭവന്‍ യൂണിറ്റില്‍ നിന്ന് 38 സര്‍വീസുകള്‍ക്ക് പുറമെ രണ്ട് അധിക സര്‍വീസുകള്‍ കൂടി നടത്തി. പാപ്പനംകോട്, പേരൂര്‍ക്കട ഡിപ്പോകളില്‍ എല്ലാ സര്‍വീസുകളും പതിവ് പോലെ നടന്നു. കണിയാപുരം ഡിപ്പോയില്‍ 34 സര്‍വീസില്‍ 29 സര്‍വീസ് മാത്രമാണ് നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.