ETV Bharat / state

വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്‍റെ നടപടി: കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക്ക്

author img

By

Published : Jun 16, 2023, 11:40 AM IST

നടപ്പുവര്‍ഷത്തില്‍ ജിഡിപിയുടെ (GDP) മൂന്ന് ശതമാനം വായ്‌പ എടുക്കാനുള്ള അവകാശമാണ് കേരളത്തിനുള്ളത്. ഇത് രണ്ട് ശതമാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

annual loan limit  kerala  supreme court  thomas isaac  central government  GDP  KIIFB  വായ്‌പ പരിധി  സുപ്രീം കോടതി  കേരളം  ജിഡിപി  തോമസ് ഐസക്ക്
Thomas Isaac

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വാര്‍ഷിക വായ്‌പ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. സിപിഎം നേതാവും മുന്‍ ധനമന്ത്രിയും ആയിരുന്ന തോമസ് ഐസക്ക് ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഫിനാന്‍സ് കമ്മിഷന്‍ തീര്‍പ്പ് പ്രകാരം ജിഡിപിയുടെ മൂന്ന് ശതമാനം വായ്‌പയെടുക്കാനാണ് കേരളത്തിന് അവകാശമുള്ളത്.

പാര്‍ലമെന്‍റ് അംഗീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇനിമുതല്‍ കേരളത്തിന് രണ്ട് ശതമാനം വായ്‌പയെടുക്കാനുള്ള അവകാശമേയുള്ളു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറയ്ക്കാന്‍ അവകാശമുണ്ടോ എന്നതാണ് ചോദ്യമെന്നും തോമസ് ഐസക്ക് കുറിപ്പില്‍ പറയുന്നു.

ജൂണ്‍ 13ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനും കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ പുതിയ നയം കേരളത്തിന്‍റെ അന്യാദൃശ്യമായ കുതിപ്പിനെ അട്ടിമറിക്കാനുള്ള ഒരു കുത്സിത നീക്കമാണ്. കേന്ദ്രം പറയുന്നത് യൂസര്‍ഫീക്ക് അനുവാദം നല്‍കി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണം കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കണം എന്നുള്ളതാണ്. ഇതാണോ യുഡിഎഫിന്‍റെ നിലപാടെന്നും ഐസക്ക് ചോദിച്ചു.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം: കേരളത്തിന്‍റെ വാര്‍ഷിക വായ്‌പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. ഇതൊരു അനിവാര്യ നടപടിയാണ്. വ്യവഹാരത്തിന് പുറത്തുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനം ശ്രമിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്കു നല്‍കിയ വിശദമായ മെമ്മോറാണ്ടത്തിനുള്ള മറുപടിയും നിഷേധാത്മകമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഫെഡറല്‍ സംവിധാനം സംബന്ധിച്ച ഏറ്റവും സുപ്രധാനമായ നിയമയുദ്ധം നടക്കാന്‍ പോവുകയാണ്.
നടപ്പുവര്‍ഷം ഫിനാന്‍സ് കമ്മീഷന്‍ തീര്‍പ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വായ്‌പയെടുക്കാന്‍ അവകാശമുണ്ട്.

ഇത് പാര്‍ലമെന്‍റ് അംഗീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേരളത്തിന് രണ്ട് ശതമാനം വായ്‌പയെടുക്കാനുള്ള അവകാശം മാത്രമേ ഉള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിനു വായ്‌പ പരിധി വെട്ടിക്കുറയ്ക്കാന്‍ അവകാശമുണ്ടോ എന്നതാണു ചോദ്യം. 13-06-2023-ന് കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രിംകോടതിയെ സമീപിക്കുന്നതിനും കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിന് സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. കിഫ്ബി (KIIFB) എടുക്കുന്ന വായ്‌പ ഓഫ് ബജറ്ററി വായ്‌പയാണെന്ന് അംഗീകരിച്ചാല്‍പ്പോലും അത് എങ്ങനെ സര്‍ക്കാരിന്‍റെ പൊതുകടത്തിന്‍റെ ഭാഗമാകും? കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്രമമല്ല അനുവര്‍ത്തിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ഓഫ് ബജറ്ററി വായ്‌പകള്‍ കേന്ദ്രത്തിന്‍റെ പൊതുകടത്തിലോ ധനക്കമ്മിയിലോ ഉള്‍പ്പെടുത്തുന്നില്ല. കേന്ദ്രത്തിന്‍റെ ഈ ഇരട്ടത്താപ്പ് നയം കേരളത്തിന്‍റെ അന്യാദൃശ്യമായ കുതിപ്പിനെ അട്ടിമറിക്കാനുള്ള ഒരു കുത്സിത നീക്കമാണ്. കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള പ്രശ്‌നം ഇന്ന് നിര്‍മ്മാണത്തിലിരിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍, വലിയ റോഡുകള്‍, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, പുതിയ വൈദ്യുതി ട്രാന്‍സ്‌മിഷന്‍ ലൈന്‍, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികള്‍ കേരളത്തിന് ഇന്ന് വേണോ വേണ്ടയോ എന്നുള്ളതാണ്.

കേന്ദ്രം പറയുന്നത് യൂസര്‍ ഫീക്ക് അനുവാദം നല്‍കി ഇവയുടെയെല്ലാം നിര്‍മ്മാണം കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കണം എന്നുള്ളതാണ്. ഇതാണോ യുഡിഎഫിന്‍റെ നിലപാട്? സംസ്ഥാനത്തിന്‍റെ ഉത്തമതാല്‍പര്യത്തെ ബിജെപിയും യുഡിഎഫും കേന്ദ്രത്തിന് അടിയറ വയ്ക്കുകയാണ്.

സംസ്ഥാനത്തിന്‍റെ ധനപരമായ അവകാശം ഇന്നത്തെ കേരളത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും മറ്റും രണ്ട് വര്‍ഷമായി നടക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണം കേരളത്തിന്‍റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.

Also Read: Kerala health sector | ആരോഗ്യരംഗത്ത് പുത്തന്‍ പ്രതീക്ഷ; കേരളവുമായി സഹകരിക്കാനൊരുങ്ങി ക്യൂബ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.