ETV Bharat / state

Air India | പൈലറ്റ് എത്തിയില്ല; 8 മണിക്കൂര്‍ വൈകി ഡൽഹി - തിരുവനന്തപുരം എയർ ഇന്ത്യ വിമാനം, പ്രതിഷേധിച്ച് യാത്രക്കാർ

author img

By

Published : Jul 23, 2023, 6:36 PM IST

ശനിയാഴ്‌ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം ഞായറാഴ്‌ച രാവിലെ ആറ് മണിക്കാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്

എയർ ഇന്ത്യ വിമാനം  Air India  എയർ ഇന്ത്യ വിമാനം വൈകിയോടി  ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകി  പി സി വിഷ്‌ണുനാഥ്  P C Vishnunadh  എയർ ഇന്ത്യ
എട്ട് മണിക്കൂറോളം വൈകി എയർ ഇന്ത്യ വിമാനം

തിരുവനന്തപുരം : പൈലറ്റ് എത്താത്തതിനെ തുടർന്ന്, ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറോളം വൈകി. ശനിയാഴ്‌ച രാത്രി 9.45ന് ആയിരുന്നു വിമാനം ഡൽഹിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, ഞായറാഴ്‌ച രാവിലെ ആറ് മണിക്കാണ് വിമാനം പുറപ്പെട്ടത്.

പിസി വിഷ്‌ണുനാഥ് എംഎൽഎയും യാത്രക്കാരനായി ഉണ്ടായിരുന്നു. വിമാനം വൈകിയിട്ടും കൈക്കുഞ്ഞുമായി എത്തിയവർക്കും പ്രായമായവർക്കും വിശ്രമിക്കാൻ വേണ്ട സൗകര്യങ്ങൾ പോലും എയർ ഇന്ത്യ ചെയ്‌തില്ലെന്ന് പിസി വിഷ്‌ണുനാഥ് കുറ്റപ്പെടുത്തി. പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് എയർ ഇന്ത്യ വിമാനത്തെ ആശ്രയിച്ചിരുന്നത്.

വൈകി പുറപ്പെട്ടതോടെ വിവിധ ഇടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും യാത്രക്കാർക്ക് ലഭിക്കാത്തതിനാൽ തന്നെ ഇത് ഏറെ പ്രതിസന്ധി ഉണ്ടാക്കി. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

അതേസമയം, എയർ ഇന്ത്യ വിമാനങ്ങൾ രണ്ട് ദിവസമായി വൈകുന്നു എന്ന ആക്ഷേപവും ഉണ്ട്. പൈലറ്റ് ഉറങ്ങിപ്പോയതിനാൽ മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകിയാണ് ഇന്നലെ പുറപ്പെട്ടത്.

മൊബൈൽ പൊട്ടിത്തെറിച്ച് അടിയന്തര ലാൻഡിങ് : ഇക്കഴിഞ്ഞ ജൂലൈ 17ന് യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അടിയന്തരമായി ഉദയ്‌പൂരിലെ ദാബോക്ക് വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയത്.

വിമാനം ടേക്ക്ഓഫ് ചെയ്‌ത് അൽപ സമയത്തിനുള്ളിൽ യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എയർ ഇന്ത്യ 470 വിമാനത്തിലായിരുന്നു സംഭവം. ജൂലൈ 17ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് പിന്നാലെ യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

140 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായതോടെ വിമാനം തിരികെ ഇറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് താഴെയിറക്കിയ ശേഷം വിദഗ്‌ധമായ പരിശോധന നടത്തിയതിന് ശേഷമാണ് വീണ്ടും യാത്രയ്‌ക്ക് അനുമതി നൽകിയത്.

മദ്യലഹരിയിൽ വിമാനത്തിൽ മലമൂത്ര വിസർജനം : ഇക്കഴിഞ്ഞ ജൂണിൽ മദ്യ ലഹരിയിൽ എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തിയെന്നാരോപിച്ച് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എയർ ഇന്ത്യയുടെ മുംബൈ - ഡൽഹി വിമാനത്തിൽ സഞ്ചരിച്ച രാം സിങ്ങ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ജൂൺ 24ന് എഐസി 866 വിമാനത്തിലായിരുന്നു സംഭവം.

സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിങ് വിമാനത്തിന്‍റെ 9-ാം നിരയിൽ മലമൂത്ര വിസർജനം ചെയ്യുകയും തുപ്പുകയും ചെയ്‌തുവെന്നാണ് ക്യാബിൻ ക്രൂ പരാതി നൽകിയിട്ടുള്ളത്. ഇയാളുടെ പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടതോടെ ക്യാബിൻ ക്രൂ വാക്കാൽ മുന്നറിയിപ്പ് നൽകുകയും പൈലറ്റ് ഇൻ കമാൻഡിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് വിമാനം ഡൽഹിയിൽ എത്തിയപ്പോൾ എയർ ഇന്ത്യയുടെ സെക്യൂരിറ്റി മേധാവിയുടെ നേതൃത്വത്തിൽ രാം സിങിനെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 294 (അശ്ലീല പ്രവൃത്തികൾ), 510 (മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.