ETV Bharat / state

Aided School Teachers Appointment: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം വൈകില്ല; യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി

author img

By

Published : Jun 9, 2023, 11:47 AM IST

എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്‍റുകളുടെ യോഗത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയും ചുമതലപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

aided school teachers appointment  differently abled posts in aided school  aided school  aided school appointments in kerala  school differently abled teachers appointment  എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം  മന്ത്രി വി ശിവൻകുട്ടി  minister v sivankutty  എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർ ഭിന്നശേഷി സംവരണം  ഭിന്നശേഷി സംവരണം എയ്‌ഡഡ് സ്‌കൂൾ നിയമനാംഗീകാരം  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം  എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്‍റ് യോഗം
മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം വൈകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം ആയി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയും ചുമതലപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്‍റുകളുടെ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നടപടി.

1996 മുതൽ 2017 വരെയുള്ള നിയമനങ്ങളിൽ നടപ്പാക്കേണ്ടിയിരുന്ന നാല് ശതമാനം ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ 2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നികത്തണമെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നികത്താതെ 2018 നവംബർ മുതൽ നടത്തിയ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാരും അറിയിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർമാരും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും ഹൈക്കോടതിയിൽ ഹർജി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾക്ക് താത്കാലിക അംഗീകാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഇതിനെ തുടർന്ന് സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ സർക്കാർ മാർഗ നിർദേശം വന്നിരുന്നു. 2018 നവംബർ 18നും 2021 നവംബർ 7നും ഇടയിൽ വന്ന ഒഴിവുകളിലെ നിയമനങ്ങൾ താത്കാലികമായി അംഗീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിൽ ദിവസ വേതനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തേണ്ടത്.

ഈ സാഹചര്യം പരിഗണിച്ച് ഇത്തരം നിയമനങ്ങൾക്ക് ഭിന്നശേഷി സംവരണം ബാധകമാക്കേണ്ടതില്ല. എന്നാൽ, ഇത്തരം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടുമ്പോൾ സംവരണം നടപ്പിലാക്കണമെന്നും സർക്കാർ നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ അംഗീകാരം നൽകാൻ എന്തൊക്കെ ചെയ്യാൻ ആകുമെന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Also read : എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം: മാർഗ നിർദേശങ്ങളുമായി സർക്കാർ

ഹയർസെക്കൻഡറിയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നോമിനിയെ നിർദേശിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ നടപടി കൈക്കൊള്ളുമെന്നും മന്ത്രി ഇന്ന് വിളിച്ച യോഗത്തിൽ വ്യക്തമാക്കി. ചലഞ്ച് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും മാനേജ്മെന്‍റുകളുടെ നിവേദനവും മന്ത്രി സ്വീകരിച്ചു.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

നിയമസഭയിലും ചർച്ച വിഷയമായി ഭിന്നശേഷി സംവരണം : ഭിന്നശേഷി അധ്യാപകരുടെ സംവരണ നിയമനം വൈകിയതിൽ നിയമസഭയിലും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, നിയമനം വൈകിയതിൽ സർക്കാർ കുറ്റക്കാരല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാദം. 2021-22 അധ്യയന വർഷങ്ങളിൽ കൊവിഡ് മഹാമാരിയെ തുടർന്ന് സ്‌കൂളുകൾ തുറക്കാത്തതിനാലാണ് പുതിയ നിയമനങ്ങൾ നടക്കാതിരുന്നത്. 2021 മുതലുള്ള ഒഴിവുകളിൽ നിയമനം നടത്താനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ തുടർന്നുണ്ടായ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. പന്നീട് കോടതി ഉത്തരവ് പ്രകാരം എയ്‌ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.