ETV Bharat / state

എഐ കാമറയുടെ 'കണ്ണെത്തുന്നില്ല', ഡ്രോൺ എഐ കാമറ വാങ്ങാൻ ശുപാർശയുമായി മോട്ടോർവാഹനവകുപ്പ്, സർക്കാരിന്‍റെ പരിഗണനയില്‍

author img

By

Published : Aug 14, 2023, 12:41 PM IST

മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശയിൽ മറ്റ് സാങ്കേതിക വശങ്ങളും കൂടി പരിഗണിച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക. അതേസമയം എഐ കാമറകൾ വന്നതോടെ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല കേരളത്തിൽ എഐ കാമറകൾ സ്ഥാപിച്ച അതേ മാതൃകയിൽ തമിഴ്‌നാട്ടിലും എഐ കാമറകൾ സ്‌ഥാപിക്കാൻ തയാറെടുക്കുകയാണ്

drone camera  AI camera  motor vehicle department  Kerala  kerala police  എഐ ക്യാമറ  ഡ്രോൺ എ ഐ ക്യാമറകൾ  മോട്ടോർ വാഹന വകുപ്പ്‌  മുഖ്യമന്ത്രി  റോഡപകടം  കേരളം
after-ai-camera-motor-vehicle-department-planning-for-drone-camer

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചതിനു പിന്നാലെ ഡ്രോൺ എഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇതിനുള്ള ശുപാർശ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത്, സർക്കാരിന് കൈമാറി. ഓരോ ജില്ലകളിലും 10 ഡ്രോൺ എഐ കാമറകൾ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. 400 കോടി രൂപയുടെ ആകെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

കാമറ കണ്ണെത്തുന്നില്ല: എഐ കാമറകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഇപ്പോഴും നിയമലംഘനം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഡ്രോൺ എഐ കാമറകൾ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് വിലയിരുത്തുന്നത്. എന്നാല്‍ മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശയിൽ മറ്റ് സാങ്കേതിക വശങ്ങളും കൂടി പരിഗണിച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക.

അതേസമയം എഐ കാമറകൾ വന്നതോടെ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല കേരളത്തിൽ എഐ കാമറകൾ സ്ഥാപിച്ച അതേ മാതൃകയിൽ തമിഴ്‌നാട്ടിലും എഐ കാമറകൾ സ്‌ഥാപിക്കാൻ തയാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്‌ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗതാഗത മന്ത്രി ആന്റണി രാജുവുമായും കെൽട്രോണിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

വിവാദ കാമറ: 232 കോടി രൂപ ചെലവിലാണ് സംസ്ഥാനത്ത് 726 എഐ കാമറകൾ സ്ഥാപിച്ചത്. പദ്ധതി ചെലവിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. പദ്ധതിയിലെ കരാറിലും ഉപകരാറിലുമാണ് പ്രധാനമായും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരായി ആയിരുന്നു ആരോപണങ്ങൾ ഉയർന്നത്‌.

കാമറ കൊണ്ടുവന്ന ആശ്വാസം: എഐ കാമറ സ്‌ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നെങ്കിൽ ഈ വർഷം 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ 3316 വാഹനാപകടങ്ങളാണ് ഉണ്ടായതെങ്കിൽ ഈ വർഷം ജൂലൈയിൽ ഇത് 1201 ആയി കുറഞ്ഞു.

ഈ വർഷം ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 3242277 നിയമ ലംഘനങ്ങളാണ് എഐ കാമറ വഴി കണ്ടെത്തിയത്. ഇതിൽ 1583367 എണ്ണമാണ് പ്രൊസസ് ചെയ്‌തത്. 589394 എണ്ണമാണ് ഐടിഎംഎസിലേക്ക് കൈമാറിയത്. 382580 ഇ ചെലാനുകളാണ് ഇതുവരെ ജനറേറ്റ് ചെയ്‌തത്‌. തപാൽ വഴി 323604 ചെല്ലാനുകളാണ് ഇതുവരെ അയച്ചത്‌. ഈ ചെല്ലാൻ ജനറേറ്റ് ചെയ്‌തത് വഴി പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക 25.81 കോടി രൂപയാണ്. 3.37 കോടി രൂപയാണ് ഇതുവരെ പിഴ തുകയായി ലഭിച്ചത്.

ജില്ല തലത്തിൽ മോണിറ്ററിങ്‌ കമ്മിറ്റി രൂപികരിച്ചാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം. ഗതാഗത കമ്മീഷണർക്കാണ് ചുമതല. നിയമ ലംഘനങ്ങൾ ക്യത്യമായി പ്രോസസ്‌ ചെയ്യാൻ കെൽട്രോൺ കൂടുതൽ നിയമനം നടത്തിയിരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളുടെ വിവരങ്ങളും ഡാറ്റ ബേസിൽ ഉൾപ്പെടുത്തിയിരുന്നു.

ALSO READ : Al Camera| 'തങ്ങള്‍ നിര്‍ദേശിച്ച കാമറയല്ല വാങ്ങിയത്': ഹൈക്കോടതിയില്‍ വിശദീകരണവുമായി ലൈറ്റ് മാസ്റ്റർ കമ്പനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.