ETV Bharat / state

ETV Bharat Exclusive | ഈ ഓണക്കാലത്ത് സർക്കാരിന് ബമ്പർ ; അപ്രതീക്ഷിതമായി ബെവ്‌കോ ഖജനാവിലെത്തിച്ചത് 1000 കോടി

author img

By

Published : Aug 17, 2023, 7:23 PM IST

ബെവ്‌കോ  ബിവറേജൻ കോർപ്പറേഷൻ  ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്  സർക്കാർ ഖജനാവ്  ബെവ്‌കോ ഖജനാവിലെത്തിച്ചത് 1000 കോടി  1000 കോടി ബെവ്‌കോ ഖജനാവിലേക്ക്  A windfall gain of 1000 cr to exchequer by bevco  bevco  gain of 1000 cr to exchequer by bevco  എഡിജിപി യോഗേഷ് ഗുപ്‌ത  ADGP Yogesh Gupta  ETV Bharat Exclusive
ബെവ്‌കോ ഖജനാവിലെത്തിച്ചത് 1000 കോടി

കണക്കുകളിലെ കൃത്രിമം ആരോപിച്ച് 2019 ൽ ആദായ നികുതി വകുപ്പ് ബെവ്കോയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ട് പിടിച്ചെടുത്ത 900 കോടി രൂപയാണ് 4 വർഷത്തിന് ശേഷം പലിശയും ചേർത്ത് 1000 കോടി രൂപയായി ഇപ്പോൾ തിരികെ നൽകിയിരിക്കുന്നത്

തിരുവനന്തപുരം : ഓണക്കാലത്തെ കുതിച്ചുയരുന്ന നിത്യനിദാന ചെലവുകൾക്ക് വക കണ്ടെത്താൻ നട്ടം തിരിയുന്ന സംസ്ഥാന സർക്കാരിന് ആശ്വാസമേകി ബെവ്റേ‌ജസ് കോർപറേഷൻ. അപ്രതീക്ഷിതമായി 1000 കോടി രൂപയാണ് ബെവ്കോ സർക്കാർ ഖജനാവിലെത്തിച്ചത്. മദ്യ വിൽപ്പനയിലോ വിലയിലോ ഒരു കുതിച്ച് കയറ്റവും ഇല്ലാതിരുന്നിട്ട് കൂടിയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ബെവ്റേ‌ജസ് കോർപറേഷന്‍റെ ഈ മാജിക്ക്.

കണക്കുകളിലെ കൃത്രിമം ആരോപിച്ച് 2019 ൽ ആദായ നികുതി വകുപ്പ് ബെവ്കോയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ട് (അറ്റാച്ച്) പിടിച്ചെടുത്ത 900 കോടി രൂപയാണ് 4 വർഷത്തിന് ശേഷം പലിശയും ചേർത്ത് 1000 കോടി രൂപയായി ഇപ്പോൾ തിരിച്ചെത്തിച്ചിരിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തി എംഡിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്‌ത നടത്തിയ നിരന്തര പരിശ്രമത്തിലൂടെയാണ് പണം പലിശ സഹിതം സർക്കാർ ഖജനാവിലെത്താൻ വഴിയൊരുങ്ങിയത്.

ഓണക്കാലത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം, ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകുന്നതിന് പണത്തിനായി നെട്ടോട്ടമോടുന്ന സർക്കാരിന് ഈ അപ്രതീക്ഷിത ലോട്ടറി നൽകുന്ന ആശ്വാസം ചെറുതല്ല. 2015-16 മുതൽ 2018-19 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ബെവ്റേ‌ജസ് കോർപറേഷൻ സമർപ്പിച്ച ആദായ നികുതി കണക്കുകൾ ക്രമപ്രകാരമുള്ളതല്ലെന്നും, ചട്ട പ്രകാരമല്ലെന്നും, വസ്‌തുതാപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് 2019 ൽ ആദായ നികുതി വകുപ്പ് ബെവ്റേ‌ജസ് കോർപറേഷന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്‌തത്.

ഇതോടെ കോർപറേഷന്‍റെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ പൂർണമായും മുടങ്ങി. മദ്യ ഇടപാടുകൾ പോലും മുടങ്ങുന്ന ഗുരുതര സാഹചര്യത്തിൽ കോർപറേഷൻ എത്തി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട് ഇടപാടുകൾ മുടങ്ങിയ സാഹചര്യത്തിൽ ദൈനംദിന വ്യാപാരവുമായി മുന്നോട്ടുപോകാൻ ബെവ്‌കോയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് തന്നെ കോർപറേഷൻ ആദായ നികുതി വകുപ്പിനെ സമീപിച്ചു.

900 കോടി അടച്ചാൽ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കാം എന്ന ആദായ നികുതി വകുപ്പിന്‍റെ മറുപടിയെ തുടർന്ന് ഇത്രയും തുക ഒരുമിച്ച് ഇൻകം ടാക്‌സ് വകുപ്പിൽ (ഐടി വകുപ്പ്) ബെവ്കോ കെട്ടിവച്ചു. ഇതിന് ശേഷമാണ് ഇൻകം ടാക്‌സ് വകുപ്പ് ബെവ്‌കോയുടെ ബാങ്ക് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിച്ചത്.

എന്നാൽ ഇത്രയധികം തുക ഒന്നിച്ച് ഇൻകം ടാക്‌സ് വകുപ്പിന് അടച്ചത് ബെവ്കോയുടെ നടുവൊടിച്ചു. ഇതോടെ എക്സൈസ് ഡ്യൂട്ടി, ശമ്പളം ഉൾപ്പടെയുള്ള ചെലവുകൾക്ക് പണം കണ്ടെത്താനാകാതെ ബെവ്കോ പ്രതിസന്ധിയിലായി. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം തിരികെ എത്തിക്കാനാകട്ടെ ബെവ്കോയുടെ ഭാഗത്ത് നിന്ന് തുടർ നടപടികളും ഉണ്ടായില്ല.

ചെലവുകൾ വരുമാനമായി കണക്കാക്കി ഇൻകം ടാക്‌സ് : 2015-16, 2016-17, 2017-18, 2018-19 സാമ്പത്തിക വർഷങ്ങളിൽ ബെവ്കോ സമർപ്പിച്ച കണക്കുകളിലെ ചെലവുകൾ അംഗീകരിക്കാതെ വരുമാനമായി ഇൻകം ടാക്‌സ് കണക്കാക്കി. അതിന് 900 കോടി രൂപ നികുതി കണക്കാക്കുകയും കുടിശ്ശിക വരുത്തിയതിന് ബെവ്റേ‌ജസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയുമായിരുന്നു.

ബെവ്കോ ചില്ലറ വിൽപ്പന ശാലകൾ പ്രവർത്തിപ്പിക്കുന്നതിന് എക്സൈസ് വകുപ്പിലടയ്ക്കുന്ന വാർഷിക ഫീസായ കിസ്‌ത്, വിറ്റുവരവ് നികുതി, 2018ലെ പ്രളയ പുനർനിർമ്മാണത്തിന് ഏർപ്പെടുത്തിയ പ്രളയ സെസ് എന്നിവ ചെലവാണെന്ന ബെവ്റേ‌ജസിൻ്റെ അവകാശവാദം ഇൻകം ടാക്‌സ് അംഗീകരിച്ചില്ല.

ഇത് ചെലവിനത്തിൽ ഉൾപ്പെടുത്താനാകില്ലെന്നും സർക്കാർ സ്ഥാപനമായ ബെവ്കോയും സർക്കാരും തമ്മിലുള്ള കണക്ക് സംബന്ധമായ നീക്കുപോക്കായതിനാൽ ഇതും വരുമാനമാണെന്നും അതിന് നികുതി വേണമെന്നും ഇൻകം ടാക്‌സ് ഉറച്ചുനിന്നതോടെ ബെവ്കോയ്ക്കുമുന്നിൽ വഴികളടഞ്ഞു.

പണമെത്തിയത് യോഗേഷ് ഗുപ്‌തയുടെ പ്രയത്‌നത്തിൽ : 2020 - 21 ൽ കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തി ബെവ്‌കോ എംഡിയായി എഡിജിപി യോഗേഷ് ഗുപ്‌ത ചുമതലയേറ്റതോടെയാണ് പ്രശ്‌നത്തിൻ്റെ കുരുക്കഴിക്കാനുള്ള വഴി തുറന്നത്. നഷ്‌ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ മേധാവിയെന്ന നിലയിലുള്ള അനുഭവ സമ്പത്തും ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന നിലയിലുള്ള തൻ്റെ പ്രൊഫഷണൽ മികവും ഉപയോഗിച്ച് അദ്ദേഹം പണം തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങി.

2015-16 മുതലുള്ള കണക്കുകൾ ശാസ്ത്രീയമായി വീണ്ടും ചിട്ടപ്പെടുത്തി. ഇൻകം ടാക്‌സിൻ്റെ ഭാഗത്തുനിന്നുള്ള സ്വാഭാവിക നീതി നിഷേധം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിച്ചു. ഈ ഹർജിയിൽ വാദം കേട്ട സുപ്രീം കോടതി ബെവ്കോ ഉന്നയിക്കുന്ന പരാതിയിൻ മേൽ അവരെ കേൾക്കാൻ ഇൻകം ടാക്‌സ് തയ്യാറാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇത് ബെവ്കോയ്ക്ക് പിടിവള്ളിയായി.

ഇതോടെ ശാസ്ത്രീയമായി തയ്യാറാക്കിയ പുതിയ കണക്കുകളുമായി എംഡി യോഗേഷ് ഗുപ്‌ത ഇൻകം ടാക്‌സിനെ സമീപിച്ച് അനുകൂല നടപടി നേടിയെടുക്കുകയായിരുന്നു. ഇത്രയും കാലം അന്യായമായി പിടിച്ചുവച്ച പണത്തിന് ആവശ്യപ്പെട്ട പലിശ കൂടി നൽകാൻ ഇൻകം ടാക്‌സ് തയ്യാറാവുകയും 1000 കോടിയായി മടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഈ പണം 3 ഗഡുക്കളായി നൽകാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. ആദ്യ ഗഡുവായി 334 കോടി രൂപയും രണ്ടാം ഗഡുവായി 400 കോടി രൂപയും എത്തിക്കഴിഞ്ഞു. ബാക്കി 266 കോടി രൂപ ഉടൻ സർക്കാർ ഖജനാവിൽ എത്തും.

നഷ്‌ടത്തിൽ നിന്ന് ലാഭത്തിലേക്ക് : 2019 മുതൽ നഷ്‌ടത്തിലായിരുന്ന കോർപറേഷനെ ലാഭത്തിലേക്ക് നയിച്ച സ്ഥാപന മേധാവി എന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ് എംഡി യോഗേഷ് ഗുപ്‌ത. 2019-20 സാമ്പത്തിക വർഷത്തിലാണ് ഒരിടക്കാലത്തിന് ശേഷം ബെവ്കോ നഷ്‌ടത്തിലേക്ക് നീങ്ങിയത്. ആ സാമ്പത്തിക വർഷത്തിൽ 25 കോടിയായിരുന്നു നഷ്‌ടം.

തൊട്ടടുത്ത 2020-21 വർഷത്തിൽ നഷ്‌ടം കുതിച്ചുയർന്ന് 248 കോടിയായി. ഈ കാലഘട്ടത്തിലാണ് യോഗേഷ് ഗുപ്‌ത എംഡിയായി ചുമതലയേൽക്കുന്നത്. അതിന് ശേഷമുള്ള ആദ്യ സാമ്പത്തിക വർഷമായ 2021-22 ൽ 248 കോടി രൂപ നഷ്‌ടം പേറുന്ന സ്ഥാപനം എന്ന പേരുദോഷം മാറ്റി 6 കോടി രൂപ ലാഭത്തിലെത്തിച്ചു.

2022-23 ൽ അത് 46 കോടിയിലേക്കുയർത്തി. ഈ സാമ്പത്തിക വർഷം ജൂൺ വരെ കോർപറേഷൻ്റെ ലാഭം 20 കോടി രൂപയാണ്. 2024 മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ലാഭം 1000 കോടിയാക്കുകയാണ് കോർപറേഷൻ്റെ ലക്ഷ്യം. മദ്യ വിൽപ്പനയിലൂടെ സർക്കാരിന് നൽകുന്ന നികുതിയിലും ഈ സാമ്പത്തിക വർഷം 1000 കോടി അധികം നൽകാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ സർക്കാരിന് നൽകിയ നികുതി വരുമാനത്തേക്കാൾ 341 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിൽ ബെവ്റേ‌ജസ് ഖജനാവിലെത്തിച്ചത്. സംസ്ഥാന സർക്കാർ ഖജനാവിന് നൽകുന്ന ഉത്തേജനത്തിനൊപ്പം ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം കൂടി ഏർപ്പെടുത്തിയിരിക്കുകയാണ് ബെവ്കോ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.