ETV Bharat / state

വനിത കണ്ടക്ടറുടെ വിദ്യാര്‍ഥിയോടുള്ള ക്രൂരത: നടപടിക്കൊരുങ്ങി കെഎസ്ആര്‍ടിസി

author img

By

Published : Mar 22, 2023, 10:16 AM IST

കീറിയ നോട്ട് നല്‍കിയെന്നതിന്‍റെ പേരില്‍ എട്ടാം ക്ലാസുകാരനെ പൊരിവെയിലത്ത് ഇറക്കി വിട്ടു. ആക്കുളം സ്കൂളിലെ വിദ്യാര്‍ഥിക്കാണ് ദുരനുഭമുണ്ടായത്

കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിദ്യാര്‍ഥിയെ ബസില്‍ നിന്നും ഇറക്കി വിട്ട വനിത കണ്ടക്ടര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി കെഎസ്ആര്‍ടിസി. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരനെയാണ് വനിത കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കി വിട്ടത്. കീറിയ നോട്ട് നല്‍കി എന്നതിന്‍റെ പേരിലായിരുന്നു ക്രൂരകൃത്യം.

സംഭവത്തിൽ വനിത കണ്ടക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്നും ഇന്നലെ തന്നെ കുട്ടിയുടെ പാറ്റൂരിലെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതായും വിജിലൻസ് വിഭാഗം അറിയിച്ചു.

20 രൂപ നോട്ടിന്‍റെ പേരില്‍ ക്രൂരത:- ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്കുളം എം.ജി.എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് ദുരനുഭവം ഉണ്ടായത്. പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് കുട്ടി സിറ്റി ഷട്ടിൽ ബസിൽ കയറിയത്. ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ട് കീറി എന്ന കാരണത്താലാണ് വനിതാ കണ്ടക്ടർ വേൾഡ് മാർക്കറ്റ് സ്റ്റോപ്പിന് സമീപം കുട്ടിയെ ഇറക്കി വിട്ടത്. തന്‍റെ കൈയില്‍ വേറെ നോട്ട് ഇല്ലെന്നു പറഞ്ഞിട്ടും കണ്ടക്ടർ പിന്തിരിഞ്ഞില്ലെന്നും കുട്ടി പറയുന്നു. പൊരിവെയിലത്ത് കുറെ നേരം കാത്തുനിന്ന കുട്ടിയെ ബൈക്കിലെത്തിയ ആളാണ് ചക്കയിൽ എത്തിച്ചത്.

പരാതി നല്‍കിയിട്ടില്ലെന്ന് പിതാവ്:- അവിടെനിന്ന് രണ്ട് കിലോമീറ്ററിലേറെ നടന്നാണ് ഹരിശങ്കർ പാറ്റൂരിലെ വീട്ടിലെത്തിയത്. തന്‍റെ മകനുണ്ടായ ദുരനുഭവം മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ഇത് ഉറപ്പാക്കാൻ ഗതാഗത വകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം ഗഡുക്കളായി നല്‍കുന്നതിനെതിരെ വിമര്‍ശനം:- കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ കടുത്ത അതൃപ്തിയിലാണ് ഭരണപക്ഷ സംഘടനായ സിഐടിയു അടക്കമുള്ള സംഘടനകൾ. ഗതാഗത മന്ത്രി ആന്റണി രാജുവുമായി പലതവണ ചർച്ച നടത്തിയെങ്കിലും വിഷയത്തിൽ ഇതുവരെ സമവായമായിട്ടില്ല.

ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ വേണ്ടിവന്നാൽ സിഐടിയുവുമായി സംയുക്തമായി സമരം നടത്താനും തയ്യാറാണെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫും ബിജെപി അനുകൂല സംഘടനയായ ബിഎംഎസും. അതേസമയം കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഗഡുക്കളായി നൽകി പൂർത്തീകരിച്ചു. ആദ്യ ഗഡു കൃത്യം 5ന് തന്നെ നൽകി.

More Read:- ശമ്പളത്തിന് ടാര്‍ഗറ്റ്; നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എംഡി

ഇന്നലെയാണ് രണ്ടാം ഗഡു വിതരണം ചെയ്തത്. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയും ഡീസലിനായി മാറ്റിവെച്ച 10 കോടി രൂപയും ചേർത്താണ് രണ്ടാം ഗഡു വിതരണം പൂർത്തിയാക്കിയത്. അതേസമയം കെഎസ്ആർടിസിയിൽ ജോയിന്റ് മാനേജിങ് ഡയറക്ടറായി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മfഷണർ പ്രമോജ് ശങ്കർ ചുമതലയേറ്റു. മാർച്ച് 13 നാണ് അധിക തസ്തിക സൃഷ്ടിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.