ETV Bharat / state

'ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുക ലക്ഷ്യം' ; മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് വീണ ജോര്‍ജ്

author img

By

Published : Nov 11, 2022, 8:23 PM IST

Updated : Nov 11, 2022, 11:03 PM IST

ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുന്നതിനായി വകുപ്പിന്‍റെ നേതൃത്വത്തിലൊരുക്കിയ മുന്നൊരുക്കങ്ങള്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി മന്ത്രി വീണ ജോര്‍ജ്

Veena George  Sabarimala  Sabarimala Pilgrimage  precautionary measures by health department  health department  Health Minister  ശബരിമല  ശബരിമല തീര്‍ഥാടനം  തീര്‍ഥാടനം  മന്ത്രി  വീണാ ജോര്‍ജ്  ആരോഗ്യവകുപ്പ്  അവലോകന യോഗത്തില്‍  പത്തനംതിട്ട  മകരവിളക്ക്  കണ്‍ട്രോള്‍ റൂം
ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുക ലക്ഷ്യം; മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കലക്‌ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി.

ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഈമാസം 14നും 15നുമായി ഇവര്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ജീവനക്കാരെ കൂടുതലായി ഇത്തവണ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് വീണ ജോര്‍ജ്
സഹായം അഞ്ചുമിനിട്ടിനുള്ളില്‍ : കൊവിഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ കൃത്യമായ പരിചരണം നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിട്ടിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി വേണ്ട ശുശ്രൂഷ നല്‍കും.

ഇതുകൂടാതെ ആയുഷിന്‍റെ ആഭിമുഖ്യത്തില്‍ തെറാപ്പിസ്‌റ്റുകളെ നിയോഗിച്ചിട്ടുണ്ടെന്നും പേശീ വേദന അനുഭവപ്പെടുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ശബരിമലയിലെ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളുടെയും ചികിത്സ തേടുന്നവരുടെയും വിവരങ്ങള്‍ തത്സമയം ഡയറക്‌ടറേറ്റിലേക്കും വകുപ്പിലേക്കും ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'പ്രത്യേക ആംബുലന്‍സ്' റെഡി: അഡ്വാന്‍സ്‌ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും മിനി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ ദുര്‍ഘട പാതയില്‍ ഉപയോഗിക്കാവുന്ന ഒരു ആംബുലന്‍സ്, 108 സര്‍വീസിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചുവെന്നും നിലവില്‍ വനം വകുപ്പിനും ദേവസ്വം ബോര്‍ഡിനുമാണ് ഇത്തരത്തിലുള്ള വാഹനം സേവനത്തിനായുള്ളതെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

എല്ലാവര്‍ക്കും പരിശീലനം: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. ഓരോ 15 ദിവസം കൂടുമ്പോഴും പുതിയ ജീവനക്കാര്‍ എത്തുന്ന മുറയ്ക്ക് പരിശീലനം നല്‍കും. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്‍കുമെന്നറിയിച്ച മന്ത്രി ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

'ശബരിമല വാര്‍ഡുകള്‍' തുറക്കും: സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും തീര്‍ഥാടനപാതയിലുമുള്ള സൗകര്യങ്ങള്‍ കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പടെ പ്രത്യേക ശബരിമല വാര്‍ഡുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്കായുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വാര്‍ഡ് ഈ മാസം 15ന് തുറന്ന് കൊടുക്കുമെന്നും കോന്നി മെഡിക്കല്‍ കോളജിലും പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

ചികിത്സാരേഖകള്‍ കരുതണം: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ ഉള്‍പ്പടെ എല്ലാവരും നിലവില്‍ എന്തെങ്കിലും ചികിത്സ നടത്തുകയോ, മരുന്ന് ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്‍റെ മെഡിക്കല്‍ രേഖകള്‍ കൈവശം കരുതണം. അടിയന്തരഘട്ടത്തില്‍ ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഇത് സഹായകമാകും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്നും തീര്‍ഥാടകരെ വഹിച്ചുകൊണ്ട് പോകുന്ന ഡോളി ജീവനക്കാരും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതിന് സ്‌പെഷല്‍ ഓഫിസറായി ഡോ. പ്രശോഭിനെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ഹലോ 'കണ്‍ട്രോള്‍ റൂം': പമ്പയിലെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴി ആവശ്യമായ സേവനങ്ങള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുവാനും വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആയുഷിന്‍റെ ഹെല്‍പ്പ് ഡെസ്‌ക് പമ്പയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിന്‍റെ ക്രമീകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കും.

ജില്ലയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ച മന്ത്രി, സുരക്ഷിതവും ആരോഗ്യം ഉറപ്പാക്കുന്നതും പരാതികള്‍ ഇല്ലാത്തതുമായ തീര്‍ഥാടനകാലമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പറഞ്ഞു. ഇതിനായി എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിന് തുടര്‍ച്ചയായ പരിശോധനകളും നിരീക്ഷണവും ഉണ്ടാകുമെന്നും വ്യക്തമാക്കി.

ഹൃദ്രോഗവിദഗ്‌ധരുടെ സേവനം : കാര്‍ഡിയോളജി വിദഗ്‌ധരുടെ സേവനം നീലിമലയിലും അപ്പാച്ചിമേട്ടിലുമുണ്ടാകും. കാനന പാതയില്‍ മദ്യത്തിന്‍റെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദേശം നല്‍കുമെന്നും സേവനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റ് തയാറെടുപ്പുകള്‍ : പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികള്‍ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സജ്ജമാക്കി. നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്‍ററുകളും പ്രവര്‍ത്തിക്കും. ഈ മാസം എട്ടുമുതല്‍ തന്നെ ആയുഷിന്‍റെ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ആയുഷ് വകുപ്പ് ഈ മണ്ഡലകാലത്ത് ഒരുക്കുന്ന വിപുലമായ സേവനങ്ങളെക്കുറിച്ച് വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കും. ആറ് തെറാപ്പിസ്‌റ്റുകള്‍, രണ്ട് ഡോക്‌ടര്‍മാര്‍, മൂന്ന് ശുചീകരണ പ്രവര്‍ത്തകര്‍, രണ്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, കൂടാതെ ആയുഷ് വകുപ്പിനെ പറ്റി തീര്‍ഥാടകര്‍ക്ക് വിവരം നല്‍കാന്‍ രണ്ട് പിആര്‍ഒമാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. ഹോമിയോ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പമ്പയിലെയും സന്നിധാനത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ പ്രഥമ ശുശ്രൂഷ കിറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എരുമേലിയില്‍ നിന്നുള്ള കാനന പാതയില്‍ വനം വകുപ്പിന്‍റെ സഹകരണത്തോടെ മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുമെന്നും കരിമലയില്‍ ജനുവരി ഒന്നുമുതല്‍ 14 വരെ മകരവിളക്കിനോട് അനുബന്ധിച്ച് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ആയുഷ് സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ഡോ.ഡി.സജിത്ത് ബാബു, ഡയറക്‌ടര്‍ ഹെല്‍ത്ത് സര്‍വീസ് ഡോ.വി.മീനാക്ഷി, ഹോമിയോപ്പതി ഡയറക്‌ടര്‍ ഡോ.എം.എന്‍ വിജയാംബിക, ഐഎസ്എം ഡയറക്ടര്‍ ഡോ.കെ.എസ് പ്രിയ, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ.ഡി ബിജു കുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍(ഐഎസ്എം) ഡോ.പി.എസ് ശ്രീകുമാര്‍, എന്‍എച്ച്എം ഡിപിഎം ഡോ.എസ് ശ്രീകുമാര്‍ എന്നിവരെ കൂടാതെ ആരോഗ്യ, ആയുഷ് വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

Last Updated : Nov 11, 2022, 11:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.