പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവര് നട തുറന്നപ്പോള്‍ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി ശബരീശന്‍റെ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും, മാളികപ്പുറം തിരുനടയുടെ താക്കോലും ഏറ്റുവാങ്ങി ഗണപതിയേയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു.
മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതോടെ ഭക്തരെ പതിനെട്ടാം പടിയിലൂടെ കടത്തിവിട്ടു. നിലക്കലില്‍ നിന്നും രാലിലെ 10 മണി മുതലാണ് വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടത്. 12 മണിയോടെ അയ്യപ്പന്‍മാര്‍ കാനന പാതയിലൂടെ സന്നിധാനത്തേക്ക് യാത്ര തുടങ്ങി.
ഉച്ച മുതല്‍ സന്നിധാനവും പരിസരവും തീര്‍ഥാടകരുടെ ശരണം വിളികളാല്‍ മുഖരിതമായി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ നട തുന്നപ്പോള്‍ ശരണം വിളികള്‍ ഉച്ഛസ്ഥായിലെത്തി. ഹൃദയത്തില്‍ അലതല്ലിയ ഭക്തിയുമായി ഒടുവില്‍ പതിനെട്ടാം പടി കയറി ദര്‍ശന സായൂജ്യം.
നട തുറക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എച്ച് കൃഷ്‌ണകുമാര്‍, അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എം രവികുമാര്‍, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ പി എസ് ശാന്തകുമാര്‍ എന്നിവരുമുണ്ടായിരുന്നു. മകരവിളക്ക് തീര്‍ഥാടന കാലത്തെ പൂജകള്‍ 31ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നിര്‍മാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്.