പത്തനംതിട്ട : റാന്നിയിൽ അമ്മയും ഒന്നര വയസുള്ള മകളും പൊള്ളലേറ്റ് മരിച്ചനിലയില്‍. വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചതായാണ് നിഗമനം. ഐത്തല മങ്കുഴി ചുവന്ന പ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ(21), മകള്‍ ഒന്നര വയസുള്ള അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്.
ആങ്ങമൂഴി കൊച്ചുപറമ്പിൽ കുടുംബാംഗമാണ് റിന്‍സ. യുവതിയുടെ ഭർത്താവ് സജി ചെറിയാൻ വിദേശത്താണ്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
ബന്ധുവീടിന് സമീപമുള്ള വീട്ടിൽ യുവതിയും കുഞ്ഞും മാത്രമായിരുന്നു താമസം. തിങ്കളാഴ്ച പകല്‍ ഇരുവരെയും വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലും റിൻസയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. വീടിനുള്ളിൽ തീ പടർന്ന പാടുകളുണ്ട്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
Also Read: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് എട്ട് വർഷം കഠിനതടവ്
റിൻസയുടെ പിതാവും നേരത്തെ ഇത്തരത്തിൽ ആത്മഹത്യ ചെയ്തതാണെന്ന് പറയുന്നു. റാന്നി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ വിശദമായ അന്വേഷണം നടത്തിയാലേ സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.