ETV Bharat / state

പത്തനംതിട്ടയില്‍ ഭക്ഷ്യവിഷബാധ ; ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ച 16 പേര്‍ ചികിത്സ തേടി

author img

By ETV Bharat Kerala Team

Published : Nov 9, 2023, 5:57 PM IST

തിങ്കളാഴ്ച ബേക്കറിയില്‍ നിന്ന് ബർഗർ ഉൾപ്പടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. പതിനാറുപേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്

Etv Bharat
Etv Bharat

പത്തനംതിട്ട : ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്ന ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ച പതിനാറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് മെഴുവേലി ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ബേക്കറി താത്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശവും നല്‍കി.

തിങ്കളാഴ്ച ബേക്കറിയില്‍ നിന്ന് ബർഗർ ഉൾപ്പടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. പതിനാറുപേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവില്‍ അഞ്ചുപേരാണ് ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. രണ്ടുപേര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ പന്തളത്തെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാഫലം വന്ന ശേഷമേ തുടർ നടപടികൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

READ MORE; Youth Suspected Of Food Poisoning Died: ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയെന്ന് സംശയം, കൊച്ചിയിൽ മരിച്ച യുവാവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്

ബർഗർ ഉൾപ്പടെ വിഭവങ്ങൾ പുറത്തുനിന്നും വാങ്ങുന്നതാണെന്നും തങ്ങൾക്ക് സ്വന്തമായി ബോർമ ഇല്ലെന്നുമാണ് ബേക്കറി നടത്തിപ്പുകാർ നൽകുന്ന വിശദീകരണം. ചെങ്ങന്നൂർ മുളക്കുഴയിൽ ഉള്ള ഒരു സ്ഥാപനമാണ് ഭക്ഷണ വിഭവങ്ങൾ നാകുന്നതെന്നും ഇവർ പറയുന്നു. തിങ്കളാഴ്ച പലസമയങ്ങളിലായി പാഴ്‌സലായി ഉൾപ്പടെ ഇവിടെ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവിടെ നിന്നും കഴിച്ചതില്‍ നിന്നാണോ ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്നതുൾപ്പടെ പരിശോധനാഫലം കിട്ടിയാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.