ETV Bharat / state

പത്തനംതിട്ടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടം

author img

By

Published : Jan 20, 2023, 6:51 AM IST

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനിയുടെ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമായ എച്ച് 5 എന്‍ 1 വൈറസ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചതുള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടര്‍ ഉത്തരവിറക്കി

Bird Flu  Bird Flu Spotted in Pathanamthitta  instruction by District authority  Bird Flu variant H5 N1  H5 N1 Spotted in Pathanamthitta  Nedumbram Panchayath  പക്ഷിപ്പനി  പത്തനംതിട്ടയില്‍ പക്ഷിപ്പനി  കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടം  നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി  എച്ച് 5 എന്‍ 1 വൈറസ്  രോഗബാധിത പ്രദേശം  കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടര്‍  ജില്ലാ കലക്‌ടര്‍  കലക്‌ടര്‍  കോഴി  പക്ഷി  ദയാവധം  ദ്രുതകര്‍മ്മ സേന
പത്തനംതിട്ടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടം

പത്തനംതിട്ട: നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ രോഗബാധിത പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി ഉത്‌പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന എല്ലാ കടകളും വിപണികളും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടേണ്ടതാണെന്ന് ജില്ലാ കലക്‌ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വൈലന്‍സ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് കോഴികളെയും മറ്റ് പക്ഷികളെയും കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു.

കടുത്ത നിയന്ത്രണം: പ്രദേശത്തെ പക്ഷികളില്‍ എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അണുവിമുക്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത് വരെ കടകള്‍ തുറക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. പക്ഷികളെയോ കോഴി ഉത്‌പന്നങ്ങളോ വില്‍ക്കാനോ പുറത്തേക്ക് കൊണ്ടുപോകാനോ അനുവാദമില്ല. രോഗവ്യാപനം കണക്കിലെടുത്ത് പൊതുജനസഞ്ചാരം പരിമിതപ്പെടുത്തിയും സര്‍വൈലന്‍സ് സോണിലെ എഗ്ഗര്‍ നഴ്‌സറികളുടെ കാര്യത്തില്‍ ജീവനുള്ള കോഴികളുടെ വില്‍പന മൂന്ന് മാസത്തേക്ക് നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്.

വില്‍പനയാകാം, പക്ഷെ: അതേസമയം ലേയര്‍ ഫാമുകളില്‍ നിലവിലുള്ള മുട്ടക്കോഴികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മുട്ട അതത് പ്രദേശത്ത് മാത്രം വില്‍പ്പന നടത്താം. സ്‌പെന്‍റ് ചിക്കന്‍ സംസ്‌കരിച്ച് മാത്രമേ വില്‍പന നടത്താന്‍ പാടുള്ളു. ബ്രോയിലര്‍ ഫാമുകളുടെ കാര്യത്തില്‍ നിലവില്‍ ഇറച്ചിക്കോഴികളുണ്ടെങ്കില്‍ അവയെ മാത്രം തുടര്‍ന്ന് വളര്‍ത്താമെന്നും ഫാമിനുള്ളില്‍ തന്നെ സംസ്‌കരിച്ച് വേണം വിപണനം നടത്താനെന്നും കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു.

ദയാവധം തന്നെ പ്രതിരോധം: മാത്രമല്ല സര്‍വൈലന്‍സ് സോണിനുള്ളില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല. എന്നാല്‍ സര്‍വൈലന്‍സ് സോണിലുള്ള ഫാമുകളില്‍ നിന്നും സംസ്‌കരിച്ച കോഴിയിറച്ചി, മുട്ട എന്നിവ മാത്രം 90 ദിവസത്തേക്ക് സര്‍വൈലന്‍സ് സോണിനുള്ളില്‍ വില്‍പ്പന നടത്താം. മാത്രമല്ല രോഗം സ്ഥിരീകരിച്ച കോഴികളെയും ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് വളര്‍ത്തുപക്ഷികളേയും അടിയന്തരമായി ദയാവധം ചെയ്യും.

ദ്രുതകര്‍മ്മ സേന തയ്യാര്‍: രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും പ്രത്യേകം രൂപീകരിക്കപ്പെടുന്ന ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ 20, 21, 22 തീയതികളിലായി ഭവനസന്ദര്‍ശനം നടത്തി ശാസ്‌ത്രീയമായി ദയാവധം നടത്തി സംസ്‌കരിക്കും. തിരുവല്ല തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, മൃഗസംരക്ഷണ ഓഫിസര്‍, ചീഫ് വെറ്ററിനറി ഓഫിസര്‍, വെറ്ററിനറി സര്‍ജന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പൊലീസ് മേധാവി, റേഞ്ച് ഫോറസ്‌റ്റ് ഓഫിസര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, ജില്ല ഫയര്‍ ആന്‍ഡ് റെസ്‌ക്യു എന്നിവരടങ്ങിയ ദ്രുതകര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ട്.

കൂടാതെ രോഗബാധിത പ്രദേശങ്ങളായ നെടുമ്പ്രം, പെരിങ്ങര എന്നിവിടങ്ങളിലായി 925 വളര്‍ത്തുപക്ഷികളാണ് ആകെയുള്ളത്. മൃഗസംരക്ഷണ വകുപ്പ് മുഖേന നഷ്‌ടപരിഹാരത്തുക കര്‍ഷകര്‍ക്ക് അനുവദിക്കാനും ജില്ല കലക്‌ടര്‍ ഉത്തരവായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.